വിലക്കുറവ് തേടി മലയാളികൾ യുഎഇയിലേക്ക്; ഐഫോൺ 18 പ്രോ ‘വാരിക്കൂട്ടാൻ’ ദുബായ് മാളിൽ പുലർച്ചെ 3 മണി മുതൽ പ്രവാസികളുടെ ക്യു

ദുബായ്: ‘വിമാന ടിക്കറ്റ് നിരക്കും വീസ ചെലവും കൂട്ടിയാലും ഇന്ത്യയേക്കാൾ വൻ ലാഭം’ എറണാകുളത്ത് നിന്ന് യുഎഇയിലേക്ക് ഐഫോൺ വാങ്ങാൻ എത്തിയ മലയാളികളുടെ കമന്റാണ്. ആപ്പിളിന്റെ പുതിയ ഐഫോൺ 18 പ്രോ, ഐഫോൺ 18 പ്രോ മാക്സ് ഫോണുകളുടെ യുഎഇയിലെ വിപണനത്തിന് തുടക്കമായതോടെ യുഎഇയിലേക്ക് ഇന്ത്യക്കാരുടെ ഒഴുക്കാണ്.
ദുബായ് മാളിലെ ആപ്പിൾ സ്റ്റോറിന് മുന്നിൽ പുലർച്ചെ മൂന്ന് മുതൽ പ്രവാസികളുടെ ക്യൂവായിരുന്നു. ചിലർ മാളിന്റെ പാർക്കിങ്ങിലാണ് രാത്രി ചെലവഴിച്ചത്. കുടുംബാംഗങ്ങൾക്കായി ഒന്നിലേറെ ഫോണുകൾ വാങ്ങുന്നവർക്കാണ് ഈ വില വ്യത്യാസം ഏറെ പ്രയോജനപ്പെടുന്നത്. എന്നാൽ, മുൻ വർഷങ്ങളിൽ കടകൾ തുറക്കുന്നതിന് മുൻപ് വൻ ജനക്കൂട്ടം തടിച്ചുകൂടിയിരുന്ന സ്ഥാനത്ത് ഇത്തവണ നിയന്ത്രിത രീതിയിലാണ് ആളുകളെത്തിയത്. റീസെയിൽ വിപണി ലക്ഷ്യമിട്ട് വൻതോതിൽ ഫോണുകൾ ബുക്ക് ചെയ്ത് വാങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.
രാജ്യത്ത് മുൻവർഷങ്ങളെ അപേക്ഷിച്ച് ആവശ്യക്കാരുടെ തിരക്ക് ഏറെ കുറവായിരുന്നു. മുൻപ് പുതിയ മോഡലുകൾ എത്തുമ്പോൾ കണ്ടിരുന്ന വൻ ജനത്തിരക്കോ നീണ്ട നിരയോ ഇത്തവണ അനുഭവപ്പെട്ടില്ല. മുൻകൂട്ടി ബുക്ക് ചെയ്തവർക്ക് മാത്രമാണ് കടകളിൽ നിന്ന് നേരിട്ട് ഫോൺ നൽകിയത്.
െഎഫോൺ 18 പ്രോ വാങ്ങാൻ ദുബായ് മാളിലെ ആപ്പിൾ സ്റ്റോറിന് മുന്നിൽ ക്യൂ നിൽക്കുന്നവർ. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
യുഎഇയിൽ ഐഫോൺ 18 പ്രോയ്ക്ക് 5,099 ദിർഹവും പ്രോ മാക്സിന് 5,499 ദിർഹവുമാണ് ആരംഭ വില. ഇന്ത്യയിൽ ഇവയുടെ വില യഥാക്രമം 1,64,900 രൂപയും 1,79,900 രൂപയുമാണ്. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള ഉപയോക്താക്കളുടെ എണ്ണത്തിലും ഇത്തവണ കുറവുണ്ടായി. ഇന്ത്യയിലെ ഉയർന്ന നികുതി കാരണം യുഎഇയിൽ നിന്ന് ഫോൺ വാങ്ങുന്നത് ഇപ്പോഴും ലാഭകരമാണെങ്കിലും മുൻവർഷങ്ങളിലെ പോലെ ഇതിനായി മാത്രം എത്തുന്നവരുടെ എണ്ണം കുറവാണ്.
വിമാന ടിക്കറ്റ് നിരക്കും വീസ ചെലവും കൂട്ടിയാലും ഇന്ത്യയേക്കാൾ 30,000 രൂപ മുതൽ 60,000 രൂപ വരെ ലാഭം ലഭിക്കുമെന്ന് എറണാകുളത്ത് നിന്നെത്തിയ നിയാസ് മുഹമ്മദ്, മുംബൈ സ്വദേശി രാഹുൽ സംഘ് വി എന്നിവർ പറയുന്നു.
∙ ഫോൾഡബിൾ മോഡലിനായുള്ള കാത്തിരിപ്പ്
ഐഫോൺ 18 എത്തിയെങ്കിലും ഉപയോക്താക്കളിൽ ഏറിയ പങ്കും ആപ്പിളിന്റെ മടക്കാവുന്ന ആദ്യ ഫോണായ ‘ഐഫോൺ ഡ്യുവോ’യ്ക്കായുള്ള കാത്തിരിപ്പിലാണെന്ന് പ്രമുഖ വ്യാപാരികൾ പറയുന്നു. ഇതിന്റെ ബുക്കിങ് അടുത്ത മാസം 16ന് ആരംഭിക്കും. 23 മുതൽ വിപണിയിലെത്തും. ഇതിന് 8,499 ദിർഹമാണ് പ്രതീക്ഷിക്കുന്ന തുടക്കവില.
എ20 പ്രോ പ്രൊസസറും വേരിയബിൾ അപർച്ചറുള്ള 48 മെഗാപിക്സൽ ക്യാമറയുമാണ് ഐഫോൺ 18 പ്രോ സീരീസിന്റെ പ്രധാന സവിശേഷതകൾ. പുതിയ നിറമായ ബർഗണ്ടിക്കാണ് ഉപഭോക്താക്കൾക്കിടയിൽ കൂടുതൽ പ്രിയം. അതേസമയം സാധാരണ ഐഫോൺ 18 മോഡൽ ഇത്തവണ പുറത്തിറക്കിയിട്ടില്ല. ഇത് അടുത്ത വർഷം ആദ്യത്തോടെ മാത്രമേ വിപണിയിലെത്തൂ.

