മുണ്ടക്കൈ-ചൂരൽമല ടൗൺഷിപ്പ്: രണ്ടാംഘട്ടം മന്ദഗതിയിലെന്ന് ആക്ഷേപം, ആശങ്ക പങ്കുവെച്ച് ദുരന്തബാധിതർ

കല്പറ്റ: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതരെ പുനരധിവസിപ്പിക്കുന്നതിനായി കല്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ നിർമിക്കുന്ന ടൗൺഷിപ്പിന്റെ രണ്ടാംഘട്ട നിർമാണം മന്ദഗതിയിലെന്ന് ആക്ഷേപം. രണ്ടാംഘട്ടത്തിൽ നിർമിക്കേണ്ട 149 വീടുകളുടെ നിർമാണത്തിനും അനുബന്ധപ്രവൃത്തികളിലും പ്രതീക്ഷിച്ച വേഗമില്ലെന്നും സമയബദ്ധമായി ടൗൺഷിപ്പ് നിർമാണം പൂർത്തിയാകുമോ തുടങ്ങിയ ആശങ്കകളാണ് ദുരിതബാധിതർ പങ്കുവെക്കുന്നത്. തൊഴിലാളികളുടെ കുറവ് ഉൾപ്പെടെയുള്ളവയാണ് ടൗൺഷിപ്പ് പ്രവൃത്തി മന്ദഗതിയിലാക്കിയത്. ഇതരസംസ്ഥാനത്തൊഴിലാളികൾ നാട്ടിലേക്ക് പോയിട്ട് തിരികെയെത്താത്തതാണ് പ്രധാനപ്രശ്നം.
നേരത്തേ, ടൗൺഷിപ്പിന്റെ പ്രവൃത്തി വേഗത്തിലാക്കാൻ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ (യു.എൽ.സി.സി.എസ്.) നേതൃത്വത്തിൽ നിർമാണപ്രവൃത്തി നടക്കുന്നയിടങ്ങളിൽനിന്ന് തൊഴിലാളികളെ എത്തിച്ചിരുന്നു. നിലവിൽ അവരെയും തിരികെ കൊണ്ടുപോയി. ഇതുകാരണം തൊഴിലാളികളുടെ ക്ഷാമം ടൗൺഷിപ്പ് പ്രവൃത്തിയെ ബാധിച്ചിട്ടുണ്ട്. നേരത്തേ, രണ്ടായിരത്തോളം തൊഴിലാളികൾ ഉണ്ടായിരുന്നിടത്ത് ഇപ്പോൾ എണ്ണൂറോളം തൊഴിലാളികളാണുള്ളത്. അഞ്ചാമത്തെ സോണിലാണ് കൂടുതൽ വീടുകളുടെ നിർമാണം പൂർത്തിയാവാനുള്ളത്. ഭൂരിഭാഗം വീടുകളുടെയും വാർപ്പ് പൂർത്തിയായെങ്കിലും അനുബന്ധപ്രവൃത്തികൾ ബാക്കിയുണ്ട്. ഒക്ടോബർ വരെയാണ് കരാർപ്രകാരമുള്ള ടൗൺഷിപ്പിന്റെ നിർമാണകാലാവധി.
ചീഫ് ഓപ്പറേറ്റിങ് ഓഫീസറെ നിയമിക്കണം
ടൗൺഷിപ്പ് നിർമാണപ്രവൃത്തിയുടെ മേൽനോട്ടത്തിനായുള്ള ചീഫ് ഓപ്പറേറ്റിങ് ഓഫീസർ തസ്തികയിൽ നിലവിൽ ആളില്ലാത്തതും ടൗൺഷിപ്പ് പ്രവൃത്തി മന്ദഗതിയിലാവാൻ കാരണമായതായി മുണ്ടക്കൈ-ചൂരൽമല ജനകീയ കർമസമിതി കൺവീനർ ജെ.എം.ജെ. മനോജ് പറഞ്ഞു. നേരത്തേ സ്ഥാനം വഹിച്ചിരുന്ന ജെ.ഒ. അരുണിനെ കഴിഞ്ഞ എട്ടിനാണ് സർക്കാർ സർവേ ആൻഡ് ലാൻഡ് റെക്കോഡ്സ് വകുപ്പ് ഡയറക്ടറായി നിയമിച്ചത്. എന്നാൽ, അദ്ദേഹത്തിനുതന്നെ ടൗൺഷിപ്പിന്റെ സ്പെഷ്യൽ ഓഫീസറുടെ അധികച്ചുമതലയും നൽകിയിട്ടുണ്ട്. എന്നാൽ, ചീഫ് ഓപ്പറേറ്റിങ് ഓഫീസർ തസ്തികയിൽ നിയമനം നടത്തിയിട്ടില്ല. ഇതുകാരണം തുടർപ്രവർത്തനങ്ങളുടെ മേൽനോട്ടം ആരു നിർവഹിക്കുമെന്നതിലാണ് വ്യക്തതക്കുറവ്. ഇത്തരം പ്രശ്നങ്ങൾ പരിഹരിച്ച് പ്രവൃത്തി വേഗത്തിലാക്കണമെന്നാണാവശ്യം. വളരെ ബുദ്ധിമുട്ടി വാടകവീടുകളിൽ താമസിക്കുന്നവരുണ്ട് ടൗൺഷിപ്പ് നിർമാണം വേഗത്തിലാക്കി ഇവരുടെ പുനരധിവാസവും വേഗത്തിലാക്കണമെന്നും ജെ.എം.ജെ. മനോജ് പറഞ്ഞു.
നാട്ടിലേക്കുപോയ തൊഴിലാളികൾ തിരിച്ചെത്തിക്കൊണ്ടിരിക്കുകയാണെന്നും കൂടുതൽ തൊഴിലാളികൾ എത്തുന്നതോടെ പ്രവൃത്തി വേഗത്തിലാവുമെന്നും യു.എൽ.സി.സി.എസ്. അധികൃതർ പറഞ്ഞു. നിലവിൽ വീടുകളുടെ പ്ലംബിങ്, വയറിങ് തുടങ്ങിയ പ്രവൃത്തികളാണ് പ്രാധാനമായും നടക്കുന്നതെന്നും പ്രവൃത്തി പൂർത്തിയാക്കി വീടുകൾ വേഗത്തിൽ കൈമാറുമെന്നും അധികൃതർ പറഞ്ഞു.
ഫെയ്സ് ഒന്നിൽ കൂടുതൽപ്പേർതാമസം തുടങ്ങി
ടൗൺഷിപ്പിൽ ആദ്യഘട്ടം വീടുകൾ കൈമാറിയ ഫെയ്സ് ഒന്നിലെ 178 കുടുംബങ്ങളിൽ 150-ലധികംപേർ നിലവിൽ താമസം തുടങ്ങി. ബാക്കിയുള്ളവർ താമസം തുടങ്ങുന്നതിനുള്ള തയ്യാറെടുപ്പിലാണ്. ഗൃഹോപകരണങ്ങൾ ഉൾപ്പെടെയുള്ളവ വീടുകളിലേക്ക് എത്തിക്കുന്നതിന്റെ തിരക്കിലാണ്. ഭക്ഷണാവശിഷ്ടങ്ങൾ കളയാൻ മാർഗമില്ലാത്തതാണ് ഇപ്പോൾ താമസം തുടങ്ങിയവർ നേരിടുന്ന പ്രശ്നം. വിഷയം നഗരസഭാധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും പരിഹരിക്കുമെന്ന് അവർ ഉറപ്പുനൽകിയതായും ഫെയ്സ് വൺ കൂട്ടായ്മ കൺവീനർ രമേഷ് വയനാട് പറഞ്ഞു.

