കെ.എം ബഷീറിന്റെ കൊലപാതകം: ശ്രീറാം വെങ്കിട്ടരാമനെതിരായ വിചാരണ ഒരു മാസത്തേക്ക് മാറ്റിവെക്കാൻ ഹൈക്കോടതി ഉത്തരവ്

കൊച്ചി: സിറാജ് തിരുവനന്തപുരം യൂണിറ്റ് മേധാവിയായിരുന്ന കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ ഐ എ എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെതിരായ വിചാരണ നടപടികൾ ഒരു മാസത്തേക്ക് മാറ്റിവെക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. സ്പെഷ്യൽ പബ്ലിക് പ്രൊസിക്യൂട്ടറെ നിയമിക്കുന്ന നടപടികൾ പൂർത്തിയാക്കുന്നതിന് വേണ്ടിയാണ് ജസ്റ്റിസ് സി എസ് ഡയസ് വിചാരണക്കോടതിയോട് നടപടികൾ നിർത്തിവെക്കാൻ ഉത്തരവിട്ടത്. വിചാരണ കോടതി മാറ്റിയ നടപടിക്ക് എതിരെ ബഷീറിന്റെ ഭാര്യ ജസീല നൽകിയ ഹരജിയിലാണ് ഹൈക്കോടതി നടപടി.
തിരുവനന്തപുരം അഡീഷണൽ ഡിസ്ട്രിക്റ്റ് ആന്റ് സെഷൻസ് കോടതി നാലിലെ വിചാരണ നടപടികളാണ് ഒരു മാസത്തേക്ക് മാറ്റിവെക്കാൻ ഉത്തരവിട്ടത്. കേസിൽ അഡ്വക്കേറ്റ് എ ഐ സന്തോഷ് കുമാറിനെ സ്പെഷ്യൽ പബ്ലിക് പ്രൊസിക്യൂട്ടറായി നിയമിക്കാൻ സർക്കാർ തത്ത്വത്തിൽ തീരുമാനിച്ചതായി പബ്ലിക് പ്രൊസിക്യൂട്ടർ ഹൈക്കോടതിയെ അറിയിച്ചു. എന്നാൽ ഇതുസംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിക്കുന്നതിൽ ചെറിയ താമസം നേരിട്ടിട്ടുണ്ടെന്നും കോടതിയെ അറിയിച്ചു.
സർക്കാർ വിജ്ഞാപനം ഇറക്കിയ ഉടൻ തന്നെ നിയുക്ത സ്പെഷ്യൽ പബ്ലിക് പ്രൊസിക്യൂട്ടർ സന്തോഷ് കുമാർ സംസ്ഥാന സർക്കാറിന് വേണ്ടി കേസിന്റെ വിചാരണ നടത്തണമെന്നും ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. 2019ൽ തിരുവനന്തപുരം മ്യൂസിയം ജങ്ഷന് സമീപം വെച്ച് മദ്യലഹരിയിൽ ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ചാണ് കെ എം ബഷീർ കൊല്ലപ്പെടുന്നത്. അപകടസമയം ശ്രീറാമിനൊപ്പം അദ്ദേഹത്തിന്റെ പെൺസുഹൃത്തും കാറിലുണ്ടായിരുന്നു.

