KSDLIVENEWS

Real news for everyone

മരവിപ്പിച്ച പണം തരാം, പകരം യുഎസിൽ നിന്ന് ഭക്ഷ്യ സാധനങ്ങൾ വാങ്ങണമെന്ന് ട്രംപ്: പറ്റില്ലെന്ന് ഇറാൻ; ഓഹരികളെ ചുവപ്പിച്ച് ടെക് ഭൂതം

SHARE THIS ON

ഇറാന്റെ മരവിപ്പിച്ച ആസ്തികൾ വിട്ടുനൽകുന്നതിൽ പുതിയ നിബന്ധനയുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാന് 1200 കോടി ഡോളർ വിട്ടുനൽകാമെന്നും എന്നാൽ ഇതുപയോഗിച്ച് യുഎസിൽ നിന്ന് ഭക്ഷ്യസാധനങ്ങൾ വാങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യുഎസിലെ കർഷകർക്കും ഭക്ഷണം കിട്ടാതെ കഷ്ടപ്പെടുന്ന ഇറാനിലെ ജനങ്ങൾക്കും ഇത് ഉപയോഗപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ അഞ്ചു പതിറ്റാണ്ടിനു ശേഷം യുഎസ് – ഇറാൻ വ്യാപാരവും സാധ്യമാകും. എന്നാൽ യുഎസ് നിർദേശം ഇറാൻ അംഗീകരിച്ചിട്ടില്ല. ഇറാനിലെ ജനങ്ങളുടെ കാര്യം യുഎസ് തീരുമാനിക്കേണ്ടെന്നായിരുന്നു മറുപടി. ഹോർമൂസിൽ ഇന്നലെ ചരക്കു കപ്പലിനു നേരെയുണ്ടായ ആക്രമണത്തിനു പിന്നാലെയാണ് പുതിയ സംഭവവികാസങ്ങൾ.

അതേസമയം, ഇറാന്‍-യുഎസ് യുദ്ധത്തിനു താൽകാലികമായ ശമനമായെങ്കിലും വിപണിക്ക് ഭീഷണിയായി വീണ്ടും ടെക് ഓഹരികളിലെ വിൽപന. ഇന്നലെ യുഎസ് ഓഹരി വിപണിയിലെ ടെക് ഓഹരികളിൽ വലിയ ഇടിവുണ്ടായി. ഇന്ന് ഏഷ്യൻ വിപണികളും കനത്ത നഷ്ടത്തിലാണ്. മുഹറം പ്രമാണിച്ച് ഇന്ന് ഇന്ത്യൻ വിപണിക്ക് അവധിയാണ്. ക്രൂഡോയിൽ വില ഇന്നലെ ഉയർന്നെങ്കിലും പിന്നീട് താഴ്ന്നു. സ്വർണവില ഔൺസിന് 4000 ഡോളർ റേഞ്ചിൽ തുടരുകയാണ്.

വിപണിയിലെന്ത്?

ഇന്നലെ ഇന്ത്യൻ വിപണി ലാഭത്തിലാണ് തുടങ്ങിയതെങ്കിലും കനത്ത ലാഭമെടുപ്പ് സൂചികകളെ താഴ്ത്തി. ഇന്ന് മുതൽ തുടങ്ങുന്ന മൂന്നു ദിവസത്തെ അവധിയുടെ ആലസ്യത്തിലായിരുന്നു വിപണി. എങ്കിലും നേട്ടത്തിലാണ് ക്ലോസിങ്. ഇരു സൂചികകളും 0.14 ശതമാനം വീതം ലാഭത്തിലായി.

∙സെൻസെക്സ് 109.25 പോയിന്റ് ഉയർന്ന് 77,100.47ലെത്തി. നിഫ്റ്റി 34.35 പോയിന്റ് നേട്ടത്തിൽ 24,056ലും. നിഫ്റ്റി ഇൻട്രാഡേ ഉയരമായ 24,261ൽ എത്തിയിരുന്നു. പിന്നീടാണ് 200 പോയിന്റ് ഇടിഞ്ഞത്.

∙ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾ മെച്ചപ്പെട്ടതും ക്രൂഡോയിൽ വില കുറഞ്ഞതുമാണ് ഇന്നലെ വിപണിയെ നയിച്ചത്. എന്നാൽ ഉച്ചയ്ക്കു ശേഷം നിക്ഷേപകർ ലാഭമെടുപ്പിലേക്ക് മാറിയത് തിരിച്ചടിയായി.

∙ക്രൂഡോയിൽ വില കുറഞ്ഞതോടെ ഓട്ടോമൊബീൽ ഓഹരികൾ മികച്ച മുന്നേറ്റമുണ്ടാക്കി. ടിവിഎസ്, ബജാജ്, മാരുതി, ടാറ്റ മോട്ടോർസ്, മഹീന്ദ്ര തുടങ്ങിയ കമ്പനികളെല്ലാം ഉയർന്നു. എണ്ണവില കുറഞ്ഞത് ഇൻഡിഗോ എയർലൈൻസിന്റെ മാതൃകമ്പനിയായ ഇന്റർഗ്ലോബ് ഏവിയേഷൻ ഓഹരികളെ 4.7 ശതമാനം നേട്ടത്തിലാക്കി.

∙മുഹറം പ്രമാണിച്ച് ഇന്ന് ഇന്ത്യൻ വിപണിക്ക് അവധിയാണ്. പിന്നാലെ ശനി, ഞായർ ദിവസങ്ങൾ പതിവ് അവധിയും. ഇതോടെ നീണ്ട മൂന്നു ദിവസങ്ങൾ വിപണിക്ക് അവധിയായിരിക്കും. ഇനി തിങ്കളാഴ്ച മാത്രമാണ് വിപണിയിൽ പതിവ് വ്യാപാരം ആരംഭിക്കൂ. ഗണേശ ചതുർഥിയുടെ ഭാഗമായി സെപ്റ്റംബർ 14നാണ് ഇനി വിപണിക്ക് അവധി.

∙ചാഞ്ചാട്ടത്തിനിടയിലും തുടർച്ചയായ മൂന്നാം ആഴ്ചയും നേട്ടത്തിൽ അവസാനിക്കാൻ വിപണിക്കായി. ഏഴാഴ്ചക്കിടെ വിപണിയിൽ ഇതാദ്യം. നിഫ്റ്റി 0.2 ശതമാനവും സെൻസെക്സ് 0.4 ശതമാനവുമാണ് കഴിഞ്ഞ ആഴ്ച നേട്ടം കുറിച്ചത്.

യുഎസിന് തിരിച്ചടിയായത് ആപ്പിൾ

സെമിക്കണ്ടക്ടർ കമ്പനിയായ മൈക്രോൺ അടുത്ത പാദത്തിൽ മികച്ച മുന്നേറ്റമുണ്ടാക്കുമെന്ന റിപ്പോർട്ടുകൾ വന്നെങ്കിലും യുഎസ് വിപണി സമ്മിശ്രമായാണ് പ്രതികരിച്ചത്. നാസ്ഡാക് സൂചിക തുടർച്ചയായ നാലാം ദിവസവും നഷ്ടത്തിലായി. 0.46 ശതമാനമാണ് സൂചിക ഇടിഞ്ഞത്. എസ് ആൻഡ് പി 0.1 ശതമാനം നഷ്ടത്തിലും ഡോ സൂചിക 0.14 ശതമാനം നേട്ടത്തിലുമായിരുന്നു.

∙മാക്ബുക്കുകൾക്കും ഐപാഡുകൾക്കും വില വർധിപ്പിക്കാൻ തീരുമാനിച്ചതിനെ തുടർന്ന് ആപ്പിൾ ഓഹരികൾ 6 ശതമാനത്തോളം ഇടിഞ്ഞതാണ് വിപണിക്ക് വിനയായത്. സെമിക്കണ്ടക്ടർ‍ ചിപ്പുകൾ അടക്കമുള്ളവയുടെ വില കൂടിയതു ചൂണ്ടിക്കാട്ടിയാണ് വിലവർധന. പിന്നാലെ എക്സ്ബോക്സ് കൺസോൾ വില ഉയർത്തുമെന്ന് പ്രഖ്യാപിച്ച മൈക്രോസോഫ്റ്റ് ഓഹരികളും ഇട‍ിഞ്ഞു. സെമിക്കണ്ടക്ടറുകൾ വാങ്ങുന്ന ആൽഫബെറ്റ്, മെറ്റ തുടങ്ങിയ കമ്പനികളുടെ ഓഹരികളും ഇടിഞ്ഞു.

ഏഷ്യൻ ഓഹരികൾ നഷ്ടത്തിൽ

ഇന്ന് ഏഷ്യൻ വിപണികളെല്ലാം കനത്ത ഇടിവിലാണ്. ജപ്പാനിലെ നിക്കെയ് സൂചിക 3.46 ശതമാനവും ദക്ഷിണ കൊറിയൻ കോസ്പി സൂചിക 4.35 ശതമാനവും താഴ്ന്നു. ഷാൻഹായ്, ഹോങ്കോങ് സൂചികകൾ ഒരു ശതമാനത്തിലധികവും നഷ്ടത്തിലായി. യുഎസ് വിപണിയിൽ ടെക് ഓഹരികളിലുണ്ടായ ഇടിവാണ് ഏഷ്യൻ വിപണികളിലേക്കും വ്യാപിച്ചത്. ഇന്ന് വ്യാപാരം ഉണ്ടായിരുന്നെങ്കിൽ ഇന്ത്യൻ വിപണിയും സമാനമായ ഇടിവിലേക്ക് പോകാനുള്ള സാധ്യതയുണ്ടായിരുന്നു.

ക്രൂഡോയിൽ തിരിച്ചിറങ്ങി

ഇന്നലെ ഹോർമൂസിൽ കാർഗോ കപ്പലിനു നേരെ ആക്രമണമുണ്ടായതിനെ തുടർന്ന് ക്രൂഡോയിൽ വില രണ്ടു ശതമാനത്തോളം ഉയർന്നു. ആക്രമണത്തിന് പിന്നിൽ ഇറാനാണെന്ന് യുഎസ് ആരോപിച്ചു. അനുവദിച്ചിരിക്കുന്ന കപ്പൽപാതയുടെ പുറത്തുകൂടി പോകുന്ന കപ്പലുകളുടെ സുരക്ഷ ഉറപ്പു പറയാനാവില്ലെന്നായിരുന്നു ഇറാന്റെ മറുപടി. എന്നാൽ പിന്നീട് ഹോർമൂസിലൂടെ കൂടുതൽ കപ്പലുകൾ പുറത്തു വന്നതോടെ വില താഴേക്കിറങ്ങാൻ തുടങ്ങി. ബ്രെന്റ് ക്രൂഡോയിൽ ബാരലിന് 74.47 ഡോളറിലാണ്. ഡബ്ല്യുടിഐ 71.25 ഡോളറിലും മർബൻ 69 ഡോളറിലുമാണ്. അതേസമയം, വെനസ്വേലയിലുണ്ടായ ഭൂകമ്പം ലോക എണ്ണവിപണിയെ ബാധിക്കുമോയെന്ന ആശങ്കയിലാണ് നിലവിൽ നിക്ഷേപകർ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!