KSDLIVENEWS

Real news for everyone

ഡ്രൈവിങ് ലൈസൻസിന് ഇനി ഹസാർഡ് പെർസെപ്ഷൻ ടെസ്റ്റും: ഡിസംബർ ഒന്ന് മുതൽ നടപ്പാക്കും

SHARE THIS ON

തിരുവനന്തപുരം: സംസ്ഥാനത്ത് സുരക്ഷിതമായ ഡ്രൈവിങ് സംസ്കാരം വളർത്തിയെടുക്കുന്നതിന്റെ ഭാഗമായി ഡ്രൈവിങ് ലൈസൻസ് നടപടികളിൽ മാറ്റം വരുത്താൻ മോട്ടോർ വാഹന വകുപ്പ്. ഇതിന്റെ ഭാഗമായി ലൈസൻസ് ലഭിക്കുന്നതിനായി പുതിയൊരു പരീക്ഷ കൂടി ഉൾപ്പെടുത്തി ഗതാഗത കമ്മീഷണർ ഉത്തരവിറക്കി.

ഡ്രൈവിങിനിടെ റോഡിൽ പെട്ടെന്നുണ്ടാകുന്ന അപകടസാധ്യതകളും തടസ്സങ്ങളും കൃത്യമായി മനസിലാക്കി അതിനനുസരിച്ച് സുരക്ഷിതമായി വാഹനം നിയന്ത്രിക്കാൻ പ്രാപ്തരാക്കുന്ന ഹസാർഡ് പെർസെപ്ഷൻ പരിശീലനമാണ് പുതിയതായി ഏർപ്പെടുത്തുന്നത്. ഈ ഡിസംബർ 1 മുതൽ പുതിയ സംവിധാനം പ്രാബല്യത്തിൽ വരുമെന്ന് ഉത്തരവിലുണ്ട്.

ലേണേഴ്സ് ലൈസൻസ് ടെസ്റ്റിന് ശേഷം ഹസാർഡ് പെർസെപ്ഷൻ പരീക്ഷ കമ്പ്യൂട്ടർ മുഖേന നടത്തും. ഇതിൽ റോഡിലെ അപകടസാധ്യതകൾ തിരിച്ചറിയാനുള്ള ശേഷിയാണ് വിലയിരുത്തുക. ഡിസംബർ 1 മുതൽ ഡ്രൈവിങ് ടെസ്റ്റ് നാല് ഘട്ടങ്ങളായിട്ടായിരിക്കും നടക്കുക. ലേണേഴ്സ് ടെസ്റ്റ്, ഹസാർഡ് പെർസെപ്ഷൻ ടെസ്റ്റ്, ഗ്രൗണ്ട് ടെസ്റ്റ്, റോഡ് ടെസ്റ്റ് എന്നിവയായിരിക്കും ഇത്. അംഗീകൃത ഡ്രൈവിങ് സ്കൂളുകൾ അടുത്ത മൂന്ന് മാസത്തിനകം അപേക്ഷകർക്ക് ഹസാർഡ് പെർസെപ്ഷൻ പരിശീലനം നൽകുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. റോഡപകടങ്ങൾ കുറയ്ക്കുന്നതിനും ലൈസൻസ് നൽകുന്നതിലെ ഗുണനിലവാരം അന്താരാഷ്ട്ര തലത്തിലേക്ക് ഉയർത്തുന്നതിനുമാണ് മോട്ടോർ വാഹന വകുപ്പിന്റെ ഈ പുതിയ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!