KSDLIVENEWS

Real news for everyone

കാസര്‍കോടിന്റെ മരുമകന് ‘മന്ത്രിസ്ഥാനം; കര്‍ണാടകയില്‍നിന്ന്; യു.ടി ഖാദര്‍ മന്ത്രിസഭയിലേക്ക്

SHARE THIS ON

കാസർകോട്: കർണാടക മന്ത്രിസഭാ അഴിച്ചുപണിയില്‍ സ്പീക്കർ സ്ഥാനം വിട്ട് യു.ടി ഖാദർ മന്ത്രിയായതോടെ കാസർകോടിനും മന്ത്രി പദവി.

കർണാടക രാഷ്ട്രീയത്തിലെ കരുത്തനായ ന്യൂനപക്ഷ മുഖവും മംഗളൂരു മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയുമായ യു.ടി ഖാദർ കാസർകോടിൻ്റെ മരുമകനാണ്. കാസർകോട് തെക്കില്‍ സ്വദേശി ലമീസിനെ വിവാഹം ചെയ്ത ഖാദർ കാസർകോട്ടെ സാമൂഹിക സാംസ്കാരിക മേഖലകളില്‍ സജീവ സാന്നിധ്യമാണ്.

മുമ്പ് സിദ്ധരാമയ്യ മന്ത്രിസഭയില്‍ ആരോഗ്യ മന്ത്രിയായും ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രിയായും മികച്ച പ്രവർത്തനം കാഴ്ചവച്ച ഖാദറിന് ഡി.കെ ശിവകുമാർ മന്ത്രിസഭയിലും പ്രധാന വകുപ്പുകള്‍ ലഭിച്ചേക്കും. സ്പീക്കർ പദവിയില്‍ ഇരിക്കുമ്പോള്‍ പ്രോട്ടോകോള്‍ പരിമിതികള്‍ കാരണം ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാൻ സാധിക്കാത്തതിനാല്‍ അദ്ദേഹം മന്ത്രിസ്ഥാനത്തേക്ക് മടങ്ങാൻ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു.
തീരദേശ കർണാടകയിലെ ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നുമുള്ള ശക്തമായ ആവശ്യമാണ് യു.ടി ഖാദർ വീണ്ടും മന്ത്രിസ്ഥാനത്ത് എത്തുന്നതോടെ അംഗീകരിക്കപ്പെടുന്നത്.

കേരളത്തിന് പുറത്തുള്ള സംസ്ഥാനത്താണ് മന്ത്രിയാകുന്നതെങ്കിലും കാസർകോട് ജില്ലയ്ക്ക് യു.ടി ഖാദറുമായുള്ളത് മുറിച്ചുമാറ്റാനാകാത്ത ബന്ധമാണ്. അദ്ദേഹത്തിന്റെ കുടുംബ വേരുകള്‍ ഇന്നും കാസർകോടിന്റെ മണ്ണിലാണ് കിടക്കുന്നത്. ഖാദറിന്റെ പിതാവ് പരേതനായ യു.ടി ഫരീദ് മുമ്പ് നാല് തവണ ഉളളാള്‍ മണ്ഡലത്തില്‍ നിന്ന് എം.എല്‍.എ ആയിട്ടുണ്ട്. കാസർകോട്ടെയും മംഗളൂരുവിലേയും അതിർത്തി മേഖലകളില്‍ വലിയ ജനസ്വാധീനമുള്ള യു.ടി ഖാദർ മന്ത്രിസഭയിലേക്ക് എത്തുമ്പോള്‍ അതിർത്തി പ്രദേശങ്ങളിലെ മലയാളി ജനതയ്ക്കും അത് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്.

ഭാഷാ-സാംസ്കാരിക അതിർവരമ്പുകളില്ലാതെ കാസർകോട്ടുകാർക്ക് എപ്പോഴും ആശ്രയിക്കാവുന്ന ജനകീയ മന്ത്രിയായിരിക്കും താനെന്ന് ഖാദർ നേരത്തെ തന്നെ തെളിയിച്ചിട്ടുള്ളതാണ്. അതിർത്തിക്കപ്പുറത്ത് കാസർകോടുമായി അടുത്ത ബന്ധമുള്ള നേതാവ് അയല്‍സംസ്ഥാനത്തിന്റെ മന്ത്രിയാകുമ്പോള്‍ കാസർകോട് ജില്ല കാലങ്ങളായി നേരിടുന്ന രാഷ്ട്രീയ അവഗണനയും ചർച്ചയാവുകയാണ്. കേരളത്തില്‍ സർക്കാരുകള്‍ അധികാരത്തില്‍ വരുമ്പോഴെല്ലാം കാസർകോട് ജില്ലയ്ക്ക് മന്ത്രിസഭയില്‍ അർഹമായ പ്രാതിനിധ്യം ലഭിക്കാറില്ല. ആകെയുള്ള അഞ്ചു നിയമസഭാ സീറ്റുകളില്‍ നാലെണ്ണവും നേടി ചരിത്രത്തിലെ ഏറ്റവും വലിയ വിജയം നേടിയിട്ടും യു.ഡി.എഫ് സർക്കാരിലും കാസർകോടിന് അവഗണനയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!