KSDLIVENEWS

Real news for everyone

കാസർകോട്ട് കെ.എസ്.ആർ.ടി.സിഓർഡിനറി ട്രിപ്പുകൾ 20-ൽ താഴെ മാത്രം; സ്ത്രീകളുടെ സൗജന്യയാത്ര അത്ര വിശാലമാകില്ല

SHARE THIS ON

കാഞ്ഞങ്ങാട്: പട്ടിക നോക്കിയാൽ ജില്ലയിലെ കെ.എസ്.ആർ.ടി.സി. ബസുകളിൽ ‘ഓർഡിനറി’ ആണ് കൂടുതൽ. എന്നാൽ ട്രിപ്പുകൾ തിരിച്ചുള്ള വിവരമെടുത്താൽ ‘ഓർഡിനറി’ എന്ന പേരിലേക്ക്‌ ചുരുങ്ങില്ല ഇവ. ആ കണക്കിലേക്കുപോയാൽ ജില്ലയിൽ സ്ത്രീകൾക്ക് സൗജന്യയാത്ര സൗകര്യം ലഭിക്കുക 20-ൽ താഴെ ട്രിപ്പുകളിൽ മാത്രം. ടിക്കറ്റ് ഫെയർ സ്റ്റേജ് കണക്കാക്കിയാണ് പറയുന്നതെങ്കിൽ ടൗൺ ടു ടൗൺ ബസുകളും ലിമിറ്റഡ് സ്റ്റോപ്പ് ബസുകളും ഓരോ സ്റ്റോപ്പിലും നിർത്തുന്ന ബസുകളും ഓർഡിനറിയാണ്. ടൗൺ ടു ടൗൺ, ലിമിറ്റഡ് സ്റ്റോപ്പ് ബസുകളെ സൗജന്യയാത്രാ പദ്ധതിയുടെ ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തുന്നില്ല. അങ്ങനെവരുമ്പോൾ ആനൂകൂല്യം കിട്ടുന്നത് ഓരോ സ്റ്റോപ്പിലും നിർത്തുന്ന സാധാരണ ബസുകളിൽ മാത്രമാകും. ദേശീയപാതയിലൂടെയുള്ള ബസുകളിൽ ഓരോ സ്റ്റോപ്പിലും നിർത്തുന്ന ബസുകൾ തുലോം കുറവാണ്.

കാഞ്ഞങ്ങാട്-കാസർകോട് സംസ്ഥാനപാതയിൽ വിരലിലെണ്ണാവുന്ന ബസുകളേ ഈ വിഭാഗത്തിൽ ഉള്ളൂ. കാസർകോട് ഡിപ്പോയിൽ 96 ബസുകളാണ് ആകെയുള്ളത്. സ്വിഫ്റ്റ്-രണ്ട്, ഡീലക്സ്-11, സൂപ്പർ ഫാസ്റ്റ്-ഒന്ന്, ഫാസ്റ്റ് പാസഞ്ചർ-16. ഇത്രയും വിഭാഗത്തിലായി 30 ബസുകൾ കഴിച്ചാൽ ബാക്കി 66 എണ്ണവും കെ.എസ്.ആർ.ടി.സി.യുടെ കണക്കിൽ ഓർഡിനറിയാണ്. ഇതിൽ ടി.ടി.യും ലിമിറ്റഡ് സ്റ്റോപ്പും മാറ്റിയാൽ 10 ബസുകൾ തികച്ചില്ല എല്ലാ സ്റ്റോപ്പിലും നിർത്തുന്ന, ടിക്കറ്റ് ആനുകൂല്യം ലഭ്യമാകുമെന്ന് പറയുന്ന ഓർഡിനറി ബസുകൾ. കാസർകോടുനിന്ന് മംഗളൂരു, സുള്ള്യ, പുത്തൂർ എന്നിവിടങ്ങളിലേക്കുള്ള ഓർഡിനറി ബസുകൾ 30 എണ്ണമാണ്.

അന്തസ്സംസ്ഥാന റൂട്ടിലുള്ള ബസുകൾക്ക് കർണാടകയിലും ടിക്കറ്റ് ആനുകൂല്യമില്ല. മാത്രമല്ല, ഈ റൂട്ടിലുള്ളത് മിക്കതും ലിമിറ്റഡ് സ്റ്റോപ്പ് ബസുകളാണ്താനും. ബാക്കിവരുന്നത് 36 ബസുകളാണ്. അതിൽ 27 എണ്ണവും ടൗൺ-ടൗണും ലിമിറ്റഡ് സ്റ്റോപ്പുമായി 27 ബസുകളുണ്ട്. ബന്തടുക്കയുൾപ്പെടെയുള്ള കിഴക്കൻ മലയോരത്തേക്കും ചെമ്പരിക്കയടക്കമുള്ള ഉൾനാടൻ പ്രദേശങ്ങളിലേക്കുമുള്ള ബസുകളാണ് ബാക്കിയുള്ളത്. യാത്രാ ചാർജ് ആനുകൂല്യം കിട്ടുന്നത് ഫലത്തിൽ ഈ ബസുകൾക്ക് മാത്രമാകും. കാഞ്ഞങ്ങാട് ഡിപ്പോയിൽ 60 ബസുകളാണ് ആകെയുള്ളത്. സൂപ്പർ ഡീലക്സ്-ഒന്ന്, സൂപ്പർ ഫാസ്റ്റ്-രണ്ട്, ഫാസ്റ്റ് പാസഞ്ചർ-അഞ്ച്. ഇത്രയും വിഭാഗത്തിൽപ്പെട്ട എട്ട്‌ ബസുകൾ കഴിച്ച് ബാക്കി 52 ബസുകളും ഓർഡിനറിയാണ്. ഇതിൽ ടി.ടി.യും എൽ.എസുമായി 26 ബസുകളുണ്ട്. ബാക്കി 26 ബസുകൾ ആനുകൂല്യം പ്രഖ്യാപിക്കപ്പെട്ട ‘ഓർഡിനറി’കളാണ്. പക്ഷേ, ഈ 26 എണ്ണം എല്ലായ്‌പ്പോഴും ‘ഓർഡനറി’യല്ല. പാണത്തൂർ, കൊന്നക്കാട് തുടങ്ങിയ കിഴക്കൻ മലയോരത്തേക്കും മറ്റ് ഉൾനാടൻ പ്രദേശത്തേക്കുമുള്ള ട്രിപ്പുകൾ മാത്രമാണ് ഓർഡിനറിയാകുന്നത്.

മലയോരത്തേക്കുള്ള ഒരു സർവീസ് കഴിഞ്ഞാൽ ആ ബസ് ചിലപ്പോൾ കാസർകോട്ടേക്കോ മംഗളൂരുവിലേക്കോ പോയിവരും. അതല്ലെങ്കിൽ കാഞ്ഞങ്ങാട്-കാസർകോട് ട്രിപ്പായി രണ്ടോ മൂന്നോ സർവീസ് നടത്തും. ഈ സമയങ്ങളിൽ ഓർഡിനറിയെ ലിമിറ്റഡ് സ്റ്റോപ്പ് ആക്കി മാറ്റും. ഫലത്തിൽ ഇവിടെയും പത്തിൽ താഴെ മാത്രം ട്രിപ്പുകളിലേ സ്ത്രീകൾക്ക് സൗജന്യമായി യാത്രചെയ്യാൻ കഴിയൂ.

error: Content is protected !!