KSDLIVENEWS

Real news for everyone

ദേശീയപാതയിൽ 24 മണിക്കൂറും എൻഫോഴ്സ്സ്മെന്റ് സംവിധാനവുമായി സംസ്ഥാന ഗതാഗത വകുപ്പ്; നിരീക്ഷണം ശക്തമാക്കും

SHARE THIS ON

കാസർകോട്: വാഹനാപകടങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ ദേശീയപാതയിൽ 24 മണിക്കൂറും എൻഫോഴ്സ്സ്മെൻ്റ് സംവിധാനവുമായി സംസ്ഥാന ഗതാഗത വകുപ്പ്.

ദേശീയപാതയിൽ ഏകദേശം നൂറ് കിലോമീറ്റർ വീതമുള്ള ആറ് എൻഫോഴ്സ്മെന്റ് സോണുകളായി തിരിച്ച് പ്രത്യേക സംഘങ്ങളെ ഡ്യൂട്ടിക്ക് നിയോഗിക്കും. പകൽ, വൈകിട്ട്, രാത്രി എന്നിങ്ങനെ ഡ്യൂട്ടി വിഭജിച്ചു നൽകി എംവിഐമാരെയും എഎംവിഐമാരെയും റൊട്ടേഷൻ അടിസ്ഥാനത്തിൽ നിയോഗിക്കും.

തിരുവനന്തപുരം ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണറുടെ കീഴിൽ രണ്ട് സോണുകളിലായി 200 കിലോമീറ്ററും, തൃശൂർ സെൻട്രൽ സോണിന് 100 കിലോമീറ്ററും, എറണാകുളം സെൻട്രൽ സോണിന് 100 കിലോമീറ്ററും, കോഴിക്കോട് നോർത്ത് സോണിന് രണ്ട് സോണുകളിലായി 200 കിലോമീറ്ററും വരുന്ന രീതിയിലാണ് ജോലി വിഭജനം.

അമിത വേഗം, അപകടകരമായ ഡ്രൈവിംഗ്, മദ്യപിച്ച് വാഹനമോടിക്കൽ, ഡ്രൈവിങ്ങിനിടെ ഫോൺ പെയോഗം, സീറ്റ് ബെൽറ്റ്-ഹെൽമറ്റ് നിയമലംഘനം എന്നിവയ്ക്കെതിരെ കർശന പരിശോധന ഉണ്ടാകും. ഒപ്പം അമിത ഭാരം കയറ്റിയ ചരക്ക് വാഹനങ്ങൾ, വാഹനങ്ങളുടെ അനധികൃത രൂപമാറ്റങ്ങൾ, ഫിറ്റ്നസ്-പെർമിറ്റ് ഇൻഷുറൻസ് നികുതി എന്നിവയും പരിശോധനയ്ക്ക് വിധേയമാക്കും.

നിശ്ചിത സ്ഥലത്ത് ദീർഘനേരം പരിശോധന നടത്തുന്നതിന് പകരം ഹൈവേയിൽ തുടർച്ചയായി സഞ്ചരിച്ചും വിവിധ സ്ഥലങ്ങളിൽ റാൻഡം പരിശോധന നടത്തിയും എൻഫോഴ്സസ്മെൻ്റ് പരിശോധന ശക്തമാക്കും. മിന്നൽ പരിശോധനകളും പോലീസിനൊപ്പം സംയുക്ത പരിശോധനയും നടത്തും. ഇതിനായി ദേശീയപാത അതോറിറ്റിയുടെ ക്യാമറ ദൃശ്യങ്ങളും പ്രയോജനപ്പെടുത്തും.

ദേശീയപാതയിൽ വലിയ അപകടങ്ങൾ ഉണ്ടായാൽ ഉടൻ സ്ഥലത്തെത്തുക, തകരാറിലായതോ, ഗതാഗത തടസ്സമുണ്ടാക്കുന്നതോ ആയ വാഹനങ്ങൾ ദേശീയപാതയിൽ നിന്ന് നീക്കുക, അപകട സാധ്യതയേറിയ സ്ഥലങ്ങൾ കണ്ടെത്തി ദേശീയപാത എൻജിനീയറിങ് വിഭാഗങ്ങളെ അറിയിക്കുക തുടങ്ങിയ ചുമതലകളും ഇൻഫോഴ്സസ്മെന്റ്റ് സംഘങ്ങൾക്കുണ്ടാകും.

error: Content is protected !!