KSDLIVENEWS

Real news for everyone

നാഥനില്ലാ കളരിയായി കോൺഗ്രസ്; കെപിസിസി അധ്യക്ഷ പദത്തിൽ ‘ഫയൽ’ ഇനിയും തുറക്കാതെ എഐസിസി

SHARE THIS ON

ദില്ലി: കെപിസിസി അധ്യക്ഷ പദത്തിൽ “ഫയൽ” ഇനിയും തുറക്കാതെ എഐസിസി. ചർച്ച എപ്പോൾ തുടങ്ങുമെന്നതിൽ വ്യക്തതയില്ല. നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലെ സംഘടന വിഷയങ്ങൾക്കാണ് എഐസിസി ഇപ്പോൾ മുൻഗണന നൽകുന്നത്. എന്നാല്‍, കേരളത്തിലെ ചർച്ചകളിൽ ഇടപെടാതെയിരിക്കുകയാണ് കെ.സി. വേണുഗോപാൽ. ആരുടെയും പേര് നിർദേശിക്കില്ലെന്ന നിലപാടിലാണ് കെ.സി. വേണുഗോപാൽ. തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷവും സണ്ണി ജോസഫ് തുടരുകയാണ്. നിലവിൽ വൈദ്യുതി മന്ത്രിയാണ് സണ്ണി ജോസഫ്. പാർട്ടിക്ക് മുഴുവൻ സമയ അധ്യക്ഷൻ വേണമെന്നാണ് പല നേതാക്കളുടെയും ആവശ്യം. എന്നാൽ ഒറ്റപ്പേരിലെത്താൻ പാർട്ടിക്ക് സാധിച്ചിട്ടില്ല. കഴിഞ്ഞ ദിവസം കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി ചേർന്നിരുന്നു.

കെപിസിസി അധ്യക്ഷനെ എത്രയും വേഗം നിശ്ചയിക്കണമെന്ന മുന്നറിയിപ്പ് രാഷ്ട്രീയകാര്യ സമിതി നല്‍കിയെങ്കിലും അടിയന്തര സാഹചര്യം പക്ഷേ എഐസിസി വിലയിരുത്തുന്നില്ല. ഉടന്‍ ചര്‍ച്ചകളിലേക്ക് കടന്ന് അധ്യക്ഷനെ നിയമിക്കുമെന്ന യാതൊരു സൂചനയും നിലവിലില്ല. പഞ്ചാബ്, ഉത്തര്‍ പ്രദേശടക്കം സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രമുള്ളപ്പോള്‍ അവിടുത്തെ സംഘടന വിഷയങ്ങള്‍ പരിഹരിക്കുന്നതിനാണ് മുന്‍ഗണന നല്‍കുന്നത്.

പഞ്ചാബില്‍ മുന്‍ മുഖ്യമന്ത്രി ചരണ്‍ ജിത് സിംഗ് ചന്നിയും പിസിസി അധ്യക്ഷന്‍ അമരീന്ദര്‍ സിംഗ് രാജാ വാടിംഗും തമ്മിലുള്ള അടി പരിഹരിക്കാന്‍ മാസങ്ങളായി ശ്രമിച്ചിട്ടും വിജയിച്ചിട്ടില്ല. പിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ഒരാളെ കൊണ്ടുവന്ന് പരിഹാരം കാണേണ്ട ഒരു അടിയന്തര സാഹചര്യവും കേരളത്തിലില്ലെന്നാണ് ദേശീയ നേതൃത്വത്തിന്‍റെ വിലയിരുത്തല്‍. ഹൈക്കമാന്‍ഡ് നേതൃത്വത്തിന്‍റെ മനസിലിരുപ്പ് അറിയാവുന്ന കേരളത്തിന്‍റെ ചുമതലയുള്ള ദീപ ദാസ് മുന്‍ഷി രാഷ്ട്രീയ കാര്യ സമിതിയില്‍ സംസ്ഥാന നേതൃത്വത്തിന്‍റെ വികാരത്തിനൊപ്പം നിന്നന്നേയുള്ളൂ.

കെ സി വേണുഗാപാലും ഇക്കാര്യത്തില്‍ വലിയ താല്‍പര്യമെടുക്കുന്നില്ലെന്നാണ് നേതാക്കള്‍ നല്‍കുന്ന സൂചന. താനായിട്ട് ആരെയും നിര്‍ദേശിക്കില്ലെന്നും സംസ്ഥാനത്ത് തന്നെ തീരുമാനമുണ്ടാകട്ടേയെന്നുമാണ് കെസി വേണുഗോപാലിന്‍റെ നിലപാടെന്നാണ് അധ്യക്ഷനാകാനുള്ള മോഹത്തില്‍ അദ്ദേഹത്തെ കണ്ട ചില നേതാക്കള്‍ക്ക് കിട്ടിയ മറുപടി. പ്രഖ്യാപനം വരാന്‍ വൈകുമെന്നതുകൊണ്ടു തന്നെ മന്ത്രി പദവിക്കൊപ്പം പാര്‍ട്ടി അധ്യക്ഷന്‍റെ ചുമതലയില്‍ തുടരാനുള്ള നിര്‍ദേശം സണ്ണി ജോസഫിന് നല്‍കിയിട്ടുണ്ട്.

രാഷ്ട്രീയ കാര്യ സമിതി യോഗത്തിന് ശേഷവും അക്കാര്യത്തില്‍ മാറ്റം വരുത്തിയിട്ടില്ല. തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുകളിലെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ സണ്ണി ജോസഫ് അടുത്തയാഴ്ച യോഗവും വിളിച്ചു ചേര്‍ത്തിട്ടുണ്ട്. അധ്യക്ഷ സ്ഥാനത്തേക്ക് ഇതിനോടകം ഉയര്‍ന്ന പേരുകളില്‍ സംസ്ഥാന കോണ്‍ഗ്രസില്‍ സമാവായമില്ല. ടി എന്‍ പ്രതാപന്‍റെ പേര് കൂടി ചര്‍ച്ചയിലേക്ക് വന്നിട്ടുമുണ്ട്. വര്‍ക്കിംഗ് പ്രസിഡന്‍റ് പദവികളില്‍ ഒന്നിലേക്ക് വനിതയെ കൊണ്ടുവരണമെന്ന് ചില കോണുകളില്‍ നിന്ന് ചര്‍ച്ചകളുയര്‍ന്നെങ്കിലും തല്‍ക്കാലം അക്കാര്യത്തിലും നീക്കുപോക്കില്ല.

മന്ത്രി സ്ഥാനവും കെപിസിസി അധ്യക്ഷ പദവിയും ഒന്നിച്ചു കൊണ്ടുപോകാന്‍ പറ്റുമെങ്കിലും ഒരാള്‍ക്ക് ഒരു പദവി നല്‍കുന്നതിനോടാണ് യോജിപ്പെന്നും സണ്ണി ജോസഫ് ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞിരുന്നു. ഏത് പദവി ഒഴിയണം എന്നു ഹൈക്കമാൻഡ് പറഞ്ഞാല്‍ ഒഴിയാൻ തയാറാണെന്നും സണ്ണി ജോസഫ് പ്രതികരിച്ചു. പുതിയ പ്രസിഡന്റ് വൈകുന്ന സാഹചര്യത്തിൽ സജീവമാകാൻ ഒരുങ്ങുകയാണ് കെപിസിസി നേതൃത്വം. തലസ്ഥാനത്തുള്ളപ്പോൾ സണ്ണി ജോസഫ് കൂടുതൽ സമയം ഇന്ദിരാഭവനിൽ തങ്ങാൻ ആണ് ധാരണ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!