KSDLIVENEWS

Real news for everyone

കൊച്ചി മെട്രോയുടെ ഓഫീസ് നെറ്റ്‍വര്‍ക്ക് ഹാക്ക് ചെയ്തു: ചോർത്തിയ രേഖകൾ വാട്സാപ്പ് ഗ്രൂപ്പിൽ

SHARE THIS ON

കൊച്ചി : കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ (KMRL) കോർപ്പറേറ്റ് ഓഫീസിലെ കമ്പ്യൂട്ടർ ഹാക്ക് ചെയ്ത് ഔദ്യോഗിക രേഖകൾ ചോർത്തി പ്രചരിപ്പിച്ചു. പരാതിയിൽ കൊച്ചി സിറ്റി പൊലീസ് കേസെടുത്തു. കലൂർ ജവഹർലാൽ നെഹ്‍റു സ്റ്റേഡിയം മെട്രോ സ്റ്റേഷനിലെ നാലാം നിലയിലുള്ള കെഎംആർഎൽ കോർപ്പറേറ്റ് ഓഫീസിലെ കമ്പ്യൂട്ടറാണ് ഹാക്ക് ചെയ്തത്. കെഎംആർഎൽ ഐടി വിഭാഗം ഔദ്യോഗിക ആവശ്യങ്ങൾക്കായി ഉപയോഗിച്ചിരുന്ന പ്രിന്ററും ഹാക്ക് ചെയ്തു. തുടർന്ന് ഔദ്യോഗിക രേഖകൾ തട്ടിയെടുത്ത് വാട്സാപ്പ് ഗ്രൂപ്പ് വഴി പ്രചരിപ്പിക്കുകയായിരുന്നു. ഏതൊക്കെ രേഖകളാണ് ചോർന്നതെന്ന് വ്യക്തമല്ല.

രഹസ്യ രേഖകൾ, ജീവനക്കാരുടെ വ്യക്തിഗത വിവരങ്ങൾ, സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങൾ എന്നിവ ‘യൂണിഫൈഡ് കൊച്ചി മെട്രോ റെയിൽ റീഫോം ആൻഡ് ഡെവലപ്‌മെന്റ് ഫോറം’ എന്ന വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലാണ് പ്രചരിപ്പിച്ചത്. ഇത് കമ്പനിയുടെ സുരക്ഷയെയും ജീവനക്കാരുടെ സ്വകാര്യതയെയും ബാധിച്ചതായി ‌കെഎംആർഎൽ പരാതിയിൽ വ്യക്തമാക്കുന്നു. എന്നാൽ പ്രധാന രേഖകളൊന്നും പോയിട്ടില്ലെന്ന് കെഎംആർഎൽ പറഞ്ഞതായും വിവരമുണ്ട്. തന്ത്രപ്രധാനമായ രേഖകളൊന്നും ചോർന്നതായി ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനും വ്യക്തമാക്കിയതായി റിപ്പോർട്ടുണ്ട്.


രേഖകൾ ചോർന്നതിനു പിന്നിൽ സൈബർ ആക്രമണം തന്നെയാണോയെന്നും സ്ഥാപനത്തിനുള്ളിലെ ജീവനക്കാരിൽ ആരെങ്കിലും ചോർത്തിയതാണോയെന്നും അന്വേഷണം നടക്കുന്നുണ്ട്. പൊലീസിന്റെ സൈബർ ടീമും പരിശോധിന നടത്തുന്നുണ്ട്. രേഖകൾ ഫോട്ടോകോപ്പി എടുത്ത ശേഷം കോപ്പികൾ മറ്റൊരു മെയിലിലേക്കുകൂടി അയയ്ക്കുമെന്നും അവിടെനിന്നാണ് രേഖകൾ ചോർന്നതെന്നും കൊച്ചി മെട്രോ എംഡി കൂടിയായ എറണാകുളം ജില്ലാ കലക്ടർ ജി പ്രിയങ്ക പറഞ്ഞു. കെഎംആർഎൽ കോർപ്പറേറ്റ് ഓഫീസിലെ കമ്പ്യൂട്ടർ സിസ്റ്റങ്ങളും മറ്റ് ഉപകരണങ്ങളും പൊലീസ് പരിശോധിച്ചേക്കും. കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർ ഉൾപ്പെടെയുള്ള സാങ്കേതിക ജീവനക്കാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും മൊഴി രേഖപ്പെടുത്തിയേക്കുമെന്നും റിപ്പോർട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!