KSDLIVENEWS

Real news for everyone

ചന്തേര എം.ഡി.എം.എ കേസ്; മുഖ്യപ്രതികളിൽ ഒരാൾ കൂടി പിടിയിൽ; കേരളത്തിലേക്കും എത്തിക്കുന്ന പ്രധാനിയാണ് പിടിയിലായത്

SHARE THIS ON

കാസർകോട്: ചന്തേര എം.ഡി.എം.എ കേസിൽ മുഖ്യപ്രതികളിൽ ഒരാൾ കൂടി ഇൻഡോറിൽനിന്ന് പിടിയിലായി. ആഗ്ര ദയോരൈതയിലെ വിഷ്ണുകുമാറിനെയാണ് എസ്.ഐ നീതു തച്ചഞ്ചേരിയുടെ നേതൃത്വത്തിലുള്ള സംഘം ആഗ്രയിൽവെച്ച് പിടികൂടിയത്. മയക്കുമരുന്ന് കേരളത്തിലേക്കും മറ്റു തെക്കൻ സംസ്ഥാനങ്ങളിലേക്കും എത്തിക്കുന്ന പ്രധാനിയാണ് പിടിയിലായത്. ഇതോടെ ചന്തേര എം.ഡി.എം.എ കേസിൽ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. ജില്ല പൊലീസ് മേധാവി നിധിൻ രാജ് ഐ.പി.എസിന്റെ മേൽനോട്ടത്തിൽ കാഞ്ഞങ്ങാട് ഡിവൈ.എസ്.പി എം.വി. അനിൽ കുമാറിന്റെ നേതൃത്വത്തിലുമുള്ള 17 അംഗ സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീം നടത്തുന്ന അന്വേഷണം കേസിന്റെ അന്തർസംസ്ഥാന ശൃഖലയുടെ കൂടുതൽ ബന്ധം പുറത്തുകൊണ്ടുവന്നു.

ബേളൂർ പാറപ്പള്ളി സ്വദേശി മുഹമ്മദ് സാബീർ (33) എന്നയാളെ ഈ മാസം ഒന്നിന് അമ്പലത്തറയിൽനിന്ന് അന്വേഷണ സംഘം പിടികൂടിയിരുന്നു. തുടർന്ന്, അറസ്റ്റിലായ മുഴുവൻ പ്രതികളേയും പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് മയക്കുമരുന്ന് ശൃംഖലയുടെ കേരളത്തിന് പുറത്തുള്ള മുഖ്യ ഇടനിലക്കാരിയായ ഗുജറാത്ത് അഹമ്മദാബാദ് ലാംബ സ്വദേശിനി റിയ ഖാൻ എന്നറിയപ്പെടുന്ന സാത്തി ഷേഖ് (31) കഴിഞ്ഞ ദിവസം പിടിയിലായത്. ഇവരുടെ കൂട്ടാളിയാണ് ഇപ്പോൾ പിടിയിലായ ഉത്തർപ്രദേശ് സ്വദേശി വിഷ്ണു കുമാർ (26).

സാത്തി ഷേഖിനെ പിടികൂടിയപ്പോൾ വിഷ്ണുകുമാർ സമർഥമായി മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തു കടന്നുകളയുകയായിരുന്നു. ഒടുവിൽ ഇയാളെക്കുറിച്ചുള്ള വിവരണങ്ങൾ ശേഖരിച്ച് സബ് ഇൻസ്‌പെക്ടർ നീതു തച്ചഞ്ചേരി ഉൾപ്പെട്ട അന്വേഷണ സംഘം നടത്തിയ നീക്കത്തിൽ ഇൻഡോർ ബെടമ പൊലീസ് സ്റ്റേഷൻ പരിധിയിൽനിന്ന് ഇയാൾ പിടിയിലാകുകയായിരുന്നു. കേരളത്തിലെ എ.ഡി.എം.എ ലഹരി ശൃംഖലയുടെ പ്രധാനി ഘാന സ്വദേശി വിക്ടർ ദസാബയെയും കൊല്ലത്ത് വെച്ച് അന്വേഷണ സംഘം പിടികൂടിയിരുന്നു.

error: Content is protected !!