KSDLIVENEWS

Real news for everyone

കേരളത്തിൽ ഇലക്ട്രിക് വാഹനങ്ങളുടെ വിലകുറയും; നികുതി കുറച്ചത് പ്രാബല്യത്തിലായി

SHARE THIS ON

തിരുവനന്തപുരം: ഇ-വാഹനങ്ങളുടെ റോഡ് നികുതി കുറച്ച ബജറ്റ് തീരുമാനം പ്രാബല്യത്തിലായി. ഇരുചക്രവാഹനങ്ങൾ, സ്വകാര്യ ആവശ്യത്തിനുള്ള ഓട്ടോറിക്ഷകൾ, ടാക്‌സി-ടൂറിസ്റ്റ് കാറുകൾ, സ്വകാര്യവാഹനങ്ങൾ എന്നിവയ്‌ക്കെല്ലാം ഇളവ് ലഭിക്കും.

10 ലക്ഷംവരെ വിലയുള്ള വാഹനങ്ങൾക്ക് മൂന്നുശതമാനവും 10-നും 20-നും ഇടയ്ക്ക് വിലയുള്ളവയ്ക്ക് അഞ്ചുശതമാനവും 20-നും 40-നും ഇടയ്ക്ക് വിലയുള്ളവയ്ക്ക് 10 ശതമാനവും നികുതി നൽകണം. 40 ലക്ഷത്തിനു മുകളിൽ വിലയുള്ളവയ്ക്ക് 15 ശതമാനമാണ് നികുതി. ഇ-വാഹനങ്ങൾ ബുക്ക് ചെയ്ത ഒട്ടേറെപ്പേർ ബജറ്റ് പ്രഖ്യാപനത്തെത്തുടർന്ന് വാഹനങ്ങൾ രജിസ്റ്റർചെയ്യാതെ കാത്തിരിക്കുകയായിരുന്നു.

ഏഴുലക്ഷം രൂപയ്ക്കുമുതൽ ഇലക്ട്രിക് കാറുകൾ ലഭ്യമാണ്. പുതിയ നിരക്കുപ്രകാരം 15 വർഷത്തേക്ക് 21,000 രൂപമുതൽ റോഡ് നികുതി നൽകിയാൽ മതിയാകും. പഴയവാഹനങ്ങൾ പൊളിച്ച് പുതിയത് വാങ്ങുന്നവർക്ക് റോഡ് നികുതിയുടെ 15 ശതമാനം ഇളവും ലഭിക്കും. ഇത് നേരത്തേയുള്ളതാണ്. അവർക്ക് രജിസ്‌ട്രേഷൻ നിരക്കുമില്ല.

അംഗീകൃത പൊളിക്കൽ കേന്ദ്രങ്ങളിൽനിന്നു ലഭിക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ പുതിയ വാഹനങ്ങൾ രജിസ്റ്റർചെയ്യുമ്പോൾ ഇളവ് ലഭിക്കും. രജിസ്ട്രേഷൻ ഫീസില്ല. ട്രാൻസ്‌പോർട്ട് വാഹനങ്ങൾക്ക് അഞ്ചുവർഷത്തേക്ക് 10 ശതമാനം നികുതി ഇളവ് ലഭിക്കും.

നേരത്തേ 15 ലക്ഷംവരെ വിലയുള്ള കാറുകൾക്ക് അഞ്ചുശതമാനമായിരുന്നു നികുതി. 15 ലക്ഷംമുതൽ 20 ലക്ഷംവരെ എട്ടുശതമാനവും. 20 ലക്ഷത്തിനുമേൽ 10 ശതമാനമായിരുന്നു. വിലകൂടിയ കാറുകൾക്ക് ബജറ്റിൽ നികുതി ഉയർത്തിയപ്പോൾ വിലകുറഞ്ഞ കാറുകൾക്ക് കുറച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!