റോഡ് പൂർത്തിയായിട്ടില്ല, ചാലിങ്കാൽ ടോൾ പ്ലാസ തുറക്കാൻ നീക്കം; സമരം ശക്തമാക്കുമെന്ന് നാട്ടുകാർ

പെരിയ: സർവീസ് റോഡുൾപ്പെടെയുള്ള അനുബന്ധ പ്രവൃത്തികൾ പൂർത്തിയാക്കാതെ ചാലിങ്കാൽ ടോൾ പ്ലാസ തുറക്കാനുള്ള നീക്കത്തിനെതിരെ സമരം ശക്തമാക്കാൻ പുല്ലൂർ പെരിയ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ ജനകീയ കർമസമിതി രൂപീകരണ യോഗം തീരുമാനിച്ചു. ഓഗസ്റ്റ് ഒന്നിന് രാവിലെ 10ന് നിർമാണം നടക്കുന്ന ചാലിങ്കാൽ ടോൾ പ്ലാസയ്ക്കു സമീപം ജനങ്ങളെ അണിനിരത്തി സമരപ്രഖ്യാപന കൺവൻഷൻ നടക്കും. കൺവൻഷനു മുന്നോടിയായി 20നു മുൻപ് ദേശീയപാത കടന്നുപോകുന്ന പഞ്ചായത്തിലെ 7 പ്രധാന കേന്ദ്രങ്ങളിൽ നാട്ടുകാരുടെ യോഗം വിളിക്കും. അധികൃതരിൽനിന്ന് അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ അനിശ്ചിതകാല സമരമുൾപ്പെടെയുള്ള പരിപാടികൾ ആവിഷ്കരിക്കാനാണു തീരുമാനം. ടോൾ പ്ലാസയ്ക്കു സമീപം കഴിഞ്ഞ മാസം 20ന് പുല്ലൂർ പെരിയ പഞ്ചായത്ത് അംഗങ്ങൾ സമരം നടത്തിയിരുന്നു.
സർവീസ് റോഡുൾപ്പെടെയുള്ള അനുബന്ധ പ്രവൃത്തികൾ പൂർത്തിയാക്കാതെ ചാലിങ്കാൽ ടോൾ പ്ലാസ തുറക്കാനുള്ള നീക്കത്തിനെതിരേ ടോൾ പ്ലാസയ്ക്കു സമീപം പ്രതിഷേധ സമരം പഞ്ചായത്ത് പ്രസിഡന്റ് സി.കെ.സബിത ഉദ്ഘാടനം ചെയ്യുന്നു.
ചാലിങ്കാൽ ടോൾ പ്ലാസയുടെ പ്രവൃത്തികൾ വേഗത്തിൽ പുരോഗമിക്കുന്നുണ്ടെങ്കിലും ഇവിടെ ദേശീയപാതയുടെ പടിഞ്ഞാറുഭാഗത്ത് നിർദിഷ്ട പഞ്ചായത്ത് ഓഫിസിനു സമീപം സർവീസ് റോഡിന്റെയും ഓവുചാലിന്റെയും പ്രവൃത്തി ആരംഭിച്ചിട്ടില്ല. ചാലിങ്കാൽ മൊട്ടയിൽനിന്ന് റോഡ് വഴി വരുന്ന വെള്ളം തണ്ണോട്ട് റോഡിലൂടെ കുത്തിയൊഴുകുകയാണ്. കൂടാതെ പ്രദേശത്തെ വിടുകളിലടക്കം വെള്ളം കയറുന്നു. കുണിയ മുതൽ പുല്ലൂർപാലം വരെ പ്രശ്നം നിലനിൽക്കുന്നുണ്ടെന്നും പ്രദേശങ്ങളിൽ സർവീസ് റോഡിന്റെയും ഓവുചാലിന്റെയും പ്രവൃത്തികൾ വേഗത്തിൽ പൂർത്തീകരിച്ച് ജനങ്ങളുടെ യാത്രാദുരിതവും വെള്ളക്കെട്ട് പ്രശ്നവും പരിഹരിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
പ്രധാന റോഡായ രാവണീശ്വരം–ചാലിങ്കാൽ ജില്ലാ പഞ്ചായത്ത് റോഡിൽനിന്ന് ദേശീയപാതയിലേക്ക് പ്രവേശനമില്ലാത്തതും പുല്ലൂർ തോട്ടിൽ നിർമാണപ്രവൃത്തിയുടെ ഭാഗമായി അടിഞ്ഞുകൂടിയ മണ്ണ് നീക്കാത്തതും യോഗത്തിൽ ചർച്ചയായി. പുല്ലൂർ പെരിയ പഞ്ചായത്ത് പ്രസിഡന്റ് സി.കെ.സബിത അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എം.കെ.ബാബുരാജ്, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ നാരായണൻ മാടിക്കാൽ, സിന്ധു പത്മനാഭൻ, വ്യാപാരി വ്യവസായി ഏകോപന സമിതി പെരിയ യൂണിറ്റ് പ്രസിഡന്റ് ഇ.നാരായണൻ, എം.വി.പത്മനാഭൻ, ഭാസ്കരൻ ചാലിങ്കാൽ, ഷാജി എടമുണ്ട, അബ്ദുല്ല ഷാഫി, അബ്ദുൽ ലത്തീഫ് പെരിയ, അനിൽ പുളിക്കാൽ, വി.നിധീഷ്, വാർഡ് മെംബർമാർ തുടങ്ങിയവർ പ്രസംഗിച്ചു.
കർമ സമിതി ഭാരവാഹികൾ: രാജ്മോഹൻ ഉണ്ണിത്താൻ എംപി, കെ.നീലകണ്ഠൻ എംഎൽഎ, ഗോവിന്ദൻ പള്ളിക്കാപ്പിൽ എംഎൽഎ (രക്ഷാധികാരികൾ), സി.കെ.സബിത (ചെയർ), എം.കെ.ബാബുരാജ് (കൺ).

