KSDLIVENEWS

Real news for everyone

പ്രതിദിനം ആയിരത്തിലധികം രോഗികൾ;
സ്ഥലവും ജീവനക്കാരുമില്ല; അത്യാസന്നനിലയിൽ കാസർകോട് ജനറൽ ആശുപത്രി

SHARE THIS ON

കാസർകോട്: കാസർകോട് ജനറൽ ആശുപത്രി അത്യാസന്നനിലയിലായിട്ട് മാസങ്ങൾ. ഡോക്ടർമാരുടെ എണ്ണത്തിലുള്ള വൻ കുറവ് മുതൽ ആവശ്യത്തിനു കെട്ടിടങ്ങളില്ലാത്തത് വരെ നീളുന്നു അസൗകര്യങ്ങൾ. ജില്ലയിലെ പ്രധാനപ്പെട്ട സർക്കാർ ആശുപത്രികളിലൊന്നായ ഇവിടെ ശരാശരി 1200 പേർവരെ പ്രതിദിന ഒ.പി.യിലെത്തുന്നുണ്ട്.

എന്നാൽ, രോഗികൾക്ക് ആനുപാതികമായി ഡോക്ടർമാരില്ല. നിലവിൽ വിവിധ വകുപ്പുകളിലെ വിദഗ്ധരടക്കമാണ് രാവിലെ ഒ.പി. ഡ്യൂട്ടിയിലുള്ളത്. വിദഗ്ധപരിശോധനയ്ക്ക് മുടക്കംവരാതെ ഒ.പി. ഡ്യൂട്ടികൂടി കൈകാര്യം ചെയ്യേണ്ട സ്ഥിതിയിലാണ് ഇവർ.

പുതിയ നിയമനം നടന്നിട്ടുണ്ടെങ്കിലും പി.ജി. പഠനത്തിനും പരീക്ഷയ്ക്കുമായി അവരൊക്കെയും അവധിയിലാണ്. അവധിയിൽ പ്രവേശിച്ച ഡോക്ടർമാരുടെ എൻ.ഒ.സി. ഇതുവരെ കൈമാറിയിട്ടില്ലാത്തതിനാൽ തസ്തികയിൽ ഒഴിവ് രേഖപ്പെടുത്താനും സാധിക്കില്ല. ഉടൻ ഡ്യൂട്ടിയിൽ പ്രവേശിക്കുമെന്ന് പ്രതീക്ഷിക്കുന്ന മൂന്നുഡോക്ടർമാരുടെ നിയമനവും നടന്നിട്ടില്ല.

സ്ഥലപരിമിതിമൂലം സ്ത്രീകളുടെ വാർഡിലെ കിടക്കകളുടെ എണ്ണം അറുപതിൽനിന്ന് നാൽപതായി ചുരുക്കിയിരുന്നു. ഈ വാർഡിനോട് ചേർന്ന് സജ്ജീകരിച്ചിട്ടുള്ള കീമോ വാർഡിലാണ് അധികം രോഗികളെ പ്രവേശിപ്പിക്കുന്നത്.

ആഴ്ചയിൽ മൂന്നുദിവസം മാത്രമേ കീമോ വാർഡ് പ്രവർത്തിക്കുന്നുള്ളൂ. നഴ്‌സിങ് ജീവനക്കാരുടെ എണ്ണം മാത്രമാണ് നിലവിൽ പര്യാപ്തം. എന്നാൽ, അടിസ്ഥാനസൗകര്യവികസനത്തിന്റെ ഭാഗമായി വാർഡുകളുടെയും കിടക്കകളുടെയുമടക്കം എണ്ണം കൂട്ടുന്നതോടെ അവരും മതിയാകാതെ വരും. പരിശോധനയ്ക്കും ശസ്ത്രക്രിയ അടക്കമുള്ള ചികിത്സയ്ക്കുംവേണ്ടി പുതിയ ഉപകരണങ്ങൾ എത്തിച്ചാലും അവ സൂക്ഷിക്കാൻ മതിയായ സൗകര്യവുമില്ല.

ആശുപത്രിക്ക് ട്രോമാകെയർ യൂണിറ്റ് നിർമിക്കുന്നതിനുവേണ്ടി സ്ഥലവും തുകയും അനുവദിച്ചിട്ട് കാലങ്ങളായെങ്കിലും പുതിയ കെട്ടിടം നിർമിക്കണമെങ്കിൽ പി.എം.ആർ. യൂണിറ്റ് പ്രവർത്തിക്കുന്ന കെട്ടിടം പൊളിച്ചുപണിയേണ്ടിവരും. ആശുപത്രിക്കായി പുതിയ കെട്ടിടത്തിന്റെ നിർമാണം ആരംഭിച്ചിരുന്നെങ്കിലും പൂർത്തിയായിട്ടില്ല. ഡിസംബറോടെ അത് പ്രവർത്തനസജ്ജമാകുമെന്നാണ് പ്രതീക്ഷ.

വകുപ്പുകൾ അനാഥം

ആശുപത്രിയിൽ ആകെയുള്ള സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗമായ ന്യൂറോളജിവകുപ്പിലെ ഡോക്ടർ അവധിയിൽ പോയിട്ട് മാസങ്ങൾ പിന്നിട്ടു. ഇതോടെ തുടർച്ചികിത്സ പ്രതിസന്ധിയിലായ രോഗികൾ ഇപ്പോൾ ആശ്രയിക്കുന്നത് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയാണ്.

ആരോഗ്യപ്രശ്നങ്ങൾമൂലം ഡോക്ടർ രാജിവെച്ചതോടെ കൗമാരക്കാരുടെ ക്ലിനിക്കും ഇപ്പോൾ പ്രവർത്തിക്കുന്നില്ല. ഇവിടങ്ങളിൽ അടിയന്തരനിയമനം നടത്താത്തതുമൂലം വകുപ്പുകൾ ഉപേക്ഷിക്കപ്പെട്ടമട്ടാണ്.

മോർച്ചറിയിൽ മൊബൈൽ ഫ്രീസർ

ആശുപത്രി മോർച്ചറിയിലെ തകരാറിലായ ഫ്രീസർ യൂണിറ്റിനു പകരം മൊബൈൽ ഫ്രീസർ സംവിധാനം താത്കാലികമായി ഉപയോഗിക്കും. അറ്റകുറ്റപ്പണി വൈകുന്ന സാഹചര്യത്തിലാണിത്. ഒരു ഫ്രീസർ മാത്രമുള്ള മൊബൈൽ യൂണിറ്റ് ഉടൻ ഉപയോഗിച്ചുതുടങ്ങുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. വി. ജിതേഷ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!