KSDLIVENEWS

Real news for everyone

ചെർക്കളയിൽ ദേശീയപാത നിർമാണത്തിനെടുത്ത മണ്ണ് ഒലിച്ചുതുടങ്ങി; കുണ്ടടുക്കം പുലിക്കുണ്ട് പ്രദേശങ്ങളിൽ വീടുകളുടെ മുറ്റത്തും കിണറുകളിലും മണ്ണ് ഒഴുകിയെത്തി

SHARE THIS ON

ചെർക്കള: മഴക്കാലം വന്നു തുടങ്ങിയതോടെ ദേശീയപാത മേൽപാലത്തിന് സമീപം കുണ്ടടുക്കം, പുലിക്കുണ്ട് പ്രദേശങ്ങളിലെ ജനങ്ങൾ വീണ്ടും ഭീതിയിൽ. ചെർക്കള ജംക്‌ഷനിൽ നിന്നു 100 മീറ്റർ തെക്കു ഭാഗത്ത് മേൽപാലം നിർമാണത്തിനു വേണ്ടി കുഴിച്ചെടുത്തു മേൽപാലത്തിനടിയിൽ നിക്ഷേപിച്ച മണ്ണ് മഴയിലും നാനാ ഭാഗത്തു നിന്നു വന്നു ചേർന്ന വെള്ളക്കെട്ടിലും ഒലിച്ചു പോയിത്തുടങ്ങി. മേൽപാലത്തിനു അടിയിൽ കിഴക്കു ഭാഗത്തു 20 മീറ്ററിലേറെ താഴ്ചയിലുള്ള വീടുകളുടെ മുറ്റത്തും കിണറുകളിലും കൃഷിയിടങ്ങളിലുമാണ് മണ്ണ് ഒഴുകിയെത്തിയത്. സംരക്ഷണ ഭിത്തിയും വെള്ളം ഒഴുകിപ്പോകുന്നതിനു ശാസ്ത്രീയ ഡ്രെയ്നേജ് സംവിധാനവും ഇല്ലാത്തതാണ് ഇതു തുടരുന്നത്. ദേശീയപാത നിർമാണ കമ്പനി അധികൃതർ ചെർക്കള ജംക്‌ഷൻ വരെയാണ് ഡ്രെയ്നേജ് നിർമിച്ചിട്ടുള്ളത്. മഴ കനത്താൽ മണ്ണിടിച്ചിലും വെള്ളക്കെട്ടും ശക്തമാകും.

പരിഹാരമില്ലാതെ 
സ്ഥിതി പരിശോധിക്കാൻ ആർഡിഒ, തഹസിൽദാർ, പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ വിവിധ രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെ സ്ഥലം സന്ദർശിച്ചു പരിഹാര നടപടികൾ ആവശ്യപ്പെട്ടു. വെള്ളക്കെട്ടും മണ്ണു നിക്ഷേപിച്ച ഭാഗത്തുള്ള ഫില്ലറിലെ വിള്ളൽ രണ്ടു മാസം കഴിഞ്ഞും കാര്യക്ഷമമായി പരിഹാരം കണ്ടില്ലെന്നും ഒഴുകിവരുന്ന വെള്ളം വീടുകളെയും കൃഷിയിടങ്ങളെയും ബാധിക്കാത്ത വിധത്തിൽ തിരിച്ചുവിടണമെന്ന ആവശ്യം റോഡ് നിർമാണ അധികൃതർ ഇതുവരെ സ്വീകരിച്ചില്ലെന്നുമാണു വാർഡ് അംഗം കെ.ജയകുമാരി ആരോപിക്കുന്നത്. ദേശീയപാത വികസനത്തിനുവേണ്ടി നിർമാണം തുടങ്ങിയ നാലു വർഷമായി മണ്ണിടിച്ചിൽ, വെള്ളക്കെട്ട് പ്രശ്നം അനുഭവിക്കുകയാണ് ഈ പ്രദേശത്തുകാർ. ഗതാഗത സൗകര്യം ഉൾപ്പെടെയാണ് തടസ്സപ്പെടുന്നത്.

മേൽപാലത്തിന് ബലക്ഷയം 
മേൽപാലത്തിന്റെ ഫില്ലറിൽ വിള്ളൽ ഉണ്ടെന്നു അറിയിച്ചപ്പോൾ ചെളി നിറച്ചു മറച്ചുവച്ചതായി ആരോപണം ഉണ്ടായിരുന്നു. മേൽപാലത്തിനു ബലക്ഷയം ഉണ്ടാകുമെന്ന സ്ഥിതിയാണെന്ന പരാതിയുണ്ട്. പണി തീർന്ന മേൽപാലത്തിന്റെ ഒരു ഭാഗം (ചെർക്കള – ചട്ടഞ്ചാൽ റൂട്ട്) വാഹനഗതാഗതത്തിനു നേരത്തെ തുറന്നുകൊടുത്തിരുന്നു. ചെങ്കള പഞ്ചായത്ത് ഓഫിസ്, മാർത്തോമ്മാ സ്കൂൾ തുടങ്ങിയ ഭാഗങ്ങളിൽ നിന്നു ഒഴുകിയെത്തുന്ന മലിനജലം ഉൾപ്പെടെ വന്നു ചേരുന്നതിന് ചെർക്കള ടൗൺ വരെ ഡ്രെയ്നേജ് ഉണ്ട്. തുടർന്നു ഡ്രെയ്നേജ് ഇല്ല.

രാപകൽ ആശങ്ക 
മണ്ണിടിച്ചിലും നിക്ഷേപിച്ച മണ്ണ് വെള്ളക്കെട്ടിൽ ഒഴുകിവരുന്നതും ഉൾപ്പെടെ കാരണം ഈ പ്രദേശങ്ങളിലുള്ളവർ രാപകൽ ആശങ്കയിലാണ്. വർഷം തോറും മഴക്കാലത്ത് ഇത് തുടരുന്നു. വീടുകളിലേക്കും കൃഷിയിടങ്ങളിലും മലിനജലം ഉൾപ്പെടെ വെള്ളക്കെട്ടും മണ്ണും എത്തുന്നത് തടയാൻ ആവശ്യമായ പരിഹാര നടപടികൾ സ്വീകരിക്കുന്നതിൽ നിർമാണ കമ്പനി അധികൃതർ കടുത്ത അനാസ്ഥ കാണിക്കുന്നുവെന്നാണ് നാട്ടുകാരും ആക്‌ഷൻ കമ്മിറ്റി ഭാരവാഹികളും ജനപ്രതിനിധികളും ആരോപിക്കുന്നത്. ദേശീയപാത വികസന പ്രവൃത്തികൾ വളരെ മന്ദഗതിയിലാണെന്ന പരാതികൾക്ക് ഇനിയും പരിഹാരമായില്ല. പ്രശ്നം ഉടൻ പരിഹരിക്കണമെന്ന് ദേശീയപാത നിർമാണ ജീവനക്കാരെ വിളിച്ചുവരുത്തി നിർദേശം നൽകിയതായി പഞ്ചായത്ത് പ്രസിഡന്റ് വസന്തൻ അജക്കോട്, വികസനകാര്യ സമിതി ചെയർമാൻ ഷുക്കൂർ ചെർക്കള എന്നിവർ അറിയിച്ചു.

അടിയന്തര പരിഹാരത്തിന് ശ്രമം 
കാസർകോട് ∙ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ചെർക്കളയിൽ മേൽപാലം നിർമാണത്തിനായി കൂട്ടിയിട്ട മണ്ണ് മഴവെള്ളപ്പാച്ചിലിൽ വീടുകളിലേക്ക് ഒലിച്ചിറങ്ങിയ പ്രശ്നത്തിന് അടിയന്തര പരിഹാരമാകുന്നു. ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് വസന്തൻ അജക്കോട് വാർഡ് മെംബർമാർ, മറ്റ് ജനപ്രതിനിധികൾ എന്നിവരുടെ ശക്തമായ ആവശ്യത്തെത്തുടർന്ന് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് അടിയന്തര നടപടികൾക്ക് രൂപം നൽകി. കാസർകോട് ആർ.ഡി.ഒ ബിനു ജോസഫ്, തഹസിൽദാർ ഷെറിൽ ബാബു, ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ, നിർമാണ കരാർ കമ്പനി പ്രതിനിധികൾ എന്നിവരടങ്ങുന്ന സംഘമാണ് നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തിയത്.

പ്രധാന തീരുമാനങ്ങൾതാൽക്കാലിക ബണ്ട് നിർമാണം: മേൽപാലത്തിന്റെ തൂണുകൾക്ക് സമീപം താൽക്കാലികമായി ബണ്ട് നിർമിച്ച് ഒഴുക്കുവെള്ളം തടഞ്ഞുനിർത്തും. ഈ വെള്ളം സുരക്ഷിതമായി ഓവുച്ചാലുകളിലൂടെ ഒഴുക്കിവിടാനുള്ള നടപടികൾ ഉടൻ ആരംഭിക്കും. യുദ്ധകാലാടിസ്ഥാനത്തിൽ നിർമാണം നടത്തുമെന്നാണ് ഉറപ്പു നൽകിയത്. നിർമാണ കമ്പനിയിലെ പരമാവധി തൊഴിലാളികളെയും ആവശ്യമായ യന്ത്രസാമഗ്രികളും ചെർക്കളയിൽ എത്തിച്ച്, ഇവിടുത്തെ സുരക്ഷാ ജോലികൾ വേഗത്തിൽ പൂർത്തിയാക്കാൻ കരാർ കമ്പനിക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്.

നാളെ അടിയന്തരയോഗം 
ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട തുടർന്നുള്ള പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനായി നാളെ കാസർകോട് ആർഡിഒ ഓഫിസിൽ പ്രത്യേക യോഗം വിളിച്ചുചേർത്തിട്ടുണ്ട്. ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, മെംബർമാർ, മറ്റ് ജനപ്രതിനിധികൾ, ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ, കരാർ കമ്പനി പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുക്കുമെന്ന് ആർഡിഒ അറിയിച്ചു. പ്രദേശവാസികളുടെ ആശങ്കകൾ പരിഹരിച്ച് നിർമാണവുമായി മുന്നോട്ടു പോകുന്നതിനാണ് തീരുമാനം.

error: Content is protected !!