കാഞ്ഞങ്ങാട് ചാലിങ്കാൽ ടോള്‍ പ്ലാസയില്‍ വീണ്ടും വേ ബ്രിഡ്ജ് നിര്‍മാണ ശ്രമം നാട്ടുകാർ തടഞ്ഞു

കാഞ്ഞങ്ങാട്: ചാലിങ്കാൽ ടോള്‍ പ്ലാസയില്‍ വീണ്ടും വേ ബ്രിഡ്ജ് നിര്‍മാണത്തിനുള്ള ശ്രമം ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തടഞ്ഞു. ടോള്‍പ്ലാസയില്‍ കലക്ടറുടെ നിര്‍ദേശം ലംഘിച്ച് ആരംഭിച്ച വേ ബ്രിഡ്ജ് നിര്‍മാണപ്രവൃത്തി നടക്കുന്നതായി ആരോപിച്ചാണ് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ തടഞ്ഞത്. വ്യാഴാഴ്ച രാവിലെയാണ് നാട്ടുകാര്‍ ടോള്‍പ്ലാസയിലെത്തി പ്രതിഷേധിച്ചത്. ചാലിങ്കാലിലെ എണ്ണപ്പാറ ആദിവാസി ഉന്നതിയിലേക്കുള്ള സഞ്ചാരമാര്‍ഗം അടച്ചുകൊണ്ട് ടോള്‍ പ്ലാസയുടെ വേ ബ്രിഡ്ജ് നിര്‍മിക്കുന്നതിനെതിരെ പ്രദേശത്ത് പ്രതിഷേധം ശക്തമാണ്. വേ ബ്രിഡ്ജ് നിര്‍മാണത്തോട് എതിര്‍പ്പില്ലെന്നും എന്നാല്‍, 50ഓളം ആദിവാസി കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശത്തേക്കുള്ള സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചുകൊണ്ടാകരുതെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
വേ ബ്രിഡ്ജിന്റെ നിര്‍മാണം നേരത്തേ നാട്ടുകാര്‍ തടയുകയും ആദിവാസി ഉന്നതിയിലേക്ക് പോകാന്‍ വഴിയൊരുക്കാതെ നിര്‍മാണം അനുവദിക്കില്ലെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് പ്രവൃത്തി താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. ദേശീയപാത നിര്‍മാണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി കഴിഞ്ഞ ദിവസം കലക്ടറുടെ സാന്നിധ്യത്തില്‍ നടന്ന യോഗത്തില്‍ ചാലിങ്കാലിലെ ടോള്‍ പ്ലാസ വിഷയവും ചര്‍ച്ചക്ക് വന്നിരുന്നതായി നാട്ടുകാർ പറഞ്ഞു. എം.പി, എം.എല്‍.എമാര്‍, മറ്റ് ജനപ്രതിനിധികള്‍ മേഘയുടെ പ്രതിനിധികള്‍, വിവിധ രാഷ്ട്രീയപാര്‍ട്ടിപ്രതിനിധികള്‍ എന്നിവരുള്‍പ്പെടെ പങ്കെടുത്ത യോഗത്തില്‍ ചാലിങ്കാല്‍ എണ്ണപ്പാറ ഉന്നതിയിലേക്കുള്ള വഴിയൊരുക്കിയ ശേഷം മാത്രമേ വേ നിര്‍മാണം നടത്താന്‍ പാടുള്ളൂവെന്ന് കലക്ടര്‍ നിര്‍ദേശം നല്‍കിയിരുന്നു.
കലക്ടറുടെ സാന്നിധ്യത്തിലെടുത്ത തീരുമാനം ലംഘിച്ചുകൊണ്ട് ബുധനാഴ്ച രാവിലെ വേ ബ്രിഡ്ജ് നിര്‍മാണ പ്രവൃത്തികള്‍ പുനരാരംഭിക്കുകയായിരുന്നു. ഇതോടെയാണ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തുവന്നത്. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് അമ്പലത്തറ പൊലീസും സ്ഥലത്തെത്തി. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. സോയ, പുല്ലൂര്‍ പെരിയ പഞ്ചായത്ത് പ്രസിഡന്റ് സി.കെ. സബിത, ജനപ്രതിനിധികൾ ടോള്‍പ്ലാസയിലെത്തി ആദിവാസി ഉന്നതിയിലേക്കുള്ള വഴി തടസ്സപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ടു. ചാലിങ്കാലിലെ ജമാ അത്ത് പള്ളിക്ക് സമീപത്ത് കൂടി എണ്ണപ്പാറ ഉന്നതിയിലേക്ക് വഴിയൊരുക്കാമെന്നും അതിനു ശേഷം മാത്രമേ വേ നിര്‍മാണം പുനരാരംഭിക്കൂവെന്നും കരാർ കമ്പനി ഉറപ്പ് നല്കി. തുടർന്ന് നാട്ടുകാർ പ്രതിഷേധം അവസാനിപ്പിച്ചു.

