KSDLIVENEWS

Real news for everyone

സസ്‌പെൻസിന് വിരാമം; ഷി ജിൻപിങ് ഇന്ത്യയിലേക്ക്, ഏഴുവർഷത്തിനുശേഷം ആദ്യം

SHARE THIS ON

ന്യൂഡൽഹി: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ബ്രിക്‌സ് ഉച്ചകോടിക്ക് 48 മണിക്കൂറിൽ താഴെമാത്രം ശേഷിക്കെ സസ്‌പെൻസിന് വിരാമമിട്ട് ചൈന. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ഡൽഹിയിലെത്തുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഔദ്യോഗികമായി വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നായിരുന്നു നേരത്തെ ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചിരിക്കുന്നത്. പിന്നാലെയാണ് മന്ത്രാലയം പ്രസ്താവനയിലൂടെ ചൈനീസ് പ്രസിഡന്റിന്റെ സന്ദർശനം സ്ഥിരീകരിച്ചത്.

‘പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം, പ്രസിഡന്റ് ഷി ജിൻപിങ് സെപ്റ്റംബർ 12 മുതൽ 13വരെ ന്യൂഡൽഹിയിൽ നടക്കുന്ന 18-ാമത് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കും’ ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു.

ഏഴ് വർഷത്തിനിടയിലെ ഷി ജിൻപിങ്ങിന്റെ ആദ്യ ഇന്ത്യാ സന്ദർശനമാണിത്. ഇന്ത്യയും ചൈനയും തമ്മിലുള്ള നയതന്ത്ര ചർച്ചകൾക്കപ്പുറം ബ്രിക്സ് ഉച്ചകോടിക്ക് ആഗോള പ്രാധാന്യമുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഷി ജിൻപിങ് കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോർട്ടുകളുണ്ടെങ്കിലും സന്ദർശനത്തിലെ സസ്പെൻസ് തുടർന്നിരുന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാർ വൃത്തങ്ങളും ഇതുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും കൈമാറിയിരുന്നില്ല.

സെപ്റ്റംബർ 12, 13 തീയതികളിലാണ് ബ്രിക്സ് ഉച്ചകോടി. അതേസമയം ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാൻ ഉച്ചകോടിയിൽ പങ്കെടുത്തേക്കില്ലെന്നാണ് വിവരം. പുറത്താക്കപ്പെട്ട ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയിലിരുന്ന് രാഷ്ട്രീയപ്രവർത്തനം നടത്തുന്നുവെന്നാരോപിച്ചാണ് താരിഖ് റഹ്മാൻ പിന്മാറ്റത്തിനൊരുങ്ങുന്നത്.

2020-ലെ ഗാൽവാൻ സംഘർഷത്തോടെയാണ് ഇന്ത്യ-ചൈന ബന്ധം വഷളായത്. ഇതിനുശേഷം ബന്ധം മെച്ചപ്പെടുത്താൻ നയതന്ത്ര നീക്കങ്ങൾ നടത്തിയിരുന്നു. കഴിഞ്ഞ വർഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈന സന്ദർശിക്കുകയും ചെയ്തിരുന്നു.

error: Content is protected !!