KSDLIVENEWS

Real news for everyone

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു: പി. ജയരാജന് കണ്ണൂരില്‍ വന്‍ സ്വീകരണം

SHARE THIS ON

കണ്ണൂര്‍: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായി തെരഞ്ഞെടുത്ത പി. ജയരാജന് കണ്ണൂരില്‍ വന്‍ സ്വീകരണം. പടക്കം പൊട്ടിച്ചും മുദ്രാവാക്യം വിളിച്ചും മധുരം വിതരണം ചെയ്തുമാണ് പ്രവര്‍ത്തകര്‍ ജയരാജനെ സ്വീകരിച്ചത്. പാട്യം ഗോപാലന്‍ മെമ്മോറിയല്‍ ക്ലബിന് സമീപത്ത് വെച്ചായിരുന്നു ജയരാജനെ പ്രവർത്തകർ വരവേറ്റത്.

വര്‍ഷങ്ങളായി സംസ്ഥാന സെക്രട്ടറിയേറ്റിന്റെ പടിക്ക് പുറത്തുനിന്ന നേതാവാണ് പി. ജയരാജന്‍. ഇപ്പോള്‍ പാര്‍ട്ടി അതിന്റെ ഏറ്റവും മോശമായ അവസ്ഥയില്‍ നില്‍ക്കുമ്പോഴാണ് ജയരാജന്‍ നേതൃനിരയിലേക്ക് തിരിച്ചെത്തുന്നത്.

പാര്‍ട്ടിയിലെ തെറ്റുതിരുത്തല്‍ നടപടികളുടെ ഭാഗമായാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പുനഃസംഘടിപ്പിച്ചത്. പി. ജയരാജന് പുറമെ വി. ശിവന്‍കുട്ടി, എം.ബി രാജേഷ് എന്നിവരെയാണ് സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്തിയത്. രാജ്യസഭാ എം.പി ജോണ്‍ ബ്രിട്ടാസിനെ സെക്രട്ടേറിയറ്റില്‍ ക്ഷണിതാവായും തീരുമാനിച്ചു. സംസ്ഥാന സെന്ററിന്റെ ഭാഗമായി ബ്രിട്ടാസ് പ്രവര്‍ത്തിക്കും.

അതേസമയം, മുതിര്‍ന്ന നേതാക്കളായ ടി.പി രാമകൃഷ്ണന്‍, തോമസ് ഐസക് എന്നിവരെ സെക്രട്ടേറിയറ്റില്‍ നിന്നും ഒഴിവാക്കി. ഇവര്‍ സംസ്ഥാന കമ്മിറ്റിയുടെ ഭാഗമായി സെക്രട്ടേറിയറ്റിനെ സഹായിക്കും. കോഴിക്കോട് ചേര്‍ന്ന സിപിഎം വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് ഈ സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊണ്ടത്.

സംസ്ഥാന കമ്മിറ്റിയിലും വലിയ അഴിച്ചുപണിയാണ് പാര്‍ട്ടി നടത്തിയിട്ടുള്ളത്. എം. വിജിന്‍, ആദര്‍ശ് എം. സജി, ജെയ്ക് സി. തോമസ്, പി.എസ് സഞ്ജീവ് എന്നിവര്‍ സംസ്ഥാന കമ്മിറ്റിയില്‍ പുതുതായി ഇടംപിടിച്ചു. കൂടാതെ ഒ.എസ് അംബിക, എന്‍. സുകന്യ, സുബൈദ ഇസഹാക്ക് എന്നീ മൂന്ന് പുതിയ വനിതാ നേതാക്കളെയും കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തു.

നിലവില്‍ ഒമ്പത് പേരെ സംസ്ഥാന കമ്മിറ്റിയില്‍ സ്ഥിരം ക്ഷണിതാക്കളായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുമ്പ് വിഭാഗീയതയുടെ പേരില്‍ ഒഴിവാക്കപ്പെട്ടിരുന്ന സൂസന്‍ കോടിയെ സംസ്ഥാന കമ്മിറ്റിയിലേക്ക് തിരിച്ചെടുക്കുകയും ചെയ്തു.

എല്‍ഡിഎഫ് കണ്‍വീനര്‍ പദവിയില്‍ മാറ്റമുണ്ടാകുമെന്നും സൂചനയുണ്ട്. നിലവിലെ കണ്‍വീനറായ ടി.പി രാമകൃഷ്ണന്‍ പദവി ഒഴിയുമെന്നും പകരം പി. രാജീവിന് ചുമതല നല്‍കാനാണ് ധാരണയായിട്ടുള്ളതെന്നും പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!