KSDLIVENEWS

Real news for everyone

കൊൽക്കത്തയിൽ മഹാരാവ്; ഇന്ത്യ- ബ്രസീൽ മത്സരം ഇന്ന് രാത്രി 7.30ന് സാൾട്ട് ലേക്

SHARE THIS ON

ഇന്ത്യൻ ഫുട്ബാളിന്റെ മക്കയെന്നറിയപ്പെടുന്ന സാൾട്ട് ലേക്ക് സ്റ്റേഡിയം ഇന്ന് ചരിത്രത്തിലേക്ക് പന്ത് തട്ടുന്നു. ലോക ഫുട്ബാളിലെ ഇതിഹാസങ്ങളുടെ പട്ടികയിൽ പേരുള്ളവർ മൈതാനത്തിറങ്ങി വിസ്മയം തീർക്കുന്ന മഹാരാവ്. ഇതാദ്യമായി ബ്രസീലിന്റെ സാംബാ നൃത്തത്തിനെതിരെ പ്രതിരോധത്തിന്റെ ഹിമാലയം തീർക്കാൻ ഇന്ത്യ ഇറങ്ങുന്നു. കാനറി സംഘത്തിന് ലക്ഷക്കണക്കിന് ആരാധകരുള്ള മണ്ണ് കൂടിയാണിത്. സ്വഭാവികമായും രണ്ട് ടീമിന് വേണ്ടിയും ഒരേ താളത്തിൽ കൈയടികൾ ഉയരും. മത്സരഫലത്തിലേക്കല്ല, കളിയുടെ സൗന്ദര്യത്തിലേക്കായിരിക്കും ആരാധകർ ഉറ്റുനോക്കുക.

താരതമ്യം സാഹസം

ലോക റാങ്കിങ്ങിൽ അഞ്ചും 138ഉം സ്ഥാനങ്ങളിൽ നിൽക്കുന്ന ബ്രസീൽ, ഇന്ത്യ ടീമുകളെ കളിക്കളത്തിൽ താരതമ്യം ചെയ്യാനാവില്ല. അഞ്ചുതവണ ലോകകിരീടത്തിൽ മുത്തമിട്ടവരോടാണ് ഒരിക്കൽപോലും വിശ്വഫുട്ബാളിന്റെ മൈതാനത്ത് പന്തുതട്ടാത്ത ബ്ലൂ ടൈഗേഴ്സ് മുട്ടുന്നത്. ഇത് പക്ഷേ, ഇന്ത്യൻ ഫുട്ബാളിലെ മാറ്റങ്ങളുടെ ചരിത്രത്തിലേക്ക് ചേർത്തെഴുതാവുന്ന അധ്യായമായിരിക്കുമെന്നതിൽ സംശയമില്ല. ചെറിയ റാങ്കിലുള്ള ടീമുകളോടാണ് ഇന്ത്യ പതിവായി പോരിനിറങ്ങാറ്. എന്നാൽ, ബ്രസീൽ പോലെ കരുത്തരിൽ കരുത്തരുമായി നേർക്കുനേരങ്കത്തിന് അവസരം ലഭിക്കുന്നത് വലിയ കാര്യമാണ്. ഏത് വമ്പനോടും കൊമ്പുകോർക്കാനുള്ള ധൈര്യവും ആത്മവിശ്വാസവും ഇന്ത്യൻ താരങ്ങൾക്ക് ഇത്തരം മത്സരങ്ങൾ സമ്മാനിക്കും.

ഒന്നാം നിരയുമായി കാനറികൾ

കാർലോ ആഞ്ചലോട്ടിക്കുകീഴിൽ ബ്രസീലിന്റെ ഒന്നാംനിര തന്നെയാണ് എത്തിയിരിക്കുന്നത്. യൂറോപ്പിലെ വമ്പൻ ക്ലബുകളിൽ തിളങ്ങിനിൽക്കുന്ന ലോകോത്തര താരങ്ങളുടെ സംഘം. ഏറ്റവും ഒടുവിൽ നടന്ന അന്താരാഷ്ട്ര മത്സരത്തിൽ ആസ്‌ട്രേലിയയെ 4-2ന് തോൽപിച്ച മികച്ച ഫോമിലാണ് ബ്രസീൽ. വിനീഷ്യസ് ജൂനിയർ, എൻഡ്രിക് (ഇരുവരും റയൽ മഡ്രിഡ്), മാർക്വിഞ്ഞോസ് (പി.എസ്.ജി) തുടങ്ങിയവരൊക്കെ സംഘത്തിലുണ്ട്. കാനറികളുടെ മുന്നേറ്റനിര ലോകത്തെ ഏത് പ്രതിരോധത്തെയും തകർക്കാൻ ശേഷിയുള്ളതാണ്. ആസ്‌ട്രേലിയക്കെതിരെ മികച്ച ഫോമിൽ കളിച്ചാണ് വിനിയുടെ വരവ്. പരിക്കേറ്റ റഫീഞ്ഞ ഇല്ലാത്തതാണ് ഏക കുറവ്. ബ്രൂണോ ഗ്വിമാരസിനെപ്പോലെയുള്ള മിഡ്ഫീൽഡർമാർ ഉള്ളതിനാൽ പന്തിന്റെ നിയന്ത്രണം സൂക്ഷിക്കാൻ ബ്രസീലിന് സാധിക്കും. ആക്രമണത്തിന് കൂടുതൽ പ്രാധാന്യം നൽകുമ്പോൾ പ്രതിരോധത്തിൽ ചില പിഴവുകൾ വരാറുണ്ട്. ആസ്‌ട്രേലിയക്കെതിരെ രണ്ട് ഗോളുകൾ വഴങ്ങേണ്ടി വന്നത് ഇതിന് തെളിവാണ്.

ഇന്ത്യക്ക് പരീക്ഷണം

ഇന്ത്യക്ക് തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും വലിയ പരീക്ഷണമാണ് ഈ മത്സരം. ഈ വർഷം മാർച്ചിൽ ഹോങ്കോങ്ങിനെ 2-1ന് തോൽപിക്കുകയും ഏതാനും ദിവസം മുമ്പ് പാനമയുമായി 1-1ന് സമനില പിടിക്കുകയും ചെയ്ത ഖാലിദ് ജമീൽ സംഘം മികച്ച പ്രകടനമാണ് ലക്ഷ്യമിടുന്നത്. ലോകോത്തര താരങ്ങൾക്കെതിരെ കളിക്കുന്നത് ഇന്ത്യൻ യുവതാരങ്ങൾക്ക് വലിയ അനുഭവസമ്പത്തായിരിക്കും.

പ്രതിരോധ നിരയുടെ കെട്ടുറപ്പും ഗോൾകീപ്പർ ഗുർപ്രീത് സിങ് സന്ധുവിന്റെ പ്രകടനവും നിർണായകമാകും. വലിയ ടീമുകൾക്കെതിരെ പ്രതിരോധ കോട്ട കെട്ടി കൗണ്ടർ അറ്റാക്ക് ചെയ്യുക എന്നതായിരിക്കും ഇന്ത്യയുടെ പ്രധാന തന്ത്രം. ലാലിയൻസുവാല ചാങ്‌തേ, മലയാളി താരങ്ങളായ സഹൽ അബ്ദുൽ സമദ്, ആഷിഖ് കുരുണിയൻ തുടങ്ങിയവർ ബ്രസീലിയൻ പ്രതിരോധം മുറിച്ചുകടക്കുമോയെന്നാണ് അറിയേണ്ടത്. സ്ട്രൈക്കർ മുഹമ്മദ് സനാനും ഡിഫൻഡർ ബിജോയ് വർഗീസുമാണ് ടീമിലെ മറ്റു മലയാളികൾ. പാനമക്കെതിരെ തകർപ്പൻ പ്രകടനം നടത്തിയ സ്റ്റാർട്ടിങ് ഇലവൻ തുടരാനാണ് സാധ്യത. സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലെ പതിനായിരക്കണക്കിന് കാണികളുടെ ആവേശമായിരിക്കും ഇന്ത്യയുടെ പ്രധാന ഊർജം.

സമ്മർദമുണ്ട്- ഖാലിദ് ജമീൽ

കൊൽക്കത്ത: ലോകത്തിലെ ഏറ്റവും കരുത്തുറ്റ ടീമുകളിലൊന്നാണ്‌ ബ്രസീലെന്നും അവർക്കെതിരെ കളിക്കുമ്പോൾ സ്വഭാവികമായും സമ്മർദമുണ്ടെന്നും ഇന്ത്യൻ പരിശീലകൻ ഖാലിദ് ജമീൽ. എങ്കിലും ശുഭാപ്‌തി വിശ്വാസത്തോടെയാണ്‌ ഇറങ്ങുകയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യൻ ഫുട്ബാളിലെ ഏറ്റവും മികച്ച മത്സരമാണ്‌ നടക്കാൻ പോകുന്നത്‌. അപ്പുറത്ത് ബ്രസീൽ ആയതിനാൽ ഒരു പിഴവും പാടില്ല. അങ്ങനെ സംഭവിച്ചാൽ ഭവിഷ്യത്ത്‌ അനുഭവിക്കേണ്ടിവരും. കളിക്കാരോട്‌ അവരുടെ 100 ശതമാനവും കളത്തിൽ അർപ്പിക്കാനാണ്‌ ആവശ്യപ്പെട്ടിരിക്കുന്നതെന്നും ജമീൽ പറഞ്ഞു. ബ്രസീലിനെ തടയുക കടുപ്പമാണെന്ന് ഇന്ത്യൻ ഡിഫൻഡർ അൻവർ അലി അഭിപ്രായപ്പെട്ടു.

ആരെയും വിലകുറച്ചു കാണില്ല-ആഞ്ചലോട്ടി

കൊൽക്കത്ത: പാനമക്കെതിരെ ഇന്ത്യ നന്നായി കളിച്ചുവെന്നും ആരെയും വില കുറച്ച് കാണുന്നില്ലെന്നും ബ്രസീൽ കോച്ച് കാർലോസ് ആഞ്ചലോട്ടി പറഞ്ഞു. ആദ്യമായാണ് ഇന്ത്യയിൽ കളിക്കുന്നത്. അതിൽ സന്തോഷമുണ്ടെന്നും ആഞ്ചലോട്ടി കൂട്ടിച്ചേർത്തു. ബ്രസീലിന് ഏറെ ആരാധകരുള്ള രാജ്യമാണ് ഇന്ത്യയെന്നും ഏറ്റവും മികച്ച പ്രകടനം നടത്താൻ ശ്രമിക്കുമെന്നും ബ്രസീൽ ക്യാപ്റ്റൻ മാർക്വിഞ്ഞോസ് പറഞ്ഞു. ലോകകപ്പിലേറ്റ തിരിച്ചടി ടീം മറന്നു. നല്ല രീതിയിൽ മുന്നോട്ട് പോകാനാണ് ശ്രമം. ബ്രസീൽ ടീം ജഴ്സി ധരിക്കുമ്പോൾ അത് വലിയ ഉത്തരവാദിത്തമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!