തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തി, ദേഹോപദ്രവമേൽപ്പിച്ചു’; കാസറഗോഡ് ഗവ.കോളജിൽ റാഗിങ്: 13 പേർക്ക് സസ്പെൻഷൻ

കാസര്‍കോട്∙ ഗവ. കോളജില്‍ ഒന്നാംവര്‍ഷ ഡിഗ്രി വിദ്യാര്‍ഥി റാഗിങ്ങിനിരയായ സംഭവത്തില്‍ രണ്ടും മൂന്നും വര്‍ഷ ബിരുദ വിദ്യാര്‍ഥികളായ 13 പേരെ പ്രിന്‍സിപ്പല്‍ വി.എസ്. അനില്‍കുമാര്‍ സസ്‌പെന്‍ഡ് ചെയ്തു. ജൂലൈ 13ന് കോളജ് ക്യാംപസില്‍ വച്ചു നടന്ന റാഗിങ് സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.
ഒരു സംഘം വിദ്യാര്‍ഥികള്‍ ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിയെ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തുകയും ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്തതായാണ് ആരോപണം. സംഭവത്തെ തുടര്‍ന്ന് വിദ്യാര്‍ഥി രക്ഷിതാക്കളെ വിവരം അറിയിക്കുകയും തുടര്‍ന്ന് കോളജ് പ്രിന്‍സിപ്പലിന് പരാതി നല്‍കുകയും ചെയ്തു.
പരാതി പരിശോധിച്ച കോളജ് അധികൃതര്‍ നടത്തിയ പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ റാഗിങ് നടന്നിട്ടുണ്ടെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് ആരാപണവിധേയരായ 13 വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്. പരാതി ഗൗരവമായി കണക്കിലെടുത്ത് അന്വേഷണ റിപ്പോര്‍ട്ട് സഹിതം കോളജ് അധികൃതര്‍ പൊലീസിലും പരാതി നല്‍കുന്നതുള്‍പ്പടെയുള്ള തുടര്‍നടപടികളും സ്വീകരിക്കുമെന്നു കോളജ് അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ വിദ്യാര്‍ഥിയും പൊലീസിൽ പരാതി നല്‍കിയിട്ടുണ്ട്.
ക്യാംപസില്‍ റാഗിങ് അനുവദിക്കില്ലെന്ന കര്‍ശന നിലപാടാണ് കോളജ് അധികൃതര്‍ സ്വീകരിച്ചിരിക്കുന്നത്. വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ ശക്തമാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

