റായ്പൂരിൽ മുറിച്ചുവച്ച തണ്ണിമത്തന് കഴിച്ച 15കാരന് മരിച്ചു: ഛര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെട്ട 4 കുട്ടികള്‍ ആശുപത്രിയില്‍

റായ്പുർ: അമ്മാവന്റെ വീട്ടിൽ മുറിച്ചുവച്ചിരുന്ന തണ്ണിമത്തൻ കഴിച്ച 15കാരൻ മരിച്ചു. കുട്ടിക്കൊപ്പം തണ്ണിമത്തൻ കഴിച്ച കുടുംബത്തിലെ നാലു കുട്ടികളെ ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജാഞ്ച്ഗിർ ചംപ ജില്ലയിലെ ഗുർകോട്ട് ഗ്രാമത്തിൽ നടന്ന സംഭവത്തിൽ ഛത്തീസ്ഗഡിലെ പൊടി ദൽഹ സ്വദേശി അഖിലേഷ് ധീവറാണ് മരിച്ചത്. 12, 13, നാല് വയസ്സുള്ള കുട്ടികളാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.
തണ്ണിമത്തൻ കഴിച്ച് കുറച്ചു സമയത്തിന് ശേഷം അഖിലേഷിന് ഛർദ്ദിയും വയറിളക്കവും ശ്വാസതടസ്സവും അനുഭവപ്പെടുകയായിരുന്നുവെന്നും മറ്റ് മൂന്നു കുട്ടികളും സമാന ലക്ഷണങ്ങൾ പ്രകടിപ്പിച്ചുവെന്നും ബന്ധുക്കൾ പറഞ്ഞു.
രാവിലെ മുറിച്ചുവെച്ച തണ്ണിമത്തൻ മണിക്കൂറുകൾ കഴിഞ്ഞാണ് കുട്ടികൾ കഴിച്ചതെന്നും അതിനാൽ അത് മലിനമാകാനുള്ള സാധ്യതയുണ്ടെന്നും ഡോക്ടർമാർ പറഞ്ഞു.
ഇതേതുടർന്നുണ്ടാകാവുന്ന ഭക്ഷ്യവിഷബാധ ആണ് കുട്ടികളെ ബാധിച്ചതെന്നാണ് പ്രാഥമിക നിഗമനമെന്നും ഡോക്ടർ കൂട്ടിച്ചേർത്തു. ലബോറട്ടറി പരിശോധനയ്ക്ക് ശേഷം മാത്രമേ മരണകാരണം സ്ഥിരീകരിക്കാനാകൂ. വീട്ടിൽ ഉണ്ടായിരുന്ന മറ്റൊരു തണ്ണിമത്തൻ ഭക്ഷ്യസുരക്ഷാ വിഭാഗം ലബോറട്ടറി പരിശോധനയ്ക്കായി അയച്ചു. 15കാരന്റെ ശരീര സാംപിൾ ഫൊറൻസിക് പരിശോധനയ്ക്ക് വിധേയമാക്കും.
സംഭവത്തിന് പിന്നാലെ മുഴുവൻ കുടുംബാംഗങ്ങളെയും അയൽവാസികളെയും പരിശോധിക്കാൻ ജില്ലാ കലക്ടർ ആരോഗ്യ വിഭാഗത്തിന് നിർദേശം നൽകി. അടുത്തിടെയാണ് മുംബൈയിൽ തണ്ണിമത്തൻ കഴിച്ചതിന് പിന്നാലെ ദമ്പതികളും രണ്ട് പെൺമക്കളും മരിച്ച സംഭവം റിപ്പോർട്ട് ചെയ്തത്. അതിന് പിന്നാലെയാണ് മറ്റൊരു സംഭവവും നടക്കുന്നത്. അതേസമയം മുംബൈയിൽ മരിച്ചവരുടെ ശരീര സാംപിളുകൾ ഫൊറൻസിക് പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ എലിവിഷത്തിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു.

