KSDLIVENEWS

Real news for everyone

സിഎ പഠനം ഉപേക്ഷിച്ച്‌ ദോശക്കച്ചവടം, ഇന്ന് മാസം 12 ലക്ഷം വരുമാനം;
മുംബൈ താനെയിലെ രണ്ട് സഹോദരങ്ങളുടെ ബിസിനസ് ശ്രദ്ധേയമാകുന്നു

SHARE THIS ON

മുംബൈ: അമ്മയുടെ കൈപ്പുണ്യത്തില്‍ തയ്യാറാക്കിയ ദോശയെ സംരംഭമാക്കി മാറ്റി മാസം ഏകദേശം 12 ലക്ഷം രൂപ വരുമാനം നേടുന്ന സഹോദരങ്ങളുടെ കഥ ശ്രദ്ധ നേടുന്നു.

താനെയിലെ ഗണേഷ് സാഥെയും സഹോദരി സപ്ന സാഥെയും ചേർന്നാണ് ‘ദി ബെണ്ണെ’ എന്ന പേരില്‍ ദോശ ബിസിനസ് വളർത്തിയത്.

ചാർട്ടേഡ് അക്കൗണ്ടന്റ് ആകണമെന്ന കുടുംബത്തിന്റെ ആഗ്രഹപ്രകാരം ഗണേഷ് പഠനം തുടങ്ങിയിരുന്നെങ്കിലും, അമ്മയുടെ ബെണ്ണെ ദോശയുടെ രുചി ബിസിനസാക്കി മാറ്റണമെന്ന ആശയം അദ്ദേഹത്തെ പിന്തുടർന്നു. ഒടുവില്‍ സിഎ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച്‌ 50,000 രൂപ കടമെടുത്താണ് പഴയൊരു ഉന്തുവണ്ടിയില്‍ ദോശക്കട ആരംഭിച്ചത്.

സഹോദരി സപ്നയും സംരംഭത്തില്‍ പങ്കാളിയായി. തുടക്കത്തില്‍ പക്ഷേ കാര്യങ്ങള്‍ പ്രതീക്ഷിച്ചപോലെ നടന്നില്ല. ഫുഡ് ട്രക്കുകളും മോംമോസ്, പിസ റോളുകള്‍ തുടങ്ങിയ ട്രെൻഡി ഭക്ഷണശാലകളും മത്സരരംഗത്തുണ്ടായിരുന്നപ്പോള്‍ ഇവരുടെ ദോശക്കടയിലേക്ക് ആളുകള്‍ കാര്യമായി എത്തിയില്ല. വില്‍പ്പന കുറഞ്ഞതോടെ നഷ്ടവും വർധിച്ചു. കട അടച്ചുപൂട്ടേണ്ട സാഹചര്യവുമുണ്ടായി.

അവസാന ശ്രമമെന്ന നിലയില്‍ സോഷ്യല്‍ മീഡിയയെ ആശ്രയിക്കുകയായിരുന്നു സഹോദരങ്ങള്‍. ഉന്തുവണ്ടി പുതുക്കി, ദോശ തയ്യാറാക്കുന്ന രീതിയും ബിസിനസിന്റെ യാത്രയും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. രാവിലെ അമ്മയും സപ്നയും ചേർന്ന് പുതിയ മാവ് തയ്യാറാക്കും. ഗണേഷ് ദോശ തയ്യാറാക്കും. വീഡിയോകളിലൂടെ കൂടുതല്‍ ആളുകളിലേക്ക് വിവരമെത്തിയതോടെ ഉപഭോക്താക്കളുടെ എണ്ണവും ഫോളോവേഴ്‌സും വർധിച്ചു.

പിന്നീട് കടയില്‍ തിരക്ക് വർധിക്കുകയും ഒരു മണിക്കൂറിനുള്ളില്‍ ദോശ വിറ്റുതീരുന്ന സ്ഥിതിയിലേക്ക് ബിസിനസ് വളരുകയും ചെയ്തു. നിലവില്‍ പ്രതിദിനം ഏകദേശം 400 പേർ കടയിലെത്തുന്നുണ്ടെന്നാണ് റിപ്പോർട്ട്. പഴയ ഉന്തുവണ്ടി പിന്നീട് സ്ഥിരം കടയായി മാറി. പ്രതിദിനം ഏകദേശം 40,000 രൂപയുടെ വരുമാനം ലഭിക്കുന്നതായും ഇത് മാസം ഏകദേശം 12 ലക്ഷം രൂപയിലേക്ക് എത്തുന്നതായുമാണ് റിപ്പോർട്ട്.

അമ്മയുടെ വീട്ടുരുചിയില്‍ വിശ്വാസമർപ്പിച്ച്‌ ആരംഭിച്ച ചെറിയ സംരംഭം സോഷ്യല്‍ മീഡിയയുടെ സഹായത്തോടെ വലിയ ബിസിനസാക്കി മാറ്റിയതാണ് ഗണേഷിന്റെയും സപ്നയുടെയും കഥ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!