ഇരിക്കുന്ന പദവിക്ക് നിരക്കാത്ത കാര്യമാണ് ചെയ്തത്, പാർട്ടിയിൽ പറയേണ്ടത് പുറത്തു പറയുന്നു; കേരളത്തിൽ പാർട്ടി ഇല്ല; രാജ്മോഹൻ ഉണ്ണിത്താൻ

കണ്ണൂർ: യുഡിഎഫ് യോഗം വിളിക്കാതെയും തന്നെ അറിയിക്കാതെയുമാണു സർക്കാർ പ്രധാന തീരുമാനങ്ങൾ പോലും കൈക്കൊള്ളുന്നതെന്ന മുന്നണി കൺവീനർ അടൂർ പ്രകാശിന്റെ പ്രതികരണത്തിൽ കോണ്‍ഗ്രസിലെ പല നേതാക്കൾക്കും അതൃപ്തി. അടൂർ പ്രകാശിനെ തള്ളി രാജ്മോഹൻ ഉണ്ണിത്താൻ എംപി രംഗത്തെത്തി. പാർട്ടിയിൽ പറയേണ്ട കാര്യങ്ങൾ പത്രസമ്മേളനം വിളിച്ച് പറഞ്ഞാൽ അത് ഇരിക്കുന്ന പദവിയുടെ അന്തസിന് നിരക്കുന്ന കാര്യമാണോ എന്ന് രാജ്മോഹൻ ഉണ്ണിത്താൻ ചോദിച്ചു. പത്രസമ്മേളനം നടത്താൻ ഇന്നലത്തെ ദിവസം തിരഞ്ഞെടുത്തത് ശരിയായ കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ നിലവിൽ പാർട്ടിയില്ലെന്നും പാർട്ടിയിലെ നേതാക്കളെല്ലാം മന്ത്രിമാരാണെന്നും അദ്ദേഹം പറഞ്ഞു.
‘‘പല മന്ത്രിമാരേയും തെരുവിൽ തടയുകയാണ്. ഈ വിഷയത്തിലാകും യുഡിഎഫ് കൺവീനർ പത്രസമ്മേളനം വിളിച്ചതെന്നാണ് ഞാൻ കരുതിയത്. യുഡിഎഫുകാരെ ആക്രമിക്കുമ്പോൾ പ്രതിരോധം തീർക്കേണ്ട, അവർക്കെതിരെ പ്രത്യാക്രമണം നടത്തേണ്ട ആളാണ് യുഡിഎഫ് കൺവീനർ. എന്നാൽ ആ യുഡിഎഫ് കൺവീനർ ഇന്നലത്തെ ആ ദിവസം പത്രസമ്മേളനം നടത്താൻ തിരഞ്ഞെടുത്തത് പന്തിയുള്ള കാര്യമല്ല. ഇരിക്കുന്ന പദവിക്ക് നിരക്കാത്ത കാര്യമാണ് അദ്ദേഹം ചെയ്തത്.
പത്രസമ്മേളനത്തിൽ അദ്ദേഹം തന്നെ പറഞ്ഞു അദ്ദേഹത്തെ നിയമിച്ചത് ഹൈക്കമാൻഡ് ആണെന്ന്. എന്നാൽ ഹൈക്കമാൻഡിനെ പോയി കാര്യം അറിയിച്ചാൽ പോരെ. യുഡിഎഫ് യോഗം വിളിക്കാതെയാണ് കേരളത്തിലെ നേതൃത്വം നീങ്ങുന്നതെങ്കിൽ അത് പാർട്ടിക്കകത്ത് അല്ലെങ്കിൽ പാർട്ടി ഫോറത്തിൽ പറയേണ്ട കാര്യമാണ്. അത് പത്രസമ്മേളനം വിളിച്ച് പറഞ്ഞാൽ ഇരിക്കുന്ന പദവിയുടെ അന്തസിന് നിരക്കുന്ന കാര്യമാണോ? യുഡിഎഫ് കൺവീനറുടെ വ്യക്തിപരമായ കാര്യമാണോ അതോ യുഡിഎഫിന്റെ പൊതുവായ താൽപര്യമാണോ അദ്ദേഹം പറഞ്ഞത്?’’– രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.
കേരളത്തിൽ പാർട്ടിയില്ലെന്നും, നേതാക്കളെല്ലാം മന്ത്രിമാരാണെന്നും ഉണ്ണിത്താൻ പറഞ്ഞു. കെപിസിസി പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് പ്രസിഡന്റ്, 2 വർക്കിങ് പ്രസിഡന്റുമാരെല്ലാം മന്ത്രിമാരാണ്. കേരളത്തിൽ ഇതുവരെ പാർട്ടിയുടെ തലപ്പത്തുള്ള ആളുകൾ ഇത്രയുമധികം ക്യാബിനറ്റിൽ വന്നിട്ടില്ല. കെപിസിസി പുനഃസംഘടിപ്പിക്കണമെന്ന് ആയിരം തവണ ആവശ്യപ്പെട്ടതാണ്. കെപിസിസിക്ക് പുതിയ നേതൃത്വം വന്നാൽ പല പ്രശ്നങ്ങളും മാറും. കേരളത്തിലെ 14 ജില്ലകളിലും പുതിയ നേതൃത്വം വന്നാൽ കാര്യങ്ങൾ പരിഹാരിക്കാനാകും.’’– ഉണ്ണിത്താൻ പറഞ്ഞത്.
എഐസിസിക്ക് പരാതി നൽകുമെന്നാണ് അടൂർ പ്രകാശ് പറഞ്ഞത്. അങ്ങനെയെങ്കിൽ അവർ ഉചിതമായി തീരുമാനമെടുക്കുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. അദ്ദേഹം മുതിർന്ന നേതാവാണ്, അദ്ദേഹത്തെ നിയമിച്ചത് എഐസിസിയാണ്. അതുകൊണ്ട് അവർ നിലപാട് അറിയിക്കുമെന്നും മുഖ്യമന്ത്രിയും യുഡിഎഫ് കൺവീനറും മറ്റു നേതാക്കളുമായി ചർച്ച ചെയ്താണ് ഞാൻ തീരുമാനമെടുക്കുന്നതെന്നും സണ്ണി ജോസഫ് പറഞ്ഞു.

