തിരക്കേറിയ എം ജി റോഡ് വീതി കൂട്ടണമെന്ന മുറവിളി നടന്ന് കൊണ്ടിരിക്കെ അപകടം; ചികിത്സയിലായിരുന്ന ബാങ്കോട് സ്വദേശി ഹനീഫ മരണപ്പെട്ടു, പ്രതിഷേധം ശക്തം

കാസർകോട്: നഗരത്തിലെ എംജി റോഡിലെ പുതിയ മൈജി ഷോറൂമിനടുത്ത് ബുധനാഴ്ച ഉച്ചയ്ക്ക് ടാങ്കർ ലോറിക്കടിയിൽപെട്ട് കാലിന് അതീവ ഗുരുതരമായി പരിക്കേറ്റ സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. തളങ്കര ബാങ്കോട്ടെ ഹനീഫ (55) ആണ് മരിച്ചത്. വ്യാഴാഴ്‌ച പുലർച്ചെ മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.
ഇവിടെ റോഡിന് വീതി കൂട്ടി ഗതാഗത തിരക്ക് ഒഴിവാക്കണമെന്ന ആവശ്യം ശക്തമായിരിക്കെയാണ് വീണ്ടും അപകടം നടന്ന് ഹനീഫയുടെ ജീവൻ കവർന്നത്. അശാസ്ത്രീയമായ ഫുട്പാത്ത് നിർമ്മാണം റോഡിന്റെ വീതി കുറച്ചത് അപകടങ്ങൾക്കും വലിയ ട്രാഫിക്ക് ജാമുകൾക്കും വഴി വെച്ചിട്ടുണ്ട് , സാമൂഹ്യ-രാഷ്ട്രീയ രംഗത്തെ പലരും പ്രശ്നം ചൂണ്ടിക്കാണിച്ചിട്ടും അധികൃതരുടെ മൗനമാണ് യുവാവിന്റെ ജീവൻ നഷ്ടപ്പെടാൻ കാരണം.
വിദ്യാനഗർ ബി സി റോഡിലെ ഫ്ലക്സ‌് കട ഉടമയാണ് മരണപ്പെട്ട ഹനീഫ. ബുധനാഴ്ചBഉച്ചയ്ക്ക് പുതിയ ബസ് സ്റ്റാൻഡിൽ നിന്ന് പഴയ ബസ് സ്റ്റാൻഡിലേക്ക് സ്കൂട്ടറിൽ പോകുന്നതിനിടയിലായിരുന്നു അപകടം. ലോറി ഇടിച്ച് സ്കൂട്ടറിൽ നിന്ന് തെറിച്ചുവീണ ഹനീഫയുടെ കാലിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു എന്ന് പറയുന്നു. അതീവ ഗുരുതര നിലയിൽ പരിക്കേറ്റ ഹനീഫയെ നാട്ടുകാർ ഉടൻ ജനറൽ ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനെ തുടർന്ന് മംഗളൂരുവിലെ ആശുപത്രിയിലേക്ക്, മാറ്റുകയായിരുന്നു. അതീവ ഗുരുതര നിലയിലായിരുന്ന ഹനീഫ ഇന്ന് പുലർച്ചെ മരണത്തിന് കീഴടങ്ങി. ഭാര്യ: സിബിരിയ. മക്കൾ: ഉസ്ന, ഇഷാം (ഗൾഫ്), ആനിയ, അസ‌്വ. ബാങ്കോട്ടെ പരേതരായ ഖാദറിൻ്റെയും ആയിഷയുടെയും മകനാണ്. ഹനീഫ നേരത്തെ ഗൾഫിലായിരുന്നു. ഗൾഫിൽ നിന്ന് തിരിച്ചെത്തിയശേഷം തിരുവനന്തപുരം സ്വദേശി വിജയരാജ്, മുബാറക്ക് ദൃശ്യ എന്നിവർക്കൊപ്പം ഫോർ സൈറ്റ് സ്ഥാപനമാരംഭിക്കുകയായിരുന്നു. പാർട്‌ണർമാർ പിരിഞ്ഞതോടെ സ്ഥാപനം ഹനിഫ നടത്തിവരുകയായിരുന്നു.

