സ്ത്രീകളുടെ സൗജന്യ യാത്ര: പ്രിയദർശിനിക്കുണ്ടായ വരുമാന നഷ്ടം; ഒരേ റൂട്ടിൽ ഒരേ സമയത്തുള്ള ബസ് സർവീസുകൾ പുനഃക്രമീകരിക്കും

കല്പറ്റ: കെ.എസ്.ആർ.ടി.സി. പ്രിയദർശിനി പദ്ധതിയെത്തുടർന്ന് സ്വകാര്യബസുകൾ നേരിടുന്ന വരുമാനനഷ്ടം പരിഹരിക്കാൻ നടപടി. ഇതിന്റെ ഭാഗമായി ജില്ലയിൽ കെ.എസ്.ആർ.ടി.സി. ബസുകളും സ്വകാര്യബസുകളും ഒരേസമയത്ത് ഒരേ റൂട്ടിൽ സർവീസ് നടത്തുന്ന സാഹചര്യം പരിശോധിച്ച് പുനഃക്രമീകരിക്കും. വെള്ളിയാഴ്ച എ.ഡി.എം. കെ. അജീഷിന്റെ അധ്യക്ഷതയിൽ കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ ചേർന്ന ബസ്സുടമകളുടെ യോഗത്തിലാണ് തീരുമാനം.
ഇതിനായി ഒരേ സമയത്തുള്ള സർവീസുകളെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറാൻ സ്വകാര്യ ബസ്സുടമകളോട് നിർദേശിച്ചു. ബസുകളുടെ പട്ടിക ലഭിച്ചശേഷം പരിശോധിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്ന് എ.ഡി.എം. കെ. അജീഷ് പറഞ്ഞു. ഒരേ റൂട്ടിൽ ഒരേസമയം കെ.എസ്.ആർ.ടി.സി. ബസും സ്വകാര്യ ബസും സർവീസ് നടത്തുന്നത് സ്വകാര്യബസിൽ യാത്രക്കാരില്ലാത്ത അവസ്ഥയ്ക്ക് കാരണമാവുന്നതായി ബസ്സുടമകൾ പറഞ്ഞു. ഇത്തരം റൂട്ടുകളെക്കുറിച്ചുള്ള വിവരം ഉടൻ കൈമാറുമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പി.കെ. ഹരിദാസ് പറഞ്ഞു.
സുൽത്താൻബത്തേരിയിൽ പുതിയ ബസ് സ്റ്റാൻഡിൽനിന്നും പഴയ ബസ് സ്റ്റാൻഡിൽനിന്നും തുടങ്ങേണ്ട സർവീസുകളുടെ കൃത്യത ഉറപ്പാക്കാനും തീരുമാനമായി. ബത്തേരിയിൽ നിന്നുള്ള താളൂർ, അമ്പലവയൽ, അയ്യംകൊല്ലി, ഗൂഡല്ലൂർ, വടുവൻചാൽ, കല്പറ്റ, മാനന്തവാടി സർവീസുകൾ ചുങ്കം സ്റ്റാൻഡിൽനിന്നു തുടങ്ങും. ബത്തേരിയിൽനിന്ന് പുല്പള്ളി, നമ്പ്യാർകുന്ന്, കല്ലൂർ, പാട്ടവയൽ സർവീസുകൾ പഴയ ബസ് സ്റ്റാൻഡിൽ നിന്നും തുടങ്ങും.
കെ.എസ്.ആർ.ടി.സി. ബസുകൾ പഴയ ബസ് സ്റ്റാൻഡിൽ ഒരുമിച്ച് നിർത്തിയിടുകയും അവിടെ നിന്നുതന്നെ സർവീസ് തുടങ്ങുകയും ചെയ്യുന്നത് വരുമാനനഷ്ടമുണ്ടാക്കുന്നതായി സ്വകാര്യ ബസ്സുടമകൾ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നേരത്തേ ബത്തേരി നഗരസഭ ട്രാഫിക് അഡ്വൈസറി കമ്മിറ്റി ഏർപ്പെടുത്തിയ ഈ ക്രമീകരണം നിർബന്ധമാക്കിയത്. ഇതുറപ്പാക്കാൻ പോലീസിനും നിർദേശം നൽകി.
പ്രയാസങ്ങൾ സർക്കാരിനെ അറിയിക്കും
പ്രിയദർശിനി പദ്ധതികാരണം സ്വകാര്യബസ്സുടമകൾ നേരിടുന്ന പ്രയാസങ്ങളെല്ലാം സർക്കാരിനെ അറിയിക്കുമെന്നും അധികൃതർ പറഞ്ഞു. പ്രതിദിനം കനത്ത നഷ്ടം നേരിടുന്ന കല്പറ്റ-മാനന്തവാടി, ബത്തേരി-മാനന്തവാടി, കല്പറ്റ-വടുവൻചാൽ, പുല്പള്ളി-മാനന്തവാടി റൂട്ടുകളിൽ സർവീസുകൾക്ക് പത്തു മിനിറ്റുവീതം ഇടവേള വേണമെന്ന് സ്വകാര്യ ബസ്സുടമകൾ ആവശ്യപ്പെട്ടു. ഈ കാര്യത്തിൽ ജില്ലയിൽനിന്ന് തീരുമാനമെടുക്കാൻ പരിമിതിയുണ്ടെന്ന് കെ.എസ്.ആർ.ടി.സി. അധികൃതർ അറിയിച്ചു. ഇക്കാര്യം ഉൾപ്പെടെ സർക്കാരിനെ അറിയിക്കാനാണ് തീരുമാനം. ആർ.ടി.ഒ. കെ.ആർ. സുമേഷ്, കെ.എസ്.ആർ.ടി.സി. ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ ടി.ആർ. രാജേഷ്, പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പി.കെ. ഹരിദാസ്, സെക്രട്ടറി രഞ്ജിത് റാം, സംസ്ഥാന സെൻട്രൽ കമ്മിറ്റിയംഗം പി.െക. രാജശേഖരൻ, ട്രഷറർ സി.എ. മാത്യു, സി.എ. ഐപ്പ് തുടങ്ങിയവർ പങ്കെടുത്തു.
പ്രിയദർശിനി പദ്ധതികാരണം പ്രതിദിനം 5000 രൂപവരെ നഷ്ടംനേരിട്ടതോടെയാണ് സ്വകാര്യബസ്സുടമകളും തൊഴിലാളികളും പ്രതിസന്ധിയിലായത്. വരുമാനനഷ്ടം കാരണം ബസുകൾ ജൂലായ് ഒന്നുമുതൽ നിർത്തിയിടുന്നതിനായി ജില്ലയിലെ മുന്നൂറോളം ബസുകൾ മോട്ടോർ വാഹനവകുപ്പിന് ജി-ഫോം നൽകിയിരുന്നു. നിർത്തിയിടലിന് മുന്നോടിയായി 29-ന് സൂചനാ പണിമുടക്കും നടത്തിയിരുന്നു. ചൊവ്വാഴ്ച എ.ഡി.എം. കെ. അജീഷിന്റെ നേതൃത്വത്തിൽ നടത്തിയ ചർച്ചയെത്തുടർന്നാണ് ബസ്സുടമകൾ സമരത്തിൽനിന്ന് പിൻവാങ്ങിയത്. ഇതിന്റെ തുടർച്ചയായാണ് വെള്ളിയാഴ്ചയും ബസ്സുടമകളുടെ യോഗം വിളിച്ചുചേർത്തത്

