ഷാർജയിൽ പ്രവാസിയുടെ മൃതദേഹം കണ്ടെത്തിയത് 9 കഷ്ണങ്ങളാക്കിയ നിലയിൽ; ഭാര്യയെയും മകനെയും കാണാനില്ലെന്ന പ്രചാരണം തള്ളി പൊലീസ്

ഷാർജ: ഷാർജയിൽ കഴിഞ്ഞ മാസം കൊല്ലപ്പെട്ട ഉഡുപ്പി കുന്താപുരം സ്വദേശി ആൽവിൻ പ്രകാശ് കുന്ദറെ (51)യുടെ ഭാര്യയെയും മകനെയും കാണാനില്ലെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ പൂർണമായും തെറ്റാണെന്ന് ഷാർജ പൊലീസ് വ്യക്തമാക്കി. കൊല്ലപ്പെട്ടയാളുടെ ഭാര്യയും മകനും തികച്ചും സുരക്ഷിതരായി സ്വന്തം രാജ്യത്തേക്ക് മടങ്ങിയതായി കുറ്റാന്വേഷണ വിഭാഗം നടത്തിയ പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. ഇരുവരെയും കാണാനില്ലെന്ന തരത്തിൽ യാതൊരു പരാതിയും എവിടെയും റജിസ്റ്റർ ചെയ്തിട്ടില്ലെന്നും പൊലീസ് അധികൃതർ കൂട്ടിച്ചേർത്തു.
കഴിഞ്ഞ മാസമാണ് സംശയകരമായ സാഹചര്യത്തിൽ ഒരാൾ മരിച്ചതായി ഷാർജ പൊലീസിന് സന്ദേശം ലഭിക്കുന്നത്. സംഭവം കൊലപാതകമാണെന്ന സംശയത്തെ തുടർന്ന് പ്രഫഷനൽ അന്വേഷണ സംഘവും വിരലടയാള വിദഗ്ധരും അടങ്ങുന്ന ഫോറൻസിക് ടീം ഉടനടി സംഭവസ്ഥലത്തെത്തി. പ്രദേശത്തുനിന്ന് നിർണായക തെളിവുകളും വിവരങ്ങളും ശേഖരിച്ച ശേഷം പബ്ലിക് പ്രോസിക്യൂഷന്റെ പ്രത്യേക ഉത്തരവുപ്രകാരം മൃതദേഹം വിശദമായ ഫോറൻസിക് പരിശോധനയ്ക്കായി ലബോറട്ടറിയിലേക്ക് മാറ്റി.
തുടർന്ന് കുറ്റാന്വേഷണ വിഭാഗം (സിഐഡി) വിപുലമായ തിരച്ചിലും വിവരശേഖരണവുമാണ് നടത്തിയത്. ലഭിച്ച വിവരങ്ങളും തെളിവുകളും വിശകലനം ചെയ്ത് ശാസ്ത്രീയമായി നടത്തിയ തുടരന്വേഷണത്തിലാണ് കൊലപാതകം നടക്കാൻ ഇടയായ സാഹചര്യങ്ങളും ഇതിനു പിന്നിലെ സൂത്രധാരന്മാരെയും കുറിച്ച് കൃത്യമായ വിവരങ്ങൾ പുറത്തുവന്നത്. കേസിലെ പ്രതികൾക്കെതിരെ ആവശ്യമായ എല്ലാ നിയമനടപടികളും പൂർത്തിയാക്കിയ ശേഷം കേസ് തുടർനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്.
∙ വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുത്
കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട വാർത്തകളും വിവരങ്ങളും ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നു മാത്രം ശേഖരിക്കാൻ പൊതുജനങ്ങളും മാധ്യമങ്ങളും ശ്രദ്ധിക്കണമെന്ന് ഷാർജ പൊലീസ് പ്രത്യേക നിർദ്ദേശം നൽകി. വസ്തുതാവിരുദ്ധവും സ്ഥിരീകരിക്കാത്തതുമായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് നിയമനടപടികളുടെ സുഗമമായ മുന്നോട്ടുപോക്കിനെ ബാധിക്കുമെന്നും പൊതുസമൂഹത്തിൽ തെറ്റിദ്ധാരണ പരത്താൻ ഇടയാക്കുമെന്നും അധികൃതർ ഓർമിപ്പിച്ചു. കൃത്യവും സത്യാവസ്ഥ ബോധ്യപ്പെട്ടതുമായ വാർത്തകൾ മാത്രം പങ്കുവയ്ക്കാൻ മാധ്യമ സ്ഥാപനങ്ങളും വാർത്താ ചാനലുകളും ശ്രദ്ധിക്കണമെന്ന് പൊലീസ് നിർദ്ദേശിച്ചു.
∙ മൃതദേഹം കണ്ടെത്തിയത് ഒൻപത് കഷ്ണങ്ങളാക്കിയ നിലയിൽ
ഷാർജ രാജ്യാന്തര വിമാനത്താവളത്തിൽ കഴിഞ്ഞ 14 വർഷമായി ജോലി ചെയ്തിരുന്ന ആൽവിൻ പ്രകാശ് കുന്ദറെ (51)യെ ജൂലൈ അവസാനത്തോടെയാണ് കാണാതായത്. ഇദ്ദേഹത്തിന്റെ മൃതദേഹം ഒൻപത് കഷ്ണങ്ങളാക്കി രണ്ട് ചാക്കുകളിലാക്കി കാറിന്റെ ബൂട്ടിൽ തള്ളിയ നിലയിൽ ഓഗസ്റ്റ് 12ന് ഷാർജ പൊലീസ് കണ്ടെടുക്കുകയായിരുന്നുവെന്നാണ് റിപോർട്ട്. കൊല്ലപ്പെട്ടത് ആൽവിൻ പ്രകാശ് തന്നെയെന്ന് ഡിഎൻഎ പരിശോധനയ്ക്ക് ശേഷം ബന്ധുക്കൾക്ക് സ്ഥിരീകരണം ലഭിച്ചു.
ഭാര്യ ടീനയ്ക്കും പത്താം ക്ലാസ് വിദ്യാർഥിയായ മകനുമൊപ്പമായിരുന്നു ഇദ്ദേഹം ഷാർജയിൽ താമസിച്ചിരുന്നത്. ജൂലൈ 20ന് ശേഷം ഫോൺ കോളുകൾക്ക് മറുപടി നൽകാതിരിക്കുകയും വോയ്‌സ് സന്ദേശങ്ങൾക്ക് പകരം ടെക്സ്റ്റ് മെസ്സേജുകൾ മാത്രം ലഭിക്കുകയും ചെയ്തതോടെയാണ് സഹോദരന് സംശയം തോന്നിയത്. ഇയാൾ നാട്ടിലേക്ക് പോയെന്നാണ് കമ്പനി അധികൃതരും കെട്ടിടത്തിലെ സുരക്ഷാ ജീവനക്കാരനും ആദ്യം അറിയിച്ചതെങ്കിലും പാസ്‌പോർട്ട് കമ്പനിയിൽ തന്നെ ഉണ്ടായിരുന്നു. തുടർന്ന് ജൂലൈ 30ന് ഷാർജ പൊലീസിൽ പരാതി നൽകുകയായിരുന്നു. നിലവിൽ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

