പ്രതിശ്രുതവരന്റെ വേർപാടിൽ മനംനൊന്ത് ആത്മഹത്യ; മണിയുടെ കുഴിമാടത്തിനരികെ പ്രഫുല്ലയ്ക്കും അന്ത്യവിശ്രമം

കാസർകോട്: ബൈക്കപകടത്തിൽ മരിച്ച പ്രതിശ്രുതവരന്റെ കുഴിമാടത്തിനരികിൽ പ്രതിശ്രുത വധുവിനും അന്ത്യവിശ്രമം. കുമ്പള കിദൂർ കുണ്ടങ്കേരടുക്കയിലെ പ്രഫുല്ലയുടെ (26) മൃതദേഹമാണ് പ്രതിശ്രുത വരനായിരുന്ന തിരുനെൽവേലി വള്ളിയൂർ സ്വദേശി മണിയുടെ ഗ്രാമത്തിലെത്തിച്ച് സംസ്കരിച്ചത്. ആത്മഹത്യക്കുറിപ്പിൽ പ്രഫുല്ല ആവശ്യപ്പെട്ടതനുസരിച്ചാണ് മണിയെ സംസ്കരിച്ച സ്ഥലത്തു തന്നെ സംസ്കരിച്ചത്. മണിയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ആഘാതത്തിലാണ് പ്രഫുല്ല ആത്മഹത്യ ചെയ്തത്.
ബാങ്ക് ജീവനക്കാരനായിരുന്ന തിരുനെൽവേലി സ്വദേശി മണിയും പ്രഫുല്ലയും തമ്മിലുള്ള വിവാഹം നാല് മാസം മുൻപ് നിശ്ചയിച്ചിരുന്നു. വിവാഹത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങവെ ഒരു മാസം മുൻപ് ബൈക്ക് അപകടത്തിൽപ്പെട്ട് മണിക്ക് ഗുരുതരമായി പരുക്കേറ്റു. ചികിത്സയിലിരിക്കെ ആശുപത്രിയിൽ വച്ച് മണി മരിച്ചു. മണിയുടെ സംസ്കാര ചടങ്ങിൽ പ്രഫുല്ലയും കുടുംബവും സംബന്ധിച്ചിരുന്നു. തിരിച്ച് കുമ്പളയിലെ വീട്ടിലെത്തിയ ശേഷം പ്രഫുല്ല മാനസികമായി തകർന്ന അവസ്ഥയിലായിരുന്നു. ഞായറാഴ്ച വൈകിട്ടാണ് ഹാളിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ പ്രഫുല്ലയുെട മൃതദേഹം കണ്ടത്. ഈ സമയത്ത് വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. കുടുംബം ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ പോയതായിരുന്നു. മൃതദേഹത്തിനരികിൽ നിന്നു കണ്ടെത്തിയ ആത്മഹത്യക്കുറിപ്പിൽ മൃതദേഹം മണിയെ സംസ്കരിച്ചിടത്ത് സംസ്കരിക്കണമെന്ന് എഴുതിയിരുന്നു. ഇതോടെയാണ് ഇരുവീട്ടുകാരും ആലോചിച്ച് തമിഴ്നാട്ടിലെത്തിച്ച് സംസ്കരിക്കാൻ തീരുമാനിച്ചത്.
തിങ്കളാഴ്ച കാസർകോട് നിന്ന് പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയശേഷം മൃതദേഹം തിരുനെൽവേലിക്ക് കൊണ്ടുപോകുകയായിരുന്നു. പിതാവ് ജയാനന്ദ, സഹോദരൻ പ്രമോദ് എന്നിവരുൾപ്പെടെ ചേർന്നാണ് മൃതദേഹം തിരുനെൽവേലിക്ക് കൊണ്ടുപോയത്. തുടർന്ന് മണിയുടെ കുഴിമാടത്തിന് അരികിലായി പ്രഫുല്ലയേയും സംസ്കരിച്ചു. ഇരുവരുടേയും കുടുംബാംഗങ്ങളും സംസ്കാരത്തിൽ പങ്കെടുത്തു.

