ബന്ധുനിയമനത്തിൽ രാജി; മന്ത്രി സണ്ണി ജോസഫിന്റെ സഹോദരീഭർത്താവ് പേഴ്സണൽ സ്റ്റാഫിൽനിന്ന് രാജിവെച്ചു

തിരുവനന്തപുരം: വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ പേഴ്സണൽ സ്റ്റാഫിൽ നിയമിതനായിരുന്ന ബന്ധു രാജിവെച്ചു. മന്ത്രിയുടെ സഹോദരീ ഭർത്താവും കണ്ണൂർ ഡി.സി.സി. ജനറൽ സെക്രട്ടറിയുമായ ബെന്നി തോമസാണ് രാജിവെച്ചത്. രാജിക്കത്ത് മുഖ്യമന്ത്രി വി.ഡി. സതീശന് കൈമാറി. ബന്ധുവിനെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചത് വിവാദമായതിനു പിന്നാലെയാണ് രാജി.
ബെന്നിയെ പേഴ്സണൽ സ്റ്റാഫിൽ ഉൾപ്പെടുത്തിയത് സഹോദരിയുടെ ഭർത്താവ് എന്ന മാനദണ്ഡത്തിലല്ലെന്നും അദ്ദേഹം നല്ലൊരു പൊതുപ്രവർത്തകനാണെന്നും സണ്ണി ജോസഫ് ന്യായീകരിച്ചിരുന്നു. എന്നാൽ, ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും പരിശോധിച്ചശേഷം പറയാമെന്നുമായിരുന്നു മുഖ്യമന്ത്രി വി.ഡി. സതീശൻ വിഷയത്തിൽ പ്രതികരിച്ചത്.
കണ്ണൂർ ഉളിക്കൽ സ്വദേശിയും ഡി.സി.സി. ജനറൽ സെക്രട്ടറിയുമാണ് ബെന്നി തോമസ്. ബന്ധുനിയമനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ എൽ.ഡി.എഫ്. സർക്കാരിനെതിരേ യു.ഡി.എഫ്. രൂക്ഷ വിമർശനമുയർത്തിയിരുന്നു. അതേ മുന്നണിയിൽനിന്നുതന്നെ ഈ രീതിയിലുള്ള നിയമനം വന്നതാണ് വലിയ വിമർശനങ്ങൾക്കിടയാക്കിയത്.

