KSDLIVENEWS

Real news for everyone

പ്രവാസിയുടെ രേഖകൾ ഉപയോഗിച്ച് വിസ തട്ടിപ്പ്: രണ്ട് പ്രതികൾക്ക് ശിക്ഷ; 20,000 രൂപ വീതം പിഴയും കോടതി പിരിയുന്നതുവരെ തടവും

SHARE THIS ON

കാസർകോട്: പ്രവാസിയുടെ രേഖകൾ ദുരുപയോഗം ചെയ്ത് മറ്റൊരാൾക്ക് ഖത്തർ സന്ദർശക വിസ സംഘടിപ്പിച്ച സംഭവത്തിൽ രണ്ട് പ്രതികൾക്ക് കോടതി ശിക്ഷ വിധിച്ചു. ബദിയടുക്ക മൂക്കംപാറ സ്വദേശി, ഉളയത്തടുക്കയിലെ ട്രാവൽ ഏജന്റ് മുഹമ്മദ് ശരീഫിന്റെ മകൻ അബ്ദുൽ ഫാസിൽ ഫിറോസ്, മംഗൽപാടി ബന്തിയോട് സ്വദേശി ആദമിന്റെ മകൻ ഹൈദർ അലി എന്നിവരെയാണ് കാസർകോട് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചത്. ഇരുവരും കോടതിയിൽ കുറ്റം സമ്മതിച്ചതിനെ തുടർന്ന് 20,000 രൂപ വീതം പിഴയും കോടതി പിരിയുന്നതുവരെ തടവും ശിക്ഷയായി വിധിച്ചു.

പിഴ അടച്ചില്ലെങ്കിൽ രണ്ടുമാസം വീതം ലളിത തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു. ഈടാക്കുന്ന പിഴത്തുകയിൽനിന്ന് 30,000 രൂപ പരാതിക്കാരനായ കന്യപ്പാടി-നീർച്ചാൽ സ്വദേശി ഫിറോസ് അലി അഹമ്മദിന് ക്രിമിനൽ നടപടി നിയമത്തിലെ വകുപ്പ് 357(1) പ്രകാരം നൽകാനും കോടതി നിർദേശിച്ചു. രേഖയുടമ അറിയാതെ സർട്ടിഫിക്കറ്റ് കൈമാറി ഭാര്യയെയും മക്കളെയും സന്ദർശക വിസയിൽ ഖത്തറിലേക്ക് കൊണ്ടുപോകുന്നതിനായി ആവശ്യമായ ഖത്തർ നാഷനൽ അഡ്രസ് സർട്ടിഫിക്കറ്റ് പരാതിക്കാരനായ ഫിറോസ് അലി അഹമ്മദ് ഒന്നാം പ്രതിയായ ട്രാവൽ ഏജന്റിനെ ഏൽപ്പിച്ചിരുന്നു.

എന്നാൽ 2024 ജൂൺ നാലുമുതൽ 15 വരെയുള്ള കാലയളവിൽ പരാതിക്കാരന്റെ അറിവോ സമ്മതമോ ഇല്ലാതെ ഒന്നാം പ്രതി സർട്ടിഫിക്കറ്റ് രണ്ടാം പ്രതിക്ക് കൈമാറിയെന്നാണ് പ്രോസിക്യൂഷൻ കേസ്. രണ്ടാം പ്രതി പിന്നീട് സർട്ടിഫിക്കറ്റ് മറ്റൊരാൾക്ക് കൈമാറുകയും, ഈ രേഖ ഉപയോഗിച്ച് ഒരാൾ ഖത്തറിലേക്ക് യാത്ര ചെയ്യുകയും ചെയ്തതായി കോടതി രേഖകളിൽ പറയുന്നു. ഖത്തറിലെത്തി കുടുങ്ങിയത് മറ്റൊരാൾ തന്റെ രേഖകൾ ദുരുപയോഗം ചെയ്ത് മറ്റൊരാൾക്ക് ഖത്തർ സന്ദർശക വിസ സംഘടിപ്പിച്ചതായി ശ്രദ്ധയിൽപ്പെട്ടതോടെ ഖത്തറിലെ സന്നദ്ധ പ്രവർത്തകർ ഇടപെട്ടു.

ഖത്തറിലെത്തിയ യുവാവിന് താമസസൗകര്യം ഉൾപ്പെടെയുള്ള ആവശ്യമായ സഹായങ്ങൾ നൽകിയ ശേഷം ടിക്കറ്റ് എടുത്ത് നാട്ടിലേക്ക് തിരിച്ചയച്ചു. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ തന്റെ രേഖകൾ ഉപയോഗിച്ച് വിസ തട്ടിപ്പ് നടത്തിയവർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഫിറോസ് അലി അഹമ്മദ് നാട്ടിലെത്തി പരാതി നൽകുകയായിരുന്നു. സംഭവത്തിൽ വിദ്യാനഗർ പൊലീസിൽ പരാതി നൽകിയെങ്കിലും ആദ്യം കേസെടുക്കുന്നതിൽ വിമുഖത ഉണ്ടായതായി പരാതിക്കാരൻ ആരോപിച്ചു.

എന്നാൽ പരാതിയിൽ ഉറച്ചുനിന്നതോടെ പിന്നീട് ട്രാവൽ ഏജന്റിനെതിരെയും രേഖ ഉപയോഗിച്ച് വിസ നേടി ഖത്തറിലെത്തിയ യുവാവിനെതിരെയും അന്വേഷണം ആരംഭിച്ചത്. ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് രുക്മ എസ്. രാജ് ആണ് വിധി പ്രസ്താവിച്ചത്. കോടതിയിൽ ഹാജരായ ഇരുവരും കുറ്റം സമ്മതിച്ചു. കുറ്റസമ്മതം സ്വമേധയാ നടത്തിയതാണെന്ന് ബോധ്യപ്പെട്ടതിനെ തുടർന്ന് കോടതി അത് അംഗീകരിക്കുകയും പ്രതികളെ കുറ്റക്കാരായി കണ്ടെത്തുകയും ചെയ്തു. പ്രതികൾക്കായി അഡ്വ. എം. സക്കീർ അഹമ്മദ് ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!