KSDLIVENEWS

Real news for everyone

സേവനങ്ങളേക്കുറിച്ച് അഭിപ്രായം അറിയിക്കാം, റേറ്റിങ് നൽകാം; തദ്ദേശസ്ഥാപനങ്ങളിൽ ക്യൂ.ആർ. കോഡ് വരുന്നു; കെ.എം ഷാജി

SHARE THIS ON

തിരൂർ: തദ്ദേശസ്ഥാപനങ്ങളിലെ സേവനങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്ക് അഭിപ്രായം രേഖപ്പെടുത്താനും റേറ്റിങ് നൽകാനും സംവിധാനമൊരുക്കുമെന്ന് മന്ത്രി കെ.എം. ഷാജി. ഇതിനായി നഗരസഭകളിലും പഞ്ചായത്തുകളിലും ക്യൂ.ആർ. കോഡ് സംവിധാനം ഏർപ്പെടുത്തും. ജനങ്ങൾ ഉദ്യോഗസ്ഥരേക്കുറിച്ച് പരാതികൾ പറയുക പതിവാണ് ഇത് പരിഹരിക്കുന്നതിനുമൊപ്പം മികച്ച സേവനം നൽകുന്ന ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും അംഗീകരിക്കുന്ന സംവിധാനം വേണം. ജനങ്ങളോട് മാന്യമായി പെരുമാറുകയും അവരുടെ പ്രശ്നങ്ങൾക്ക് ആത്മാർഥമായി പരിഹാരം കാണാൻ ഇടപെടുകയും ചെയ്യുക എന്നതാണ് ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും പ്രധാന ഉത്തരവാദിത്വമെന്നും മന്ത്രി പറഞ്ഞു.

തദ്ദേശസ്ഥാപനങ്ങൾക്ക് ലഭിക്കുന്ന പദ്ധതി വിഹിതം വാർഡുകൾക്ക് വീതംവെച്ച് ചെറുപദ്ധതികളായി ചെലവഴിക്കുന്നതിന് പകരം നാടിന് ദീർഘകാലം പ്രയോജനപ്പെടുന്ന വലിയ പദ്ധതികൾക്ക് പ്രാധാന്യം നൽകണം. അഞ്ച് വർഷം കഴിയുമ്പോൾ ഒരു ഭരണസമിതിയുടെ കാലത്ത് നാടിന് എന്താണ് ലഭിച്ചതെന്ന് അടയാളപ്പെടുത്താൻ കഴിയുന്ന പദ്ധതികളാണ് ആവിഷ്കരിക്കേണ്ടത്. പദ്ധതികൾ കൃത്യമായ ആസൂത്രണത്തോടെയും ദീർഘവീക്ഷണത്തോടെയും നടപ്പാക്കണം. റോഡ് വെട്ടിപ്പൊളിച്ച് പൈപ്പിടുകയും പിന്നീട് മറ്റ് ആവശ്യങ്ങൾക്കായി വീണ്ടും റോഡ് പൊളിക്കുകയും ചെയ്യുന്ന രീതിക്ക് മാറ്റമുണ്ടാകണം. പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനൊപ്പം തുടർപരിപാലനത്തിലും ജാഗ്രത വേണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

തിരൂർ നഗരസഭയുടെ വികസന പദ്ധതികൾക്ക് സർക്കാർ പിന്തുണ നൽകും. വാഗൺ ട്രാജഡി സ്മാരക ടൗൺ ഹാൾ നവീകരണം, നഗരസഭയ്ക്ക്പുതിയ അനക്സ് കെട്ടിടം, ബസ് സ്റ്റാൻഡിന് പുതിയ കെട്ടിടം തുടങ്ങിയ പദ്ധതികൾ ദീർഘവീക്ഷണത്തോടെ ആസൂത്രണം ചെയ്യണം. ഇതിനായി സർക്കാർ ഒരു വിഹിതം ഫണ്ടുനൽകും. ബാക്കി തുക വായ്പയെടുക്കുകയും നഗരസഭാ ഫണ്ട് ഉപയോഗപ്പെടുത്തുകയും വേണം. നഗരത്തിന്റെ വ്യാപാരസാധ്യതകൾ പ്രയോജനപ്പെടുത്തി വരുമാനം സൃഷ്ടിക്കുന്ന പദ്ധതികൾ നടപ്പാക്കണമെന്നും നഗര ചലഞ്ച് ഫണ്ടുൾപ്പെടെയുള്ള സർക്കാർ സഹായങ്ങൾ പ്രയോജനപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.

നഗരസഭാ കെട്ടിടങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും നിർമ്മിക്കുമ്പോൾ ആധുനികവും ദീർഘകാലം നിലനിൽക്കുന്നതുമായ രൂപകൽപ്പനയ്ക്ക് പ്രാധാന്യം നൽകണം. വിദഗ്ധ കൺസൾട്ടൻസികളുടെയും അംഗീകൃത ഏജൻസികളുടെയും സഹായത്തോടെ മികച്ച ഡിസൈനുകൾ തയ്യാറാക്കണമെന്നും അദ്ദേഹം നിർദേശിച്ചു.

തദ്ദേശ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കാൻ സർക്കാർ നടപടി സ്വീകരിച്ചുവരികയാണ്. പുതിയ തസ്തിക സൃഷ്ടിക്കാൻ ധനകാര്യ വകുപ്പാണ് അനുമതി നൽകേണ്ടത്. നഗരസഭ എൻജിനിയർ മാരുടെ കുറവ് സംസ്ഥാനത്തുണ്ട്. ഇതുൾപ്പെടെയുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ പി.എസ്.സി. വഴി പരമാവധി നിയമനം നടത്തും. സംസ്ഥാനത്തെ ഭൂരിഭാഗം പഞ്ചായത്തുകളിലും സെക്രട്ടറിമാരെ നിയമിക്കുന്ന നടപടിയും പൂർത്തിയാക്കിയതായി മന്ത്രി പറഞ്ഞു.

പ്രവാസികൾ, കിടപ്പുരോഗികൾ, മറ്റ് കാരണങ്ങളാൽ ഗ്രാമസഭയിൽ നേരിട്ട് പങ്കെടുക്കാൻ കഴിയാത്തവർ എന്നിവരെയും വികസനപ്രക്രിയയുടെ ഭാഗമാക്കുന്നതിനായി ഓൺലൈൻ ഗ്രാമസഭ നടപ്പാക്കാൻ നടപടിയായിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ലോകത്തിന്റെ ഏത് ഭാഗത്തുള്ളവർക്കും സ്വന്തം നാടിന്റെ വികസനത്തിൽ പങ്കാളികളാകാൻ കഴിയുന്ന സംവിധാനമായിരിക്കും ഓൺലൈൻ ഗ്രാമസഭയെന്നും മന്ത്രി പറഞ്ഞു.

രാജ്യത്തിന്‍റെ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ നടുക്കുന്ന ഓർമ്മയായ വാഗൺ ട്രാജഡിയെ വാഗൺ കൂട്ടക്കൊല എന്ന പേരിൽ വിളിക്കണമെന്ന ആവശ്യം ചരിത്രപരമായി പരിശോധിക്കപ്പെടേണ്ടതാണെന്നും മന്ത്രി പറഞ്ഞു. മലബാറിൽ നടന്ന സ്വാതന്ത്ര്യസമരങ്ങളെ ബ്രിട്ടീഷ് കാഴ്ചപ്പാടിലൂടെ ചരിത്രത്തിൽ രേഖപ്പെടുത്തിയതാണ് പല പ്രശ്നങ്ങൾക്കും കാരണമെന്നും അദ്ദേഹം പറഞ്ഞു.
മലബാർ സമരത്തെ ‘മലബാർ കലാപം’ എന്ന് വിളിച്ചതും ഇതിന്റെ ഭാഗമാണ്. അത് ഒരു കലാപമായിരുന്നില്ലെന്നും ബ്രിട്ടീഷുകാർക്കെതിരായ സ്വാതന്ത്ര്യസമരമായിരുന്നുവെന്നും മന്ത്രി പറഞ്ഞു. വാഗൺ ട്രാജഡി എന്ന പ്രയോഗവും പുനഃപരിശോധിക്കേണ്ടതാണ്. പ്രകൃതിദുരന്തങ്ങളെ സൂചിപ്പിക്കുന്ന ‘ട്രാജഡി’ എന്ന പദത്തിനു പകരം, സ്വാതന്ത്ര്യസമര പോരാളികളെ വാഗണിൽ കുത്തികയറ്റി മരണത്തിലേക്ക് നയിച്ച സംഭവത്തെ ചരിത്രപരമായി നീതിപൂർവം വിശേഷിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തെരുവുനായ ശല്യം പരിഹരിക്കുന്നതിന് സംസ്ഥാനത്തെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും ഉടൻ കൃത്യമായ പ്രോട്ടോകോൾ നൽകുമെന്നും മന്ത്രി അറിയിച്ചു. തെരുവുനായകൾ, വളർത്തുനായകൾ, ഷെൽട്ടറുകൾ, എ.ബി.സി. (ആനിമൽ ബർത്ത് കൺട്രോൾ), ദയാവധം എന്നിവ സംബന്ധിച്ച മാർഗനിർദേശങ്ങൾ പ്രോട്ടോകോളിലുണ്ടാകും. ഇത് കൃത്യമായി നടപ്പാക്കാൻ തദ്ദേശസ്ഥാപനങ്ങൾ തയ്യാറായാൽ ഒന്നോ രണ്ടോ വർഷത്തിനകം തെരുവുനായ പ്രശ്നത്തിന് ശാശ്വതപരിഹാരം കാണാനാകുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷയെന്നും മന്ത്രി കൂട്ടിച്ചേർത്തു.

error: Content is protected !!