KSDLIVENEWS

Real news for everyone

കാന്തപുരത്തിന്റെ പ്രസ്താവനക്കെതിരായ പ്രതിഷേധത്തിന്റെ മറവിൽ നടക്കുന്നത് ഇസ്‌ലാമോഫോബിയ – പിഡിപി

SHARE THIS ON

കാസർഗോഡ്: മതേതര ഇന്ത്യയുടെ അഭിമാനമായ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ നടത്തിയതായി പറയപ്പെടുന്ന പ്രസ്താവനയെ വിമർശിക്കുന്നതിന്റെ പേരിൽ കേരളത്തിൽ ഇപ്പോൾ അരങ്ങേറുന്നത് ആസൂത്രിതമായ ഇസ്‌ലാമോഫോബിയയും രാഷ്ട്രീയ മുതലെടുപ്പുമാണെന്ന് പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറി അജിത് കുമാർ അസാദും പിഡിപി കേന്ദ്ര കമ്മിറ്റി അംഗം എസ്.എം. ബഷീർ അഹമ്മദും ആരോപിച്ചു.

പ്രസ് ക്ലബ്ബിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു നേതാക്കൾ.

ഒരു മതപണ്ഡിതന്റെ പ്രസ്താവനയെ സംബന്ധിച്ച് അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കിൽ അത് ആരോഗ്യകരമായ ജനാധിപത്യ ചർച്ചകളിലൂടെ ഉന്നയിക്കാം. എന്നാൽ, അതിനെ ഒരു പ്രത്യേക മതവിഭാഗത്തിനെതിരായ വിദ്വേഷ പ്രചാരണത്തിനും രാഷ്ട്രീയ ധ്രുവീകരണത്തിനും ഉപയോഗിക്കുന്നത് അംഗീകരിക്കാനാവില്ല. മതവിശ്വാസങ്ങളെയും പണ്ഡിത നേതൃത്വത്തെയും രാഷ്ട്രീയ നേട്ടങ്ങൾക്കായി നിരന്തരം വിവാദത്തിലേക്ക് വലിച്ചിഴയ്ക്കുന്ന പ്രവണത കേരളത്തിന്റെ മതേതര പാരമ്പര്യത്തിന് തന്നെ ഭീഷണിയാണ്.

കാന്തപുരം അബൂബക്കർ മുസ്‌ലിയാർ യഥാർത്ഥത്തിൽ പറഞ്ഞത് എന്താണെന്ന് മനസ്സിലാക്കാതെയും അദ്ദേഹത്തിന്റെ വാക്കുകളുടെ പശ്ചാത്തലം പരിശോധിക്കാതെയും നടത്തുന്ന പ്രചാരണങ്ങളാണ് ഇപ്പോൾ നടക്കുന്നത്. വിശ്വാസിനികൾ മതവിശ്വാസത്തിന്റെ ഭാഗമായി പാലിക്കേണ്ട രീതികളെക്കുറിച്ചും പൊതുസമൂഹത്തിൽ ഇടപെടുമ്പോൾ അവർ സ്വീകരിക്കേണ്ട ജാഗ്രതയെക്കുറിച്ചും പണ്ഡിത നേതൃത്വം നേരത്തെയും പല ഘട്ടങ്ങളിലും നൽകിയിട്ടുള്ള ഉപദേശങ്ങളുടെ ആവർത്തനം മാത്രമാണ് ഇപ്പോഴത്തെ പരാമർശമെന്ന് വിശ്വാസികൾക്ക് വ്യക്തമായി അറിയാം.

കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ പറഞ്ഞ കാര്യങ്ങൾ ഉൾക്കൊണ്ട് മതവിശ്വാസത്തിന്റെ ഭാഗമായി ജീവിക്കുന്ന കോടിക്കണക്കിന് വിശ്വാസികൾ ഇന്ത്യയിലുണ്ട്. ആ വിശ്വാസികൾക്ക് ഇതിന്റെ പേരിൽ യാതൊരു ആശങ്കയുമില്ല. ആധുനിക കാലഘട്ടത്തിൽ പൊതുമണ്ഡലത്തിൽ ജീവിക്കുകയും വിവിധ മേഖലകളിൽ ഇടപെടുകയും ചെയ്യുമ്പോഴും തങ്ങളുടെ വിശ്വാസപരമായ മൂല്യങ്ങളും ജാഗ്രതകളും കാത്തുസൂക്ഷിക്കണമെന്ന ഓർമ്മപ്പെടുത്തലായാണ് അവർ ഈ നിർദേശങ്ങളെ കാണുന്നത്. ഇക്കാര്യം വ്യക്തമായി മനസ്സിലാക്കിയിട്ടും മുഖ്യമന്ത്രിയുൾപ്പെടെയുള്ള ചില രാഷ്ട്രീയ നേതാക്കൾ നടത്തുന്ന പ്രസ്താവനകൾ അത്യന്തം അപലപനീയവും അപകടകരവുമാണ്.

വിശ്വാസികൾ അവരുടെ മതവിശ്വാസത്തിന്റെ ഭാഗമായി പാലിക്കുന്ന ജീവിതരീതികളെ രാഷ്ട്രീയ വിവാദങ്ങളാക്കി മാറ്റുന്നത് മതസ്വാതന്ത്ര്യത്തോടുള്ള വെല്ലുവിളിയാണ്. കോടിക്കണക്കിന് വിശ്വാസികൾ സ്വമേധയാ പിന്തുടരുന്ന മതപരമായ ജീവിതരീതികളെ രാഷ്ട്രീയ കണ്ണടയിലൂടെ കാണുകയും അതിനെ ചോദ്യം ചെയ്യുകയും ചെയ്യുന്നത് ജനാധിപത്യപരമായ സമീപനമല്ല.

ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ കേരളത്തിൽ വലിയ ചർച്ചകൾ നടന്നപ്പോൾ, മതാചാരങ്ങളുടെയും വിശ്വാസങ്ങളുടെയും കാര്യത്തിൽ സർക്കാരും രാഷ്ട്രീയക്കാരും അനാവശ്യമായി ഇടപെടരുതെന്ന് വാദിച്ചിരുന്നവരിൽ ചിലർ തന്നെയാണ് ഇന്ന് ഇതേ വിഷയത്തിൽ ഉറഞ്ഞുതുള്ളുന്നത്. അന്ന് പറഞ്ഞ നിലപാടുകൾ ഇന്ന് എവിടെപ്പോയെന്ന് അവർ തന്നെ വ്യക്തമാക്കണം. മതവിശ്വാസത്തിന്റെ കാര്യത്തിൽ ഒരേ മാനദണ്ഡം എല്ലാവർക്കും ബാധകമാകണം. ഏതങ്കിലും ഒരു പ്രത്യേക മതത്തിന്റെ വിശ്വാസപരമായ നിലപാടുകൾ വരുമ്പോൾ മാത്രം ഭരണഘടനയുടെയും സ്ത്രീസ്വാതന്ത്ര്യത്തിന്റെയും പേരിൽ രാഷ്ട്രീയ ഇടപെടൽ നടത്തുന്നത് ഇരട്ടത്താപ്പാണ്.
ജനാധിപത്യ, മതേതര രാജ്യത്ത് എല്ലാ മതവിഭാഗങ്ങളേയും ഒരുപോലെ കാണാനും സാധിക്കേണ്ടതുണ്ട്.

കോടിക്കണക്കിന് വിശ്വാസികൾ മതപരമായ ജീവിതത്തിൽ പണ്ഡിത നേതൃത്വത്തിന്റെ നിർദേശങ്ങൾ ഉൾക്കൊണ്ട് ജീവിക്കുന്നവരാണ്. അവരുടെ വിശ്വാസപരമായ ജീവിതരീതിയെ രാഷ്ട്രീയ ലക്ഷ്യത്തോടെ ചോദ്യം ചെയ്യുകയോ പരിഹസിക്കുകയോ ചെയ്യുന്നത് അംഗീകരിക്കാനാവില്ല. മതവിശ്വാസവും ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങളും തമ്മിൽ ഏറ്റുമുട്ടിക്കുന്ന തരത്തിൽ കൃത്രിമമായ വിവാദങ്ങൾ സൃഷ്ടിക്കാനുള്ള ശ്രമം കേരളത്തിലെ മതേതര സമൂഹം തിരിച്ചറിയണം.

മുഖ്യമന്ത്രിയുടെ അറിവിലോ ഉത്തരവാദിത്തത്തിലോ ഉൾപ്പെടാത്ത ഒരു വിഷയത്തെ മുഖ്യമന്ത്രിയുമായി ബന്ധപ്പെടുത്തി രാഷ്ട്രീയ ചർച്ചയുടെ ദിശ മാറ്റാനുള്ള ശ്രമം വ്യക്തമായ രാഷ്ട്രീയ തന്ത്രമാണ്. ഭരണകൂടത്തെ പ്രതിക്കൂട്ടിലാക്കേണ്ട യഥാർത്ഥ വിഷയങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിക്കുന്നതിനായി മതപരമായ വിഷയങ്ങളെ വിവാദമാക്കുന്നത് ആസൂത്രിതമായ രാഷ്ട്രീയ ഇടപെടലാണെന്ന് സംശയിക്കേണ്ട സാഹചര്യമാണിത്.

കാസർഗോഡ് ചന്തേര–കാലിക്കടവ് മേഖലയിൽ പുറത്തുവന്ന എംഡിഎംഎ ലഹരിക്കേസുമായി ബന്ധപ്പെട്ട ഗൗരവമേറിയ ആരോപണങ്ങളും അന്വേഷണത്തിലെ സംശയങ്ങളും മാധ്യമങ്ങളിൽ സജീവ ചർച്ചയായ ഘട്ടത്തിലാണ് പുതിയൊരു മതവിവാദം ഉയർന്നുവന്നത് എന്നത് യാദൃച്ഛികമായി കാണാനാകില്ല. സർക്കാരിനും രാഷ്ട്രീയ നേതൃത്വത്തിനുമെതിരെ ഉയരുന്ന ചോദ്യങ്ങളിൽ നിന്ന് പൊതുശ്രദ്ധ തിരിക്കുന്നതിനായി വിവാദങ്ങൾക്ക് പുതിയ ദിശ നൽകാനുള്ള ശ്രമമാണോ ഇതെന്ന് പരിശോധിക്കേണ്ടതുണ്ട്.

ഒരു സംഘടന അതിന്റെ പ്രവർത്തകർക്ക് നൽകിയ സർക്കുലർ എന്ന നിലയിൽ നിലനിൽക്കുന്ന ഒരു രേഖയെ പ്രത്യേക രാഷ്ട്രീയ ലക്ഷ്യത്തോടെ ഉയർത്തിക്കാട്ടി സമൂഹത്തിൽ തെറ്റിദ്ധാരണ സൃഷ്ടിക്കാനുള്ള ശ്രമം നടന്നത് ഗൗരവത്തോടെ കാണണം. മഹിളാ മോർച്ചയുടെ ഇടപെടൽ, കോലം കത്തിക്കൽ, ഇപ്പോൾ നടക്കുന്ന പ്രതിഷേധ പരിപാടികൾ എന്നിവയെല്ലാം ഒരേ രാഷ്ട്രീയ പ്രചാരണത്തിന്റെ ഭാഗമാണോ എന്നതും പരിശോധിക്കപ്പെടണം.

മതപണ്ഡിതരുടെ വാക്കുകളെ വളച്ചൊടിച്ച് ഒരു സമുദായത്തെ പ്രതിക്കൂട്ടിലാക്കുന്ന രാഷ്ട്രീയം കേരളത്തിൽ വിലപ്പോവില്ല. അത് ഏത് മതത്തിൻ്റെ വിഷയത്തിലായാലും മതവിശ്വാസികളുടെ അവകാശങ്ങളെയും ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യത്തെയും ചോദ്യം ചെയ്യുന്ന തരത്തിലുള്ള പ്രചാരണങ്ങൾക്കെതിരെ മതേതര സമൂഹം ജാഗ്രത പാലിക്കണം.

ലഹരിക്കേസുകൾ, അഴിമതി ആരോപണങ്ങൾ, ഭരണപരമായ വീഴ്ചകൾ, യുവജനങ്ങൾ നേരിടുന്ന തൊഴിൽ പ്രതിസന്ധി തുടങ്ങിയ യഥാർത്ഥ ജനകീയ വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാൻ മതവും വിശ്വാസവും ഉപയോഗിക്കുന്നത് അവസാനിപ്പിക്കണം. ജനങ്ങളുടെ ജീവിതപ്രശ്നങ്ങൾക്ക് മറുപടി നൽകുന്നതിനു പകരം മതവികാരങ്ങളെ രാഷ്ട്രീയ ആയുധമാക്കുന്നവർ കേരളത്തിന്റെ സാമൂഹിക സൗഹാർദത്തെ തകർക്കുകയാണ്.

കാന്തപുരം അബൂബക്കർ മുസ്‌ലിയാരുടെ പ്രസ്താവനയെ സംബന്ധിച്ച് ആർക്കെങ്കിലും വിയോജിപ്പുണ്ടെങ്കിൽ അത് വസ്തുതകളുടെ അടിസ്ഥാനത്തിൽ ജനാധിപത്യപരമായി ഉന്നയിക്കാം. എന്നാൽ അതിന്റെ പേരിൽ ഒരു മതസമൂഹത്തെ മുഴുവൻ സംശയത്തിന്റെ നിഴലിലാക്കുകയും വിദ്വേഷത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്നത് വിമർശനമല്ല; ഇസ്‌ലാമോഫോബിയയാണ്.

മതവിശ്വാസത്തിന്റെ പേരിൽ വിശ്വാസികൾ സ്വമേധയാ പാലിക്കുന്ന ജീവിതരീതികളെ രാഷ്ട്രീയ ആയുധമാക്കാനുള്ള ശ്രമങ്ങളെ പിഡിപി ശക്തമായി അപലപിക്കുന്നു. മതവിശ്വാസത്തെ രാഷ്ട്രീയ ധ്രുവീകരണത്തിനുള്ള ഉപാധിയാക്കാനും ഏതങ്കിലും ഒരു പ്രത്യേക സമുദായത്തെ അപമാനിക്കാനും ഭിന്നിപ്പിക്കാനുമുള്ള ശ്രമങ്ങൾക്കെതിരെ പിഡിപി ശക്തമായി നിലകൊള്ളും.

കേരളത്തിന്റെ മതേതര പാരമ്പര്യവും സാമൂഹിക സൗഹാർദവും തകർക്കാനുള്ള ഇത്തരം ആസൂത്രിത നീക്കങ്ങളെ ജനാധിപത്യപരമായും രാഷ്ട്രീയമായും ശക്തമായി ചെറുക്കുമെന്നും നേതാക്കൾ പറഞ്ഞു.പത്ര സമ്മേളനത്തിൽ പാർട്ടി ജില്ലാ സെക്രട്ടറി യൂനുസ് തളങ്കര ജില്ലാ ജോയിന്റ് സെക്രട്ടറി ജാസി പോസോട്ട് എന്നിവരും സംബന്ധിച്ചു

error: Content is protected !!