ഊട്ടിയിലും കൊടൈക്കനാലിലും കനത്തമഴയും മണ്ണിടിച്ചിലും; യാത്രകൾ മാറ്റിവയ്ക്കണമെന്ന് അധികൃതർ

ഊട്ടി: ഊട്ടിയിൽ കനത്ത മഴ തുടരുന്നു. മേട്ടുപ്പാളയം– ഊട്ടി ദേശീയപാതയിലും മേട്ടുപ്പാളയം–കോത്തഗിരി സംസ്ഥാനപാതയിലും പലയിടങ്ങളിലും മണ്ണിടിച്ചിലുണ്ടായി. ബർലിയാറിൽ അർധരാത്രി സർക്കാർ ബസിനു മുകളിൽ മണ്ണും പാറയും വീണു. ഇവ നീക്കം ചെയ്യാനുള്ള പ്രവർത്തനം തുടരുകയാണ്. രാത്രി മുതൽ രാവിലെ വരെ കനത്ത മഴയാണ് നീലഗിരി ജില്ലയിലും താഴ്‌വാര പ്രദേശമായ മേട്ടുപ്പാളയത്തും പെയ്യുന്നത്. കൂനൂർ റോഡിൽ 14 സ്ഥലങ്ങളിലും കോത്തഗിരി റോഡിൽ മൂന്നു സ്ഥലത്തും മണ്ണിടിച്ചിൽ ഉണ്ടായി. നിലവിൽ ബസ് മാത്രമാണ് മണ്ണിൽ കുടുങ്ങിക്കിടക്കുന്നത്.
കേരളത്തിൽ പാലാ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽനിന്നെത്തിയ വിദ്യാർഥികൾ അടങ്ങുന്ന സഞ്ചാരികളുടെ വാഹനങ്ങൾ രാത്രി മണിക്കൂറുകൾ കുടുങ്ങിയെങ്കിലും പുലർച്ചയോടെ സുരക്ഷിതമായി മേട്ടുപ്പാളയത്തിൽനിന്നു പുറപ്പെട്ടു. കൂനൂർ – മേട്ടുപ്പാളയം കാനന പാതയിൽ റോഡിൽ ബർളിയാറിനും കൂനൂരിനും ഇടയിൽ വാഹനങ്ങൾ മുന്നോട്ടും പിന്നോട്ടും പോകാനാവാതെ പിടിച്ചിട്ടിരിക്കുകയാണ്. സ്ഥലത്ത് കോയമ്പത്തൂർ മേഖലാ ഐജി രമ്യ ഭാരതിയുടെ നേതൃത്വത്തിൽ പൊലീസ് രക്ഷാപ്രവർത്തനം ഊർജ്ജപ്പെടുത്തിയിരിക്കുകയാണ്.
നിലവിൽ മേട്ടുപ്പാളയത്തുവച്ചുതന്നെ ഊട്ടി ഭാഗത്തേക്കുള്ള എല്ലാ വാഹനങ്ങളും തടഞ്ഞിരിക്കുകയാണ്. നീലഗിരി ജില്ലയിലേക്കുള്ള രണ്ടു പ്രവേശന കവാടങ്ങളും മാർഗങ്ങളും സുരക്ഷ മുൻനിർത്തി പൊലീസ് അടച്ചിട്ടു. ഇന്നും കനത്ത മഴക്കുള്ള സാഹചര്യം നിലനിൽക്കുന്നതിനാൽ നീലഗിരി ജില്ലയിലേക്കുള്ള യാത്ര മാറ്റിവയ്ക്കണമെന്ന് അധികൃതർ അറിയിച്ചു. ഊട്ടിയിലേക്കുള്ള സർക്കാർ ബസുകൾ അടക്കം മേട്ടുപ്പാളയം ബസ് സ്റ്റാൻഡിൽ യാത്ര തൽക്കാലം അവസാനിപ്പിച്ചിരിക്കുകയാണ്. നീലഗിരിയിലാണ് കൂടുതൽ നാശനഷ്ടങ്ങൾ കണക്കാക്കുന്നത്.
ഒരാഴ്ച മുമ്പ് മഴപെയ്തതിനുശേഷം ഉണ്ടായ മണ്ണിടിച്ചിലുണ്ടായ ബർലിയാറിൽ കാറിൽ യാത്ര ചെയ്തിരുന്ന വിമുക്തഭടൻ പാറ വീണ് കൊല്ലപ്പെട്ടിരുന്നു. നിലവിൽ പലയിടങ്ങളിലും മണ്ണിടിച്ചിൽ തുടരുകയാണ്. ദേശീയപാത അധികൃതർ ജെസിബി ഉപയോഗിച്ചു നീക്കം ചെയ്യുന്നുണ്ടെങ്കിലും മണ്ണിടിച്ചിലിനുള്ള സാധ്യത തുടരുകയാണ്.
∙ കൊടൈക്കനാലിലും മണ്ണിടിച്ചിൽ
കൊടൈക്കനാൽ സെമ്പകനൂർ മേഖലയിൽ കനത്ത മണ്ണിടിച്ചിലുണ്ടായി. മണ്ണിടിച്ചിലിൽ രണ്ട് വൈദ്യുതി തൂണുകൾ തകർന്നു. റോഡുകളിൽ വലിയ വിള്ളലുകളും രൂപപ്പെട്ടിട്ടുണ്ട്. ഇതോടെ പ്രദേശത്തെ ഗതാഗതം തടസ്സപ്പെട്ടു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി കൊടൈക്കനാലിലേക്കുള്ള വാഹന ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും സർക്കാർ വിലക്കേർപ്പെടുത്തി.

