KSDLIVENEWS

Real news for everyone

മൊഗ്രാലില്‍ കർണാടക സ്വദേശിയെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ച സംഭവം: കൂടെ ജോലി ചെയ്തിരുന്ന യുവതി ഉൾപ്പടെ  4 പേര്‍ പിടിയില്‍; കുറ്റം നിഷേധിച്ച് പ്രതികൾ

SHARE THIS ON

കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിലെ മൊഗ്രാലിൽ യുവാവിനെ തടഞ്ഞു നിർത്തി ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊല്ലാൻ ശ്രമിച്ച കേസിൽ യുവതി ഉൾപ്പെടെ നാലു പേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നു. തമിഴ്‌നാട്, നാഗപട്ടണം സ്വദേശികളായ ശരവണ, ലിംഗം, മാരി തുടങ്ങിയവരെയാണ് കസ്റ്റഡിയിലെടുത്തത്. കർണ്ണാടക,ഹുബ്ലി സ്വദേശിയും മൊഗ്രാൽ കൊപ്പളത്തു താമസക്കാരനുമായ തേപ്പ് മേസ്തിരി അബ്ദുൽ ഗഫൂറി(45)ൻ്റെ പരാതി പ്രകാരമാണ് ഇവർക്കെതിരെ വധശ്രമത്തിനു കേസെടുത്ത് കസ്റ്റഡിയിൽ എടുത്തത്.

ഇന്നലെ (വെള്ളി) പുലർച്ചെ അഞ്ചു മണിയോടെ കൊപ്പളം റെയിൽവെ അടിപ്പാതയ്ക്ക് സമീപത്ത് വച്ചാണ് അബ്ദുൽ ഗഫൂറിനെതിരെ അക്രമം ഉണ്ടായത്. നിലവിളി കേട്ടെത്തിയ പരിസരവാസികളാണ് പൊള്ളലേറ്റ ആളെ കുമ്പള ജില്ലാ സഹകരണ ആശുപത്രിയിലെത്തിച്ചത്. പ്രഥമശുശ്രൂഷ നൽകിയ ശേഷം അബ്ദുൽ ഗഫൂറിനെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തേപ്പ് ജോലിയെടുത്ത വകയിൽ കൊടുക്കാനുള്ള 3000 രൂപ നൽകാത്ത വിരോധത്തിലാണ് തടഞ്ഞു നിർത്തി കൊല്ലാൻ ശ്രമിച്ചതെന്നാണ് അബ്ദുൽ ഗഫൂറിൻ്റെ മൊഴി. ഇത് പ്രകാരമാണ് നാലുപേരെയും കസ്റ്റഡിയിലെടുത്തത്.

എന്നാൽ തങ്ങൾ കുറ്റകൃത്യം നടത്തിയിട്ടില്ലെന്നാണ് കസ്റ്റഡിയിലായവർ മൊഴി നൽകിയത്. ഇതോടെ സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്താനാണ് പൊലീസിന്റെ തീരുമാനം. ഇതിൻന്റെ ഭാഗമായി ദേശീയ പാതയിലെ വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങൾ പരിശോധിക്കാനാണ് പൊലീസിന്റെ തീരുമാനം.കാസർകോട് എഎസ്‌പി അച്യുത് അശോക് കുമ്പളയിലെത്തി കസ്റ്റഡിയിൽ കഴിയുന്നവരുടെ മൊഴിയെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!