മോഷ്ടിച്ച 70 ലക്ഷം ഓഹരിവിപണിയിൽ, ആഡംബര ജീവിതം; ജൂവലറി കവർച്ചക്കേസ് പ്രതി എരുമാട് ജോസ് അറസ്റ്റിൽ

വണ്ടൂർ: വണ്ടൂർ തരംഗിണി സിൽവർ ജൂവലറിയിൽനിന്ന് 19 ലക്ഷം രൂപയുടെ വെള്ളി ആഭരണങ്ങളും പതിനായിരത്തോളം രൂപയും കവർന്ന കേസിലെ പ്രതി അന്തഃസംസ്ഥാന മോഷ്ടാവ് ജോസ് മാത്യു (56) എന്ന എരുമാട് ജോസ് അറസ്റ്റിലായി. ഗൂഡല്ലൂർ എരുമാട് സ്വദേശിയായ ഇയാളെ പ്രത്യേക അന്വേഷണസംഘം കളമശ്ശേരിയിൽനിന്നാണ് പിടികൂടിയത്.
കഴിഞ്ഞ മേയ് 20-ന് ജൂവലറിയുടെ പുറകുവശത്തെ ചുമർ കുത്തിത്തുറന്ന് അകത്തുകയറിയ പ്രതി ഏഴ് കിലോഗ്രാമിലധികം വെള്ളി ആഭരണങ്ങളാണ് കവർന്നത്. കടയിലെ സി.സി.ടി.വി. ദൃശ്യങ്ങളും വിവിധ സ്ഥലങ്ങളിൽനിന്നുള്ള ക്യാമറാ ദൃശ്യങ്ങളും പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്. മലപ്പുറം ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നേതൃത്വത്തിലും നിലമ്പൂർ ഡിവൈ.എസ്.പി. വി.കെ. വിശ്വംഭരൻ നായരുടെ മേൽനോട്ടത്തിലും രൂപവത്കരിച്ച പ്രത്യേകസംഘമാണ് അന്വേഷണം നടത്തിയത്. കളമശ്ശേരിയിൽ പ്രതിയുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് വണ്ടൂർ ഇൻസ്പെക്ടർ നിതീഷിന്റെ നേതൃത്വത്തിലുള്ള സംഘമെത്തിയാണ് അറസ്റ്റുചെയ്തത്.
കവർച്ചയ്ക്കുശേഷം കോയമ്പത്തൂർ, സേലം എന്നിവിടങ്ങളിൽ ആഭരണങ്ങൾ വിറ്റ് ലഭിച്ചപണം ഉപയോഗിച്ച് ആഡംബര ജീവിതം നയിച്ചുവരികയായിരുന്നു പ്രതി. തമിഴ്നാട്ടിലും എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിലുമായി 150-ഓളം കവർച്ചക്കേസുകളിൽ പ്രതിയാണിയാളെന്നും പോലീസ് അറിയിച്ചു. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി തുടർതെളിവെടുപ്പുകൾ നടത്തും.
മോഷ്ടിച്ച 70 ലക്ഷം ഓഹരിവിപണിയിൽ; ആഡംബര ജീവിതം
വണ്ടൂരിലെ തരംഗിണി സിൽവർ ജൂവലറിയിൽനിന്ന് കവർന്ന ആഭരണങ്ങൾ വിറ്റ് ലഭിച്ച തുകയും മുൻകാല മോഷണങ്ങളിൽനിന്ന് ലഭിച്ച പണവും പ്രതി വിവിധ ഓഹരി നിക്ഷേപങ്ങളിലേക്ക് മാറ്റിയിരുന്നതായി പോലീസ് പറഞ്ഞു. 70 ലക്ഷം രൂപയോളം ഇത്തരത്തിൽ നിക്ഷേപിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തൽ.
മോഷണത്തിനുശേഷം കോയമ്പത്തൂരും സേലവും കേന്ദ്രീകരിച്ച് ആഭരണങ്ങൾ വിറ്റ് ലഭിച്ച പണത്തിന്റെ ഒരു ഭാഗം ചെലവഴിക്കുകയും മറ്റൊരു ഭാഗം നിക്ഷേപങ്ങളിലേക്ക് മാറ്റുകയും ചെയ്തതായി അന്വേഷണസംഘം പറഞ്ഞു. പ്രതിയുടെ ബാങ്ക് അക്കൗണ്ടുകൾ, മറ്റു നിക്ഷേപ വിവരങ്ങൾ, സാമ്പത്തിക ഇടപാടുകൾ എന്നിവയും പരിശോധിക്കും.
മോഷണത്തുക ആഡംബര ജീവിതത്തിന് ഉപയോഗിക്കുന്നതാണ് ജോസിന്റെ രീതി. ആഡംബര ഹോട്ടലുകളിൽ താമസിച്ചും സ്പാ സൗകര്യങ്ങൾ അനുഭവിച്ചുമാണ് ജീവിതം. വിലപിടിപ്പുള്ള മദ്യം, വിലകൂടിയ മൊബൈൽ ഫോൺ, ബ്രാൻഡഡ് കമ്പനിയുടെ വസ്ത്രങ്ങൾ തുടങ്ങിയവയൊക്കെയാണ് ഉപയോഗിച്ചിരുന്നത്.
പിടിയിലായത് മറ്റൊരു കവർച്ചശ്രമത്തിനിടെ
എറണാകുളം പറവൂരിലെ പ്രമുഖ ജൂവലറിയിൽ കവർച്ചയ്ക്ക് പദ്ധതിയിടുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. ഒട്ടേറെ ആയുധങ്ങൾ ഇയാളിൽനിന്ന് കണ്ടെടുത്തിട്ടുണ്ട്. കവർച്ചയ്ക്കായി ഇയാൾ മേയ് 15-നാണ് വണ്ടൂരിലെത്തിയത്. ആൾത്താമസമില്ലാത്ത കെട്ടിടത്തിനു മുകളിലായിരുന്നു താമസം. 20-ന് പുലർച്ചെ ഒന്നോടെയായിരുന്നു ജൂവലറിയിലെ കവർച്ച. കവർച്ചമുതൽ വിറ്റ് കളമശ്ശേരിയിലെ ലോഡ്ജിൽ താമസമാക്കി. മത്സ്യ, കൃഷി ഓഫീസറെന്ന് പറഞ്ഞ് വിശ്വാസംനേടിയായിരുന്നു താമസം.

