KSDLIVENEWS

Real news for everyone

ഇറാന്റെ കടന്നുകയറ്റത്തിനെതിരെ അറബ് ലോകം; ആക്രമണങ്ങളെ ശക്തമായി അപലപിച്ച് യുഎഇയും ഖത്തറും ഈജിപ്തും

SHARE THIS ON

അബുദാബി: ബഹ്റൈനിലും കുവൈത്തിലുമുള്ള ഇറാൻ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് അറബ് രാജ്യങ്ങളും പ്രമുഖ മുസ്ലിം കൂട്ടായ്മകളും രംഗത്ത്. കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിന് നേരെയും ബഹ്റൈനിലെ ജനവാസ കേന്ദ്രങ്ങൾക്ക് നേരെയും ഉണ്ടായ ആക്രമണം പ്രാദേശിക സുരക്ഷയെ തകർക്കുന്നതും രാജ്യാന്തര നിയമങ്ങളുടെ നഗ്നമായ ലംഘനവുമാണെന്ന് യുഎഇ, ഖത്തർ, ഈജിപ്ത് എന്നീ രാജ്യങ്ങൾ വ്യക്തമാക്കി.  

∙ ശക്തമായ നിലപാടുമായി യുഎഇയും മുസ്ലിം കൗൺസിലും  
ബഹ്റൈന്റെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റമാണ് ഇറാൻ നടത്തിയതെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. രാജ്യത്തിന്റെ സുരക്ഷയും ജനവാസ കേന്ദ്രങ്ങളുടെ സുരക്ഷിതത്വവും ഉറപ്പാക്കാൻ ബഹ്റൈൻ സ്വീകരിക്കുന്ന എല്ലാ മുൻകരുതൽ നടപടികൾക്കും യുഎഇ പൂർണ പിന്തുണ പ്രഖ്യാപിച്ചു. അൽ അസ്ഹർ ഗ്രാൻഡ് ഇമാം ഡോ. അഹമ്മദ് അൽ തയ്യിബിന്റെ അധ്യക്ഷതയിലുള്ള മുസ്ലിം കൗൺസിൽ ഓഫ് എൽഡേഴ്സും ആക്രമണങ്ങളെ ശക്തമായി അപലപിച്ചു. നയതന്ത്ര കാര്യാലയങ്ങൾക്ക് നേരെ ഉൾപ്പെടെയുണ്ടായ ആക്രമണം കുറ്റകരമാണെന്നും മേഖലയിലെ സമാധാനം നിലനിർത്താൻ രാജ്യാന്തര സമൂഹം അടിയന്തരമായി ഇടപെടണമെന്നും കൗൺസിൽ ആവശ്യപ്പെട്ടു.

∙ ജനീവ കരാറിന്റെ ലംഘനമെന്ന് ഖത്തർ  
കുവൈത്ത് വിമാനത്താവളത്തിലെ യാത്രാ ടെർമിനലിന് നേരെയും മറ്റും നടന്ന ആക്രമണങ്ങൾ 1949ലെ ജനീവ കരാറിന്റെയും രാജ്യാന്തര മാനുഷിക നിയമങ്ങളുടെയും ലംഘനമാണെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. യുദ്ധ സാഹചര്യങ്ങളിൽ പോലും സിവിലിയൻമാരെയും ജനവാസ മേഖലകളെയും ലക്ഷ്യമിടരുതെന്ന രാജ്യാന്തര തത്ത്വം ഇറാൻ ലംഘിച്ചു. പ്രകോപനമില്ലാതെയുള്ള ഇത്തരം നീക്കങ്ങളിൽനിന്ന് മേഖലയെ സംരക്ഷിക്കേണ്ടതുണ്ടെന്നും കുവൈത്തിനും ബഹ്റൈനും ഖത്തർ പൂർണ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും മന്ത്രാലയം വ്യക്തമാക്കി.  

∙ ഗൾഫ് സുരക്ഷ അറബ് ലോകത്തിന്റെ അടിത്തറ: ഈജിപ്ത്  
കുവൈത്ത് വിമാനത്താവളത്തിന് നേരെ ഉണ്ടായ ആക്രമണം ഗൾഫ് മേഖലയുടെയും അറബ് ലോകത്തിന്റെയും സുരക്ഷയ്ക്ക് ഭീഷണിയുയർത്തുന്ന ‘അപകടകരമായ സാഹചര്യം’ ആണെന്ന് ഈജിപ്ത് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഗൾഫ് രാജ്യങ്ങളുടെ സുരക്ഷയും സ്ഥിരതയും അറബ് ദേശീയ സുരക്ഷയുടെ പ്രധാന അടിത്തറയാണ്. രാജ്യങ്ങളുടെ പരമാധികാരത്തെ ചോദ്യം ചെയ്യുന്നതും പ്രദേശത്തിന്റെ സമാധാനാന്തരീക്ഷം തകർക്കുന്നതുമായ ഒരു നീക്കത്തെയും ഈജിപ്ത് അംഗീകരിക്കില്ലെന്നും കുവൈത്തിന് ആവശ്യമായ എല്ലാ പിന്തുണയും നൽകുമെന്നും കയ്റോയിൽ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!