മംഗലാപുരത്തേക്കുള്ള തിങ്ങിനിറഞ്ഞ ബസിൽ അധികവും സ്ത്രീകൾ;
യാത്രയ്ക്കിടയില്‍ സ്ത്രീ യാത്രാക്കാരിയുടെ 30,000 രൂപ നഷ്ടപ്പെട്ടു; മുഴുവന്‍ യാത്രക്കാരെയും പോലീസ് പരിശോധിച്ചിട്ടും നഷ്ടപ്പെട്ട പണം കണ്ടെത്താനായില്ല

കാസർകോട്: കെ എസ് ആർ ടി സി ബസ് യാത്രയ്ക്കിടയിൽ വീട്ടമ്മയുടെ 30,000 രൂപ നഷ്ടപ്പെട്ടതായി പരാതി. മൊഗ്രാൽപുത്തൂർ സ്വദേശിനിയായ 50 കാരിയുടെ പണമാണ് ബസ് യാത്രയ്ക്കിടയിൽ വാനിറ്റി ബാഗിൽ നിന്നു നഷ്ടപ്പെട്ടത്.
സംഭവത്തെ കുറിച്ച് കുമ്പള പൊലീസ് നൽകുന്ന വിവരങ്ങൾ ഇങ്ങനെ-“സ്വർണ്ണാഭരണം വിറ്റ കാശുമായി വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്നു പരാതിക്കാരി .കാസർകോട് നിന്നു മംഗ്ളൂരുവിലേയ്ക്ക് പോകുന്ന കെ എസ് ആർ ടി സി യുടെ പ്രിയദർശിനി സൗജന്യ യാത്ര ബസിലാണ് വീട്ടമ്മ യാത്ര ചെയ്തിരുന്നത്. ബസ് ചൗക്കിയിൽ എത്തിയപ്പോഴാണ് വാനിറ്റി ബാഗിൽ സൂക്ഷിച്ചിരുന്ന 30,000 രൂപ നഷ്ടപ്പെട്ടതായുള്ള കാര്യം അറിഞ്ഞത്.
ഉടൻ ബഹളം വയ്ക്കുകയും കണ്ടക്ടറോട് വിവരം പറയുകയും ചെയ്തു. തുടർന്ന് ബസ് നേരെ കുമ്പള പൊലീസ് സ്റ്റേഷനിലേയ്ക്ക് വിട്ടു. ബസിലെ 70 യാത്രക്കാരിൽ 68 പേരും സ്ത്രീയാത്രക്കാരായിരുന്നു. ഇവരെ വനിതാ പൊലീസും രണ്ടു പുരുഷ യാത്രക്കാരെ ആൺ പൊലീസും ദേഹ പരിശോധനയ്ക്കു വിധേയരാക്കിയെങ്കിലും പണം കണ്ടെത്താൻ കഴിഞ്ഞില്ല. പരിശോധന പൂർത്തിയാകുമ്പോൾ രാത്രി ഏഴരമണിയായിരുന്നു. വീട്ടമ്മയുടെ വാനിറ്റി ബാഗിൽ നിന്നു പണം കൈക്കലാക്കിയവർ ബസ് ചൗക്കിയിൽ എത്തുന്നതിനു മുമ്പു തന്നെ ഇറങ്ങിപ്പോയതായി സംശയിക്കുന്നു”. പണം അപഹരിച്ച ആളെ കണ്ടെത്താൻ കാസർകോട് പുതിയ ബസ് സ്റ്റാന്റ് മുതൽ ചൗക്കി വരെ വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുള്ള സി സി ടി വി ക്യാമറകളിലെ പരിശോധിക്കാനാണ് പൊലീസിന്റെ തീരുമാനം.

