മലമുകളിലെ കോടമഞ്ഞും ചാറ്റൽമഴയും; റാണിപുരം വിനോദസഞ്ചാര കേന്ദ്രത്തിൽ സഞ്ചാരികളുടെ തിരക്ക്

രാജപുരം: വേനലവധി കഴിഞ്ഞ് സ്കൂളുകൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, റാണിപുരം വിനോദസഞ്ചാര കേന്ദ്രത്തിൽ സഞ്ചാരികളുടെ തിരക്ക്. ഇന്നലെ മാത്രം ട്രെക്കിങ്ങിനെത്തിയത് 2166 പേർ. ഈ വർഷത്തെ ഏറ്റവും കൂടിയ കണക്കാണിത്. തിരക്കുമൂലം റാണിപുരത്തെ ചായക്കടയിൽ ആവശ്യത്തിന് ഭക്ഷണസാധനങ്ങൾ തികയാതെ വന്നു. പാർക്കിങ് ഗ്രൗണ്ടിലെ സ്ഥലപരിമിതി മൂലം ഒരു കിലോമീറ്റർ ദൂരത്തിൽ പാതയോരത്താണു വാഹനങ്ങൾ നിർത്തിയിട്ടത്. രാവിലെ കാഞ്ഞങ്ങാട്ടുനിന്ന് റാണിപുരത്ത് എത്തുന്ന കെഎസ്ആർടിസി ബസ് വാഹനങ്ങളുടെ തിരക്കുമൂലം തിരിക്കാൻ സ്ഥലമില്ലാത്തതിനാൽ വനംവകുപ്പിന്റെ ടിക്കറ്റ് കൗണ്ടറിന് ഒരു കിലോമീറ്റർ ഇപ്പുറത്തു യാത്രക്കാരെ ഇറക്കേണ്ടിവന്നു.
മഴ പെയ്യാൻ തുടങ്ങിയതോടെ മലമുകളിലെ കോടമഞ്ഞും ചാറ്റൽമഴയും ആസ്വദിക്കാനെത്തിയവർ ഏറെയായിരുന്നു. മൺസൂൺ ടൂറിസം ആരംഭിക്കുന്നതോടെ മറ്റു സംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെയുള്ള സഞ്ചാരികൾ റാണിപുരത്ത് എത്തുമെന്ന് റാണിപുരം വനസംരക്ഷണ സമിതി പ്രസിഡന്റ് എസ്.മധുസൂദനൻ പറഞ്ഞു. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ മഴ നടത്തവും സംഘടിപ്പിക്കാറുണ്ട്. തിരക്ക് നിയന്ത്രിക്കാനും അപകടങ്ങളൊഴിവാക്കാനും വനംവകുപ്പ് പരിശോധനയും പട്രോളിങ്ങും ഊർജിതമാക്കിയിട്ടുണ്ട്. വനത്തിലൂടെയുള്ള പാത ഉൾപ്പെടെ 2.8 കിലോമീറ്റർ ദൂരം ട്രെക്കിങ് നടത്തിയാലാണ് കേരളത്തിലെ ഊട്ടി എന്നറിയപ്പെടുന്ന റാണിപുരത്തിന്റെ നെറുകയിലെത്തുന്നത്. കോടമഞ്ഞും തണുത്ത കാറ്റുമേറ്റ് വനത്തിലൂടെയും പുൽമേട്ടിലൂടെയും മാറിമാറിയുള്ള യാത്രയാണ് റാണിപുരത്തിന്റെ ആകർഷണീയത.

