കാന്തപുരം പറഞ്ഞത് ഇസ്ലാമിക നിയമം: സ്ത്രീകളെ വീട്ടിൽ തളച്ചിടണമെന്ന് പറഞ്ഞിട്ടില്ല; ജിഫ്രി തങ്ങൾ

തിരൂരങ്ങാടി: ഇസ്ലാമിക നിയമം പറഞ്ഞതിന്റെ പേരിൽ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ ആരോപണങ്ങൾക്ക് വിധേയനാകുന്നുവെന്ന് ഇ കെ വിഭാഗം സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ. പുനർനിർമിച്ച പടിക്കൽ മഹല്ല് ജുമുഅ മസ്ജിദ് ഉദ്ഘാടന സമ്മേളനത്തിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
സ്ത്രീകൾ വീട്ടിൽ ഇരിക്കുമ്പോഴും പുറത്തിറങ്ങുമ്പോഴും പാലിക്കേണ്ട നിയമങ്ങൾ ഇസ്ലാം (Islamic Law) വ്യക്തമായി പറയുന്നുണ്ട്. അജ്ഞാനകാലത്ത് പുറത്തിറങ്ങിയത് പോലെ പുറത്തിറങ്ങരുത് എന്ന ഖുർആനിന്റെ അധ്യാപനമാണ് കാന്തപുരം പറഞ്ഞത്. അല്ലാതെ സ്ത്രീയെ എല്ലാ രംഗത്തും പൂർണമായും തടയുന്നില്ലെന്നും തങ്ങൾ പറഞ്ഞു.
സ്ത്രീയുടെ സുരക്ഷിതത്വവും മാന്യതയും പരിഗണിച്ചു കൊണ്ട് ചില മേഖലകളിൽ നിന്ന് അവരെ ഒഴിച്ചു നിർത്തിയിട്ടുണ്ടാകും. ഉദാഹരണത്തിന് സ്ത്രീകൾ നിസ്കരിക്കാൻ പള്ളികളിൽ പോകേണ്ടതില്ല. അവർ വീടുകളിൽ നിന്ന് നിസ്കരിച്ചാൽ തന്നെ അതിന്റെ പ്രതിഫലം ലഭിക്കുമെന്ന് ഇസ്ലാം പറയുന്നു. ഈ കാര്യങ്ങളുടെ ഒരുഭാഗമാണ് കാന്തപുരം (Kanthapuram AP Aboobacker Musliyar) പ്രസംഗത്തിൽ പറഞ്ഞത്. അല്ലാതെ സ്ത്രീകളെ വീട്ടിൽ തടഞ്ഞിടണമെന്നല്ല. അതിന്റെ പേരിൽ ഇസ്ലാമിനെ താറടിക്കുന്നവരെ കരുതിയിരിക്കണം. ഇസ്ലാമിക വിധികൾ നീതിപൂർണവും ഏത് കാലത്തേക്കും പ്രായോഗികവുമാണ്. ഏതെങ്കിലും ഒരു കാലത്തേക്ക് പ്രായോഗികമല്ലാത്ത ഒരു കാര്യവും ഇസ്ലാമിൽ ഇല്ല എന്നും തങ്ങൾ വ്യക്തമാക്കി.

