KSDLIVENEWS

Real news for everyone

അടുപ്പില്ല, പാചകത്തിന് ഗ്യാസുമില്ല ; പുതിയ അദ്ധ്യായന വർഷം തുടങ്ങിയതോടെ
സ്കൂളുകളിലെ ഉച്ചഭക്ഷണ വിതരണം പ്രതിസന്ധിയില്‍

SHARE THIS ON

കാഞ്ഞങ്ങാട്: അദ്ധ്യയന വർഷം തുടങ്ങിയതോടെ പാചകവാതക സിലിണ്ടർ ക്ഷാമം സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയും പ്രതിസന്ധിയിലാക്കുന്നു.

പുതിയ സ്കൂള്‍ കെട്ടിടങ്ങളില്‍ അടുപ്പ് ഇല്ലാത്ത അടുക്കള നിർമ്മിച്ചതിനാല്‍ വിറക് കത്തിച്ചു ഭക്ഷണം പാചകം ചെയ്യാനും നിർവ്വാഹമില്ല. വിറക് കത്തിച്ചു ഉച്ചഭക്ഷണം പാചകം ചെയ്യണമെന്ന വാക്കാല്‍ നിർദ്ദേശവും ഇതിനാല്‍ പ്രാവർത്തികമാക്കാനാകുന്നില്ല.

സ്കൂളിലെ അദ്ധ്യാപകരും ജീവനക്കാരും പാചകത്തൊഴിലാളികളും പ്രതിസന്ധി മറികടക്കാൻ നെട്ടോട്ടത്തിലാണ്. ആവശ്യമായ സമയത്ത് പാചകവാതകം ലഭിക്കാത്തതിനാല്‍ ഭക്ഷണം തയ്യാറാക്കുന്നതില്‍ കാലതാമസം നേരിടുകയും ചിലപ്പോള്‍ പാചകത്തിന് തടസ്സം ഉണ്ടാകുകയും ചെയ്യുന്നു. ഭക്ഷണം വൈകുന്നതുമൂലം വിദ്യാർത്ഥികളുടെ പഠന പ്രവർത്തനങ്ങളിലും ക്ലാസുകളുടെ സമയക്രമത്തിലും തടസ്സം നേരിടുന്നതായി അദ്ധ്യാപകർ അറിയിച്ചു.

ഒന്ന് മുതല്‍ എട്ടാം ക്‌ളാസ് വരെയുള്ള കൂട്ടികള്‍ക്കാണ് സ്കൂളുകളില്‍ ഉച്ചഭക്ഷണം വിതരണം ചെയ്യുന്നത്. അഞ്ഞൂറിനും ആയിരത്തിനും ഇടയില്‍ കുട്ടികള്‍ ഭൂരിഭാഗം സ്കൂളുകളിലും ഉച്ചഭക്ഷണം കഴിക്കുന്നുണ്ട്. സ്കൂള്‍ തുറന്നതിന്റെ പിറ്റേ ദിവസം മുതല്‍ ഉച്ചഭക്ഷണം നല്‍കുന്നുണ്ട്. പാചകത്തിന് മതിയായ ഗ്യാസ് സിലിണ്ടർ കിട്ടാതെ പാചകം നടക്കില്ല. അംഗീകൃത ഏജൻസികളില്‍ നിന്ന് ആവശ്യത്തിന് ഗ്യാസ് സിലിണ്ടർ ലഭ്യമാക്കുമെന്ന് പറയുന്നുണ്ടെങ്കിലും അത് എളുപ്പമല്ലെന്ന് പറയുകയാണ് അധികൃതർ. ജില്ലയിലാകെ എത്ര കുട്ടികള്‍ക്ക് ഉച്ചഭക്ഷണം നല്‍കണം എന്നതിന്റെ കണക്കുകള്‍ ഇതുവരെ ലഭ്യമല്ലെന്നാണ് കാഞ്ഞങ്ങാട് ഡി.ഇ.ഒ ഓഫീസില്‍ നിന്ന് അറിയിച്ചത്.

വാഗ്ദാനം ചെയ്ത സിലിണ്ടറും കിട്ടിയില്ല

സ്കൂളുകളില്‍ എത്തിക്കുമെന്ന് അറിയിച്ചിരുന്ന സിലിണ്ടറുകള്‍ ചില സ്കൂളുകളിലെങ്കിലും കിട്ടാത്ത സ്ഥിതിയുണ്ട്. പാചക തൊഴിലാളികള്‍ക്കും അദ്ധ്യാപകർക്കും ബദല്‍ സംവിധാനങ്ങള്‍ കണ്ടെത്തേണ്ട സാഹചര്യം നിലനില്‍ക്കുന്നു. പ്രശ്നം തുടർന്നാല്‍ സ്കൂളിന്റെ ദൈനംദിന പ്രവർത്തനങ്ങളെയും ഉച്ചഭക്ഷണ പദ്ധതിയുടെ കാര്യക്ഷമമായ നടത്തിപ്പിനെയും ബാധിക്കുമെന്ന് അധികൃതർ ആശങ്ക പ്രകടിപ്പിച്ചു. കുട്ടികളുടെ ഭക്ഷണവും സുരക്ഷയും സംബന്ധിച്ച്‌ രക്ഷിതാക്കള്‍ ആശങ്ക അറിയിച്ചിട്ടുണ്ട്. താത്കാലിക സംവിധാനങ്ങള്‍ ഒരുക്കേണ്ടി വരുന്നത് സ്കൂളിന് അധിക സാമ്പത്തിക ബാധ്യതയും സൃഷ്ടിക്കുന്നുണ്ട്.

അധികതുക നല്‍കാനാകില്ല

പാചകവാതക പ്രതിസന്ധി ഉണ്ടായപ്പോള്‍ ഹോട്ടലുകള്‍ വലിയ തുക നല്‍കി സ്വകാര്യ ഏജൻസികളില്‍ നിന്ന് ഗ്യാസ് സിലിണ്ടർ സംഘടിപ്പിച്ചാണ് പൂട്ടാതെ നടത്തിയത്. എന്നാല്‍ സ്കൂളില്‍ ഉച്ചഭക്ഷണം നല്‍കുന്നതിന് കൂടുതല്‍ തുക നല്‍കി പുറത്തുനിന്ന് സിലിണ്ടർ വാങ്ങിക്കാൻ അദ്ധ്യാപകർക്ക് കഴിയില്ല. അധികമായി നല്‍കുന്ന തുക കണക്കില്‍ ഉള്‍പ്പെടുത്താൻ നിർവ്വാഹമില്ലാത്തതിനാല്‍ ഹെഡ്മാസ്റ്റർമാർ അതിന് തയ്യാറാകുന്നുമില്ല.

വിദ്യാർത്ഥികളുടെ ക്ഷേമം മുൻനിർത്തി സ്കൂളുകളില്‍ പാചക വാതക വിതരണം തടസ്സമില്ലാതെ ഉറപ്പാക്കണം. പുതിയ സ്കൂള്‍ കെട്ടിടങ്ങളിലെ അടുക്കളയില്‍ അടുപ്പ് ഇല്ലാത്തതിനാല്‍ വിറക് അടുപ്പിലേക്ക് മാറാനും കഴിയാത്ത സ്ഥിതിയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!