പ്രളയക്കെടുതിക്ക് കാരണം ഞങ്ങളല്ല’; ഇന്ത്യയും ചൈനയും അമേരിക്കയും നഷ്ടപരിഹാരം നൽകണമെന്ന് നേപ്പാൾ

കാഠ്മണ്ഡു: രാജ്യത്തുണ്ടായ പ്രളയക്കെടുതിയിൽ ഇന്ത്യ, ചൈന, അമേരിക്ക എന്നീ രാജ്യങ്ങളിൽനിന്ന് കാലാവസ്ഥാ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നേപ്പാൾ. ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലിൽ മുൻപന്തിയിലുള്ള രാജ്യങ്ങളായതിനാലാണ് നേപ്പാൾ ഇത്തരമൊരു ആവശ്യം മുന്നോട്ടുവെച്ചിരിക്കുന്നത്.
ടിബറ്റ്-നേപ്പാൾ അതിർത്തി മേഖലയിലെ ഉയർന്ന പ്രദേശങ്ങളിലുണ്ടായ വലിയ ഹിമപാതത്തെയും ഹിമാനികളുടെ തകർച്ചയെയും തുടർന്നാണ് നേപ്പാളിലെ ഭോട്ടെകോശി നദിയിൽ വൻ പ്രളയമുണ്ടായത്. തണുത്തുറഞ്ഞ വെള്ളവും പാറക്കല്ലുകളും അവശിഷ്ടങ്ങളും നിറഞ്ഞ മലവെള്ളപ്പാച്ചിൽ ജനവാസമേഖലകളെ വിഴുങ്ങുകയായിരുന്നു. ഇതുവരെ ദുരന്തമുഖത്തുനിന്ന് 1100-ലധികം മൃതദേഹങ്ങൾ വീണ്ടെടുത്തിട്ടുണ്ട്. എന്നാൽ, ഇപ്പോഴും 4500-ഓളം ആളുകളെ കണ്ടെത്താനായിട്ടില്ല. മൂന്ന് ജില്ലകളിലായി നിരവധി ഗ്രാമങ്ങളാണ് ഒഴുകിപ്പോയത്.
പ്രളയദുരന്തത്തിന് ശേഷമുള്ള സഹായങ്ങളെ കാരുണ്യപ്രവർത്തനമായി കാണേണ്ടതില്ലെന്നും അത് വികസിത രാജ്യങ്ങളുടെ ‘ധാർമ്മികവും നിയമപരവുമായ ബാധ്യത’ ആണെന്നും വിദേശകാര്യ മന്ത്രി ശിശിർ ഖനാൽ പ്രതികരിച്ചു. ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലിൽ നേപ്പാളിന്റെ പങ്ക് പൂജ്യത്തോടടുത്താണെങ്കിലും ആഗോളതാപനത്തിന്റെ കനത്ത ദുരന്തഫലങ്ങൾ അനുഭവിക്കുന്നത് തങ്ങളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഞങ്ങൾ ഉണ്ടാക്കാത്ത ഒരു ആഗോള പ്രതിസന്ധിയുടെ ഏറ്റവും വലിയ വിലയാണ് ഞങ്ങൾ നൽകുന്നത്. ഹിമാനികൾ അതിവേഗം ഉരുകുന്നതും ഹിമാലയൻ മലനിരകളിലുണ്ടാകുന്ന പ്രളയങ്ങളും ആഗോള കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലങ്ങളാണ്. ‘സാമ്പത്തിക സഹായം’ നയതന്ത്ര ചട്ടക്കൂടിൽ നിന്ന് ‘നീതിയും നഷ്ടപരിഹാരവും’ എന്ന ശൈലിയാണ് നേപ്പാൾ മുന്നോട്ടുവെക്കുന്നതെന്ന് ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
ലോകത്തിൽ ഏറ്റവും കൂടുതൽ ഹരിതഗൃഹ വാതകങ്ങൾ പുറന്തള്ളുന്ന ഒന്നാംസ്ഥാനത്തുള്ള ചൈന, രണ്ടാം സ്ഥാനത്തുള്ള അമേരിക്ക, മൂന്നാം സ്ഥാനത്തുള്ള ഇന്ത്യ എന്നിവർക്ക് നേപ്പാൾ പോലുള്ള ദുർബല രാജ്യങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ ചരിത്രപരമായ ബാധ്യതയുണ്ടെന്ന് ശിശിർ ഖനാൽ വ്യക്തമാക്കി. ഹിമാലയൻ ഹിമാനികൾ ഇല്ലാതായാൽ ദക്ഷിണേഷ്യയിലെ ഗംഗ, തൃശൂലി തുടങ്ങിയ നദികളെ ആശ്രയിക്കുന്ന 200 കോടിയിലധികം ജനങ്ങളുടെ ജലസുരക്ഷ അപകടത്തിലാകും. ഇത് ദക്ഷിണേഷ്യൻ സംസ്‌കാരത്തിന്റെ നിലനിൽപ്പിനെത്തന്നെ ബാധിക്കുന്ന കാര്യമാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
നേപ്പാൾ ധനകാര്യ മന്ത്രാലയം ഔദ്യോഗിക നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ടുള്ള കത്ത് രാഷ്ട്രങ്ങൾക്ക് അയച്ചിട്ടുണ്ട്. ദുരന്തത്തെ നേരിടാനുള്ള അടിയന്തര ധനസഹായത്തിനായി നേപ്പാൾ രാജ്യാന്തര കാലാവസ്ഥാ ഫണ്ടിനും അപേക്ഷ നൽകിയിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനം മൂലം ഉണ്ടാകുന്ന നാശനഷ്ടങ്ങൾ പരിഹരിക്കാനായാണ് ഈ ഫണ്ട് രൂപവത്കരിച്ചത്. ദുരന്തത്തിന്റെ ആഘാതം നേപ്പാളിന്റെ സ്വന്തം അതിജീവനശേഷിക്കും അപ്പുറമാണെന്നും കത്തിൽ വ്യക്തമാക്കുന്നു.

