KSDLIVENEWS

Real news for everyone

കണ്ണൂരിലും മംഗളൂരുവിലും യാത്ര അവസാനിപ്പിച്ച് ട്രെയിനുകള്‍; കാസർകോട് ജില്ലയെ തഴഞ്ഞ് റെയിൽവേ; യാത്രാദുരിതം പറഞ്ഞുമടുത്ത പഴങ്കഥയായിട്ടും നടപടിയില്ല

SHARE THIS ON

കാസർകോട് : 138 കിലോമീറ്റർ നീളുന്ന കണ്ണൂർ–മംഗളൂരു റെയിൽവേ റൂട്ടിലെ യാത്രാദുരിതം പറഞ്ഞുമടുത്ത പഴങ്കഥയായിട്ടും നടപടിയില്ല. ഇനിയെന്നാണ് ജില്ലയെ ഒന്നു പരിഗണിക്കുക? കണ്ണൂരിലും മംഗളൂരുവിലും ട്രെയിനുകളുടെ യാത്ര അവസാനിപ്പിച്ച് കാസർകോട് ജില്ലയെ തഴയുകയാണ് റെയിൽവേ അധികൃതർ.

കണ്ണൂരിൽ വിശ്രമം; കാസർകോടിന് വേദന
തീരദേശ ലൈനിൽ ഒരു ജനശതാബ്ദിയോ മെമുവോ ഇല്ലാത്ത ട്രാക്ക്, പാസഞ്ചർ ട്രെയിൻ സൗകര്യം ഏറ്റവും കുറവുള്ള വഴി; വിശേഷണങ്ങൾ ഒട്ടേറെയുണ്ട്. കോഴിക്കോട്ട് 4ന് എത്തി 5ന് ശേഷം പുറപ്പെടുന്ന പരശുറാം, പിന്നാലെയുള്ള നേത്രാവതി എന്നീ ട്രെയിനുകൾ കഴിഞ്ഞാൽ വലിയ ഇടവേള കഴിഞ്ഞാണ് ദിവസേന ഓടുന്ന മറ്റൊരു ട്രെയിൻ ഉള്ളത്. ഇതിനുശേഷമുള്ള ട്രെയിനുകൾ കണ്ണൂരിലെത്തി കിതച്ചുനിൽക്കും. 6 ദിവസം വന്ദേഭാരത് ഉണ്ടെങ്കിലും സാധാരണക്കാർക്ക് താങ്ങാനാവാത്ത നിരക്കാണ്.

മുൻപ് ഓടിയിരുന്ന മെമു ട്രെയിൻ കോച്ചുകളുടെ എണ്ണം പ്രശ്നമാണെന്നുകാട്ടി മാറ്റിയാണ് വീണ്ടും പാസഞ്ചർ ട്രെയിനാക്കിയത്. കോഴിക്കോട് ഭാഗത്തുനിന്നു വൈകിട്ട് 6 കഴി‍ഞ്ഞാൽ സാധാരണക്കാർക്ക് ആശ്രയിക്കാവുന്ന ട്രെയിൻതന്നെ പല ദിവസങ്ങളിലും ഇല്ലെന്നു പറയാം. ഒൻപതോളം ട്രെയിനുകൾ കണ്ണൂരിൽ യാത്ര അവസാനിപ്പിക്കുന്നുണ്ട്. മംഗളൂരുവിലും സമാന സ്ഥിതിയിലാണ് സർവീസുകൾ. ഇതിനിടയിൽ അവഗണന നേരിടുന്ന ജില്ല കാസർകോടും. മംഗളൂരുവിലും കണ്ണൂരിലും യാത്ര അവസാനിപ്പിക്കുന്ന ട്രെയിനുകളിൽ ചിലതു കാസർകോടുവഴി നീട്ടുന്നതാണു പരിഹാരം. മംഗളൂരുവിൽനിന്ന് കാസർകോട് വരണമെങ്കിൽ പലപ്പോഴും ട്രെയിനുകൾ തമ്മിലുള്ള ഇടവേള മണിക്കൂറുകളാണ്. അതും ഒട്ടേറെ യാത്രക്കാരുള്ള സമയത്ത്

മംഗളൂരുവിൽ പാഴാകുന്നത് മണിക്കൂറുകൾ
രാവിലെ 11. 5ന് മംഗളൂരുവിൽനിന്ന് പുറപ്പെടുന്ന ഇന്റർസിറ്റി എക്സ്‌പ്രസിനുശേഷം ഉച്ചയാവണം മറ്റൊരു ട്രെയിൻ എത്താൻ. 1.55ന് ആണ് ചെന്നൈ മെയിൽ പുറപ്പെടുന്നത്. പിന്നാലെ 2.20ന് പുറപ്പെടുന്ന തിരുവനന്തപുരം എക്സ്പ്രസ്. അതിനുശേഷം 4.55ന് പുറപ്പെടുന്ന ചെന്നൈ സൂപ്പർഫാസ്റ്റ് വരെ വേറെ ട്രെയിനില്ല. ഇതിനിടയിൽ 5.05ന് കണ്ണൂർ പാസഞ്ചറും 5.40ന് മാവേലി എക്സ്പ്രസുമാണുള്ളത്. വൈകിട്ട് 6.15ന് ഉള്ള മലബാർ എക്സ്പ്രസ് കഴിഞ്ഞാൽ അടുത്ത ഡെയ്‌ലി സർവീസ് 11.45ന് ഉള്ള വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് മാത്രമാണ്. 11.40ന് മംഗളൂരു ജംക്‌ഷനിൽനിന്ന് മംഗളയുമുണ്ട്. ഇതിനിടയിൽ ഇരു സ്റ്റേഷനുകളിൽനിന്നും പ്രതിദിന ട്രെയിനുകളില്ല. ഇടവിട്ട് ഓടുന്ന ട്രെയിനുകളിലെ സമയക്രമത്തിലും സമാന പ്രശ്നങ്ങളുണ്ട്. ചില ദിവസങ്ങളിൽ മാത്രമാണ് ഇത്തരം സ്പെഷൽ ട്രെയിനുകളുള്ളത്.

പരിഹാരമുണ്ട്; മനസ്സുവയ്ക്കണം
കണ്ണൂരിൽ യാത്ര അവസാനിപ്പിക്കുന്ന ട്രെയിനുകളിൽ കുറച്ചെണ്ണം കാസർകോട്ടേക്കോ മംഗളൂരുവിലേക്കോ നീട്ടിയാൽതന്നെ യാത്രാക്ലേശത്തിനു പരിഹാരമാകും. മംഗളൂരുവിലും കാസർകോട്ടും ട്രെയിനുകൾ നിർത്തിയിടാനുള്ള സൗകര്യം ഇല്ലെങ്കിൽ മഞ്ചേശ്വരത്ത് 4 ട്രാക്കുകളുണ്ട്. ഇവിടെ രാത്രി നിർത്തിയിടാനുള്ള സൗകര്യം ഒരുക്കാം. കുമ്പള സ്റ്റേഷനു സമീപം ഏക്കർ കണക്കിനു റെയിൽവേ സ്ഥലം സ്ഥലം വെറുതേ കിടക്കുകയാണ്. അവിടെ ട്രെയിൻ നിർത്തിയിടാൻ സൗകര്യം ഒരുക്കണമെന്നു മുൻപ് പ്രൊപ്പോസലുകൾ പോയിരുന്നു. നടപടി മാത്രം ഉണ്ടായില്ല.

വൈകിട്ട് 3.30ന് മംഗളൂരുവിൽനിന്ന് പുറപ്പെടുന്ന രീതിയിൽ പുതിയ പാസഞ്ചർ ട്രെയിൻ അനുവദിക്കുക, അന്ത്യോദയ എക്സ്പ്രസ് പ്രതിദിനം സർവീസ് നടത്തുക, കണ്ണൂരിൽ യാത്ര അവസാനിപ്പിക്കുന്ന ആലപ്പുഴ–കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ്, ഷൊർണൂർ–കണ്ണൂർ സ്പെഷൽ ട്രെയിൻ (06031), കോയമ്പത്തൂർ–കണ്ണൂർ പാസഞ്ചർ(16608) എന്നിവയെങ്കിലും മംഗളൂരുവിലേക്കോ കാസർകോട്ടേക്കോ നീട്ടുക എന്നിവ വഴി ദുരിതത്തിനു പരിഹാരമാകും.

രാത്രിസമയം ദുരിതകാലം
രാത്രി കാസർകോട്ടേക്കു പുറപ്പെടാനായി സ്റ്റേഷനു പുറത്തുനിർത്തിയിട്ട ‌കെഎസ്ആർടിസി ബസുകളിൽ കയറിപ്പറ്റാനായി കണ്ണൂർ റെയിൽവേ സ്റ്റേഷനിൽനിന്ന് ആളുകൾ പുറത്തേക്ക് ഓടുന്ന കാഴ്ച പതിവാണ്. എന്നാൽ, രാത്രി റിസർവേഷനില്ലാത്ത ബസുകളും കുറവാണ്. 10.30ന് തൃശൂരിൽനിന്നു വരുന്ന കാസർകോട് ഫാസ്റ്റ് പാസഞ്ചറുണ്ട്. പിന്നീട് 11 കഴിഞ്ഞ് കണ്ണൂർ ഡിപ്പോയുടെ തന്നെ സർവീസാണ് അടുത്തത്. ഇതിൽ ഏതു വണ്ടി ആദ്യം വരുന്നോ, അത് ആദ്യം വിടുന്നതാണ് രീതി.

എക്സിക്യൂട്ടീവ് എക്സ്പ്രസ് എത്തുമ്പോൾ റെയിൽവേ സ്റ്റേഷനിൽനിന്ന് എടുക്കുന്ന ഒരു കാഞ്ഞങ്ങാട് ബസുമുണ്ട്. കൊല്ലൂർ മൂകാംബിക യാത്രക്കാരുടെ അഭ്യർഥന മാനിച്ച് കോവിഡിന് മുൻപ് സർവീസ് ആരംഭിച്ച കണ്ണൂർ-ബൈന്ദൂർ എക്സ്പ്രസ് ഒരുവർഷംകൊണ്ടു തന്നെ സർവീസ് നിർത്തി. കോ വിഡിനു മുൻപുണ്ടായിരുന്ന സ്റ്റോപ്പുകൾ എടുത്തുകളഞ്ഞത് പുനഃസ്ഥാപിക്കപ്പെടണമെന്ന ആവശ്യവും ശക്തമാണ്. പലയിടത്തും സ്റ്റോപ്പുകൾ പുനഃസ്ഥാപിച്ചിട്ടും കാസർകോട്ട് പഴയപടി തുടരുകയാണ്. റെയിൽവേ യാത്രാദുരിതം പരിഹരിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് രാജ്മോഹൻ ഉണ്ണിത്താൻ എംപി അടക്കം ജില്ലയിലെ എല്ലാ പാർട്ടികളിലെയും മുതിർന്ന നേതാക്കൾ കഴിഞ്ഞ സർക്കാരിനെയും ഈ സർക്കാരിനെയും കണ്ട് പലവട്ടം പ്രശ്നങ്ങൾ ഉന്നയിച്ചിരുന്നു.

ബെംഗളൂരു–കാഞ്ഞങ്ങാട് 7 മണിക്കൂർ
13 മണിക്കൂറിന് പകരം 7 മണിക്കൂറിനുള്ളിൽ ബെംഗളൂരുവിനെ കാഞ്ഞങ്ങാടുമായി ബന്ധിപ്പിക്കുന്ന 70 കിലോമീറ്ററിലധികം ദൂരം ലഭിക്കാൻ സാധിക്കുന്ന നിർദിഷ്ട ബിജി ലൈൻ റെയിൽവേ ബോർഡിൽ ഇപ്പോഴും തീർപ്പുകൽപിച്ചിട്ടില്ല. മറ്റു പുതിയ റെയിൽ പാതകളേക്കാൾ താരതമ്യേന പരിസ്ഥിതി ആഘാതം കുറഞ്ഞതും സാമ്പത്തിക ബാധ്യത കുറവുള്ളതുമായ പ്രൊപ്പോസലാണ് കാണിയൂർ പാത.

ഇതിന്റെ പ്രാഥമിക സർവേ 2008 നവംബറിൽ നടത്തി, എൻജിനീയറിങ്, ട്രാഫിക് തുടങ്ങിയ മറ്റെല്ലാ സർവേകളും അന്തിമ സർവേയും 2015 മാർച്ച് 31ന് നടത്തി. കാഞ്ഞങ്ങാട് മുതൽ പാണത്തൂർ വരെയുള്ള 41 കിലോമീറ്റർ ദൂരം ഉൾക്കൊള്ളുന്ന ഈ പാതയ്ക്ക് കേരള സർക്കാരിന്റെ സമ്മതപത്രവും ബജറ്റ് പ്രൊവിഷനും നൽകിയിട്ടുണ്ട്. രണ്ടാമത്തെ റീച്ച് കർണാടക ഭാഗത്തുള്ള 49.50 കിലോമീറ്റർ ദൂരത്തിൽ വരുന്നു, ബെഡഡുക്ക, ആലട്ടി, ജൽസൂർ എന്നിവിടങ്ങളിൽ സ്റ്റോപ്പുകളുള്ള സുള്ള്യ, കണിയൂർ സ്റ്റേഷനിൽ അവസാനിച്ച് പുതിയ ലൈനിൽ ചേരും. എന്നാൽ, കർണാടക ഇതുവരെ സമ്മതപത്രം നൽകിയിട്ടില്ല. അതിനാൽ പദ്ധതി 2018 മുതൽ നിർത്തിവച്ചിരിക്കുകയാണ്.

error: Content is protected !!