കുളിമുറി ദൃശ്യങ്ങൾ പകർത്താൻ ശ്രമം; നിർമ്മാണ ജോലിക്കെത്തിയ അന്യസംസ്ഥാന തൊഴിലാളിയെ നാട്ടുകാർ കയ്യോടെ പിടികൂടി പൊലീസിനു കൈമാറി

കാസർകോട്: മൊബൈൽ ഫോൺ ക്യാമറയിൽ കുളിമുറി ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച യുവാവിനെ നാട്ടുകാർ വളഞ്ഞിട്ടു പിടികൂടി പൊലീസിലേൽപ്പിച്ചു. പശ്ചിമബംഗാൾ സ്വദേശി മാലിക് ഹുസൈൻ (21) ആണ് പിടിയിലായത്. ഇയാളെ വിശദമായി ചോദ്യം ചെയ്‌തു വരുന്നു. തൃക്കരിപ്പൂർ തങ്കയത്താണ് സംഭവം. നിർമ്മാണ ജോലിക്കായാണ് മാലിക് ഹുസൈൻ അടങ്ങിയ സംഘം വീട്ടിലെത്തിയത്. ഇയാൾ ജോലി ചെയ്‌തു കൊണ്ടിരിക്കെ കൈയിൽ ഉണ്ടായിരുന്ന മൊബൈൽ ഫോൺ ക്യാമറയിലാണ് കുളിമുറി ദൃശ്യം പകർത്താൻ ശ്രമിച്ചത്. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടതോടെ വീട്ടുകാർ ബഹളം വച്ചു.ബഹളം കേട്ട് നാട്ടുകാർ ഓടിക്കൂടി ഹുസൈൻ മാലികിനെ കയ്യോടെ പിടികൂടി ചന്തേര പൊലീസിന് കൈമാറുകയായിരുന്നു.

