റെയിൽവേ സ്റ്റേഷനുകളിൽ ഇനി പൊരിച്ച കോഴിയും; രുചി വിളമ്പാനെത്തുന്നത് ആഗോള ബ്രാൻഡുകൾ

പയ്യന്നൂർ: ഇനി പൊരിച്ച കോഴിയും റെയിൽവേ സ്റ്റേഷനുകളിൽ ലഭ്യമാകും. ആദ്യഘട്ടം എട്ട് സ്റ്റേഷനുകളിലാണ് ആഗോള ബ്രാൻഡുകൾ രുചി വിളമ്പാനെത്തുന്നത്. ഷൊർണൂർ, തിരൂർ, കോഴിക്കോട്, വടകര, തലശ്ശേരി, കണ്ണൂർ, കാഞ്ഞങ്ങാട്, മംഗളൂരു സെൻട്രൽ എന്നീ സ്റ്റേഷനുകളിൽനിന്ന് കോഴിയിറച്ചി കഴിക്കാം.
വൈവിധ്യവത്കരണത്തിലൂടെ ടിക്കറ്റിതര വരുമാനം കണ്ടെത്തുകയാണ് പുതിയ ചുവടുവെപ്പിലൂടെ റെയിൽവേ ലക്ഷ്യമിടുന്നത്. വൈവിധ്യവത്കരണത്തിന്റെ ഭാഗമായി വിവിധ സംരംഭങ്ങൾ റെയിൽവേ സ്റ്റേഷനുകളിൽ ആവിഷ്കരിച്ചിട്ടുണ്ട്. കണ്ണൂർ ഉൾപ്പെടെ 18 സ്റ്റേഷനുകളിൽ എ.ടി.എം. മെഷീൻ വന്നുകഴിഞ്ഞു.
ഐസ്ക്രീം പാർലറുകൾ, പലചരക്ക് കടകൾ, ചെരുപ്പുകടകൾ, ഗിഫ്റ്റ് ഷോപ്പുകൾ, മൊബൈൽ സ്റ്റോറുകൾ, ബ്യൂട്ടി പാർലർ മുതലായവ ഇതിൽപ്പെടും.
കോച്ച് റസ്റ്ററന്റ് കോഴിക്കോട്ടും
പയ്യന്നൂർ, പാലക്കാട് ടൗൺ റെയിൽവേ സ്റ്റേഷനുകൾക്ക് പിന്നാലെ കോഴിക്കോട്ടും റെയിൽ കോച്ച് റസ്റ്ററന്റ് വരുന്നു. ഇതിനായി ടെൻഡർ വിളിച്ചു. കോച്ചിനുള്ളിൽ ഒരുക്കുന്ന ഭക്ഷണശാലയാണിത്. പഴയ കോച്ചുകളാണ് റസ്റ്ററന്റുകളാക്കുന്നത്. പയ്യന്നൂരിൽ 40 ലക്ഷത്തോളം രൂപ ചെലവിട്ട് നിർമിക്കുന്ന പദ്ധതി ഉടൻ പൂർത്തിയാകും.

