ദേശീയപാതയിലേക്ക് വാഹനങ്ങൾക്ക് കയറുന്നതിന് നുള്ളിപ്പാടിയിൽ വഴിയൊരുക്കും;
കാസർകോട് പുതിയ ബസ്റ്റാൻഡ് പരിസരത്തെ ഗതാഗതക്കുരുക്ക് ഒഴിവാക്കൽ ലക്ഷ്യം

വിദ്യാനഗർ: കാസർകോട് മുതൽ വിദ്യാനഗർ വരെയുള്ള മൂന്ന് കിലോമീറ്ററോളം സർവീസ് റോഡിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് നുള്ളിപ്പാടിയിൽ ദേശീയപാതയിലേക്ക് വാഹനങ്ങൾക്ക് കയറുന്നതിന് വഴിയൊരുക്കും. ബുധനാഴ്ച ഉച്ചയ്ക്ക് ഉന്നതസംഘം നുള്ളിപ്പാടി സന്ദർശിച്ച് ജനപ്രതിനിധികളുമായി ഇതുസംബന്ധിച്ച് ചർച്ച നടത്തി. കാസർകോട് നഗരത്തിൽ നിന്ന് ചെർക്കളഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾക്ക് നിലവിൽ മൂന്ന് കിലോമീറ്ററിനുപ്പുറം കളക്ടറേറ്റ് ജങ്ഷനും കഴിഞ്ഞ് പഴയ സി.പി.എം.
ജില്ലാ കമ്മിറ്റി ഓഫീസിന് സമീപമാണ് ദേശീയപാതപ്രവേശനത്തിന് നിലവിൽ വഴിയൊരുക്കിയത്. ദേശീയപാതയിൽ കാസർകോടുള്ള മേൽപ്പാലത്തിലൂടെ ചെർക്കള ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾക്ക് സർവീസ് റോഡിലേക്ക് ഇറങ്ങുന്നതിന് അണങ്കൂരിൽ സൗകര്യവുമുണ്ട്. കാസർകോട് മുതൽ ബി.സി. റോഡ് വരെയുള്ള മൂന്ന് കിലോമീറ്ററിനുള്ളിൽ മൂന്ന് അടിപ്പാതകളുമുണ്ട്. ഇതുവഴിയും കെ.എസ്.ടി.പി. റോഡ് വഴിയും വരുന്ന വാഹനങ്ങളും കൂടി സർവീസ് റോഡിലേക്ക് കയറുന്നതോടെ കാസർകോട് നഗരം മുതൽ വിദ്യാനഗർ വരെയുള്ള ഭാഗത്ത് ഗതാഗതക്കുരുക്ക് രൂക്ഷമായി മാറുകയാണ്. ആംബുലൻസും അഗ്നിരക്ഷാസേനയുടെ വാഹനങ്ങളും ഗതാഗതക്കുരുക്കിൽപ്പെടുന്നു.
ദേശീയപാതയിലേക്ക് നുള്ളിപ്പാടിയിൽനിന്ന് പ്രവേശനത്തിന് സൗകര്യമൊരുക്കിയാൽ ഗതാഗതം സുഗമമാകുന്നതിനൊപ്പം ഗതാഗതക്കുരുക്കിനും പരിഹാരമാകും. ഇതുസംബന്ധിച്ച് വ്യാപാരി വ്യവസായി ഏകോപനസമിതി നായന്മാർമൂല യൂണിറ്റ് പ്രസിഡന്റ് ഇബ്രാഹിം പടിഞ്ഞാർമൂലയുടെ നേതൃത്വത്തിൽ വ്യാപാരികൾ കളക്ടർക്കും ദേശീയപാത അതോറ്റിക്കും നേരത്തെ നിവേദനം നൽകിയിരുന്നു. കാസർകോട് നഗരസഭയും ഇതുസംബന്ധിച്ച് പ്രമേയം ബന്ധപ്പെട്ടവർക്ക് നൽകിയിരുന്നു.
നഗരസഭാ കൗൺസിലറായ അനിൽ ചെന്നിക്കരയാണ് നഗരസഭായോഗത്തിൽ ഇതു സംബന്ധിച്ച പ്രമേയം അവതരിപ്പിച്ചത്. നുള്ളിപ്പാടിയിൽ സർവീസ് റോഡും ദേശീയപാതയും സമനിരപ്പിലാണ് കടന്നുപോകുന്നത്. വിവിധ സംഘടനകളും ഇതു സംബന്ധിച്ച് ബന്ധപ്പെട്ടവർക്ക് നിവേദനം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ഉന്നതതല സംഘം പരിശോധനയ്ക്ക് എത്തിയത്. പൊതുമരാമത്ത് വകുപ്പ് റോഡ് വിഭാഗം എക്സി. എൻജിനീയർ ഷാജി തയ്യിൽ, ആർ.ടി.ഒ.ജെ. ജെറാർഡ്, എം.വി.ഐ. എം.വിജയൻ,ദേശീയപാത അതോറിറ്റി മാനേജർ സി.ജിഷ്ണു, ദേശീയപാത വിഭാഗം എൻജിനീയർ വിനയ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.
കാസർകോട് നഗരസഭാ കൗൺസിലർമാരായ ഹമീദ് ബെദിര, അനിൽ ചെന്നിക്കര, നഗര സഭാ സെക്രട്ടറി സാജു, നഗര സഭാ എൻജിനീയർ ആന്റണി വട്ടോളി,കാസർകോട് ചേംബർ ഓഫ് കൊമേഴ്സ് ഭാരവാഹികളായ എ.കെ. ശ്യാമപ്രസാദ്, എം.എൻ. പ്രസാദ്, ഓട്ടോ തൊഴിലാളി യൂണിയൻ നേതാവ് എ.ആർ. ധന്യവാദ് തുടങ്ങിയവരും സ്ഥലത്ത് എത്തിയിരുന്നു.
കാസർകോട് മുതൽ വിദ്യാനഗർവരെയുള്ള ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് വാഹനങ്ങൾക്ക് നുള്ളിപ്പാടിയിൽ ദേശീയപാതയിലേക്ക് കയറുന്നതിന് സൗകര്യമൊരുക്കേണ്ടത് അനിവാര്യമാണെന്നും ഇതുസംബന്ധിച്ച് വിശദമായ റിപ്പോർട്ട് അടുത്ത ദിവസം തന്നെ കളക്ടർക്ക് നൽകുമെന്നും ആർ.ടി.ഒ. ജെ. ജെറാർഡ് പറഞ്ഞു. ചെങ്കള ഇന്ദിരാനഗറിൽ അടുത്ത കാലത്ത്ദേശീയപാതയിലെ സംരക്ഷണഭിത്തി പൊളിച്ചുനീക്കി സർവീസ് റോഡിലേക്ക് ഇറങ്ങുന്നതിന് സൗകര്യമൊരുക്കിയിരുന്നു. ചെർക്കള കർമസമിതിയുടെയും വിവിധ സംഘടനകളുടെയും സമ്മർദത്തിന്റെ ഫലമായാണ് ദേശീയപാതവഴി വരുന്ന വാഹനങ്ങൾക്ക് ചെർക്കള ടൗണിലേക്കും രണ്ട് അന്തർസംസ്ഥാന പാതകളിലേക്കും പോകുന്നതിന് സൗകര്യമൊരുക്കിയത്.

