ഫ്രഷ് കട്ട് പൂട്ടും; ഉറപ്പ് ലഭിച്ചതായി സമരസമിതി, കമ്പനിയുമായി ധാരണാപത്രം ഒപ്പിട്ടു

കോഴിക്കോട്: വിവാദമായ താമരശേരിയിലെ ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്കരണ ഫാക്ടറി പൂട്ടാൻ ധാരണ. കമ്പനിയുടെ ഉടമകളില്‍നിന്ന് ഉറപ്പ് ലഭിച്ചതായും കമ്പനിയുമായി ധാരണാപത്രം ഒപ്പിട്ടുവെന്നും സമരസമിതി അറിയിച്ചു.
മാർച്ച് 31നകം പ്രവർത്തനം അവസാനിപ്പിക്കാനാണ് ധാരണ. കേസുകള്‍ പിൻവലിക്കാനും ധാരണയായിട്ടുണ്ട്.
ഫ്രഷ് കട്ട് ഫാക്ടറി കാരണം മൂന്ന് പഞ്ചായത്തുകളിലെ ജനങ്ങള്‍ ദുരിതത്തിലായിരുന്നു. കഴിഞ്ഞ പ്രളയത്തില്‍ മാലിന്യങ്ങള്‍ അടിഞ്ഞുകൂടി കുടിവെള്ള സ്രോതസ്സുകള്‍ മലിനപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് നാട്ടുകാർ വീണ്ടും സമരമാരംഭിച്ചത്. എന്നാല്‍ കമ്പനി ഉടമകള്‍ ഹൈക്കോടതിയെ സമീപിച്ചു പ്രവർത്തനത്തിനുള്ള അനുകൂല വിധി നേടി. ഹൈക്കോടതിയില്‍ കേസ് തുടരുന്നതിനിടെ ആണ് കോടതിക്ക് പുറത്ത് ഒത്തുതീർപ്പിന് ശ്രമം ആരംഭിച്ചത്.
മുസ്ലീം ലീഗിൻ്റെ മൂന്ന് എംഎല്‍എമാരുടെ ഇടനിലയില്‍ നാട്ടുകാരും സമരസമിതിയും കമ്പനി അധികൃതരും നടത്തിയ ചർച്ചയിലാണ് ഒത്തുതീർപ്പിലെത്തിയത്. തുടർന്ന് കമ്പനി അധികൃതരും സമരസമിതിയും ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. കെട്ടിക്കിടക്കുന്ന മാലിന്യങ്ങള്‍ സംസ്കരിക്കേണ്ടതിനാല്‍ മാർച്ച് 31 വരെ കമ്പനിക്ക് പ്രവർത്തിക്കാമെന്നാണ് ധാരണ. സമരവുമായി ബന്ധപ്പെട്ട് നാട്ടുകാർക്കെതിരെ രജിസ്റ്റർ കേസുകള്‍ പിൻവലിക്കാനും ധാരണയായി. ഫ്രഷ് കട്ട് ഫാക്ടറി ജനവാസമില്ലാത്ത മേഖലയിലേക്ക് മാറ്റുന്നതിനായി സർക്കാരുമായി ചർച്ച നടത്താനും ധാരണയായിട്ടുണ്ട്.

