ഡ്രോണ്‍, എഐ, 24 മണിക്കൂര്‍ കാമറ: മക്കയിലേക്കുള്ള പ്രവേശന കവാടങ്ങളില്‍ കനത്ത നിരീക്ഷണം

മക്ക: ഹജ്ജിന്റെ പ്രധാന ദിനങ്ങളിലേക്ക് കടക്കവേ മക്കയിലേക്കുള്ള പ്രവേശന കവാടങ്ങളില്‍ കനത്ത നിരീക്ഷണം. ആറ് സുരക്ഷാ ചെക്ക്പോസ്റ്റുകളിലാണ് റോഡ് സുരക്ഷക്കുള്ള പ്രത്യേക സേന നിരീക്ഷണം ശക്തമാക്കിയത്.
സംയോജിത സംവിധാനത്തിലൂടെയാണ് ചെക്ക്‌പോസ്റ്റുകളില്‍ സുരക്ഷ ഉറപ്പാക്കുന്നത്. ഒപ്പം താത്കാലിക ഉപകേന്ദ്രങ്ങളും പ്രീ-സ്‌ക്രീനിങ് പോയിന്റുകളും പ്രവർത്തിക്കുന്നുമുണ്ട്.
അല്‍ ഷുമൈസി സുരക്ഷാ നിയന്ത്രണ കേന്ദ്രമാണ് ഏറ്റവും പ്രധാനപ്പെട്ടത്. ഏറ്റവും പുതിയ ആഗോള സാങ്കേതികവിദ്യകളുടെ സഹായത്തോടെ 16 പാതകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇത് വാഹനങ്ങളുടെ സഞ്ചാരം സുഗമമാക്കുകയും കാത്തിരിപ്പ് സമയം കുറയ്ക്കുകയും ചെയ്യുന്നുണ്ട്.
എല്ലാ കേന്ദ്രങ്ങളിലെയും സുരക്ഷാ ഉദ്യോഗസ്ഥർക്ക് തീർഥാടകരുടെ ഹജ്ജ് പെർമിറ്റുകളും ഐഡന്റിറ്റിയും പരിശോധിക്കാൻ നൂതന സ്മാർട്ട് ഉപകരണങ്ങളുണ്ടെന്ന് റോഡ് സെക്യൂരിറ്റി വക്താവ് കേണല്‍ ആദില്‍ ബിൻ അസം അല്‍മുതൈരി പറഞ്ഞു.
ആകാശ നിരീക്ഷണത്തിനും ട്രാക്കിങ്ങിനുമായി ഡ്രോണുകള്‍, എഐ ഉപയോഗിച്ച് 24 മണിക്കൂറും വിവിധ കാലാവസ്ഥാ സാഹചര്യങ്ങളിലും പ്രവർത്തിക്കുന്ന തെർമല്‍ കാമറ സംവിധാനം തുടങ്ങിയവയുണ്ടെന്നും വ്യക്തമാക്കി.
വ്യാജ ഹജ്ജ് സേവന പരസ്യം: മക്കയില്‍ ഇന്ത്യക്കാരടക്കം നാലുപേർ അറസ്റ്റില്‍
സമൂഹ മാധ്യമങ്ങളില്‍ വ്യാജ ഹജ്ജ് സേവന പരസ്യം നല്‍കിയതിന് മക്കയില്‍ ഇന്ത്യക്കാരടക്കം നാലുപേർ അറസ്റ്റില്‍. ഇന്ത്യ, ബംഗ്ലാദേശ് പൗരന്മാരെയാണ് സുരക്ഷാ പട്രോളിംഗ് പിടികൂടിയത്. വ്യാജ കാർഡുകള്‍, രേഖകള്‍, ഉപകരണങ്ങള്‍ എന്നിവ ഇവരില്‍ നിന്ന് പിടിച്ചെടുത്തു. പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തതായി പബ്ലിക് സെക്യൂരിറ്റി അറിയിച്ചു.

