KSDLIVENEWS

Real news for everyone

നെടുമ്പാശ്ശേരി അപകടം: മിനി കൂപ്പറിലുണ്ടായിരുന്നത് നാലുപേർ: 19കാരന് മദ്യം വിളമ്പിയ ബാറുകൾക്കെതിരെ കേസ്

SHARE THIS ON

കൊച്ചി: നെടുമ്പാശ്ശേരിയിൽ സ്കൂട്ടറിൽ കാറിടിച്ച് രണ്ട് യുവതികൾ ഉൾപ്പെടെ മൂന്ന് പേർ മരിച്ച സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. കേസിലെ പ്രതിയായ സുഹൈൽ സജീവ് ഓടിച്ചിരുന്ന മിനി കൂപ്പറിൽ അപകടസമയത്ത് നാലുപേരുണ്ടായിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. സുഹൈൽ സജീവിനും നിനവിനും പുറമെ രണ്ടുപേർ കൂടി കാറിന്റെ പിൻസീറ്റിലുണ്ടായിരുന്നു. ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇരുവരുടെയും അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നാണ് പൊലീസ് നൽകുന്ന വിവരം.

അപകടത്തിൽപ്പെട്ട കാർ ഓടിച്ച സുഹൈലിന് മദ്യം വിളമ്പിയ മൂന്ന് ബാറുകൾക്കെതിരെ നടപടിയുണ്ടാകും. ഇതുസംബന്ധിച്ച് എക്സൈസ് മന്ത്രി നിർദേശം നൽകിയിട്ടുണ്ട്. ബാർ ഉടമകൾക്കെതിരെ കേസെടുക്കുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാൻ എക്സൈസ് കമ്മീഷണർക്കും എറണാകുളം എക്സൈസ് ജോയിന്റ് കമ്മീഷണർക്കും നിർദേശം നൽകിയതായാണ് വിവരം. 19കാരനായ സുഹൈൽ വിവിധ ബാറുകളിൽ കയറി മദ്യപിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്.

സുഹൈൽ മറ്റ് ലഹരിവസ്തുക്കൾ ഉപയോഗിച്ചിരുന്നോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. അപകടത്തിന്റെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ കണ്ടെത്താനുള്ള ശ്രമവും തുടരുകയാണ്. സുഹൈലിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നതിനുള്ള നടപടികളും പൊലീസ് ആരംഭിച്ചിട്ടുണ്ട്. കാറിലുണ്ടായിരുന്ന മറ്റുള്ളവരുടെ പങ്കും അന്വേഷണപരിധിയിലുണ്ട്.

കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ രണ്ടുമണിയോടെയായിരുന്നു അപകടം. നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപത്തെ ചായക്കടയിൽ നിന്ന് ചായ കുടിച്ചശേഷം അത്താണി ഭാഗത്തേക്ക് സ്കൂട്ടറിൽ പോകുകയായിരുന്നു ഇജാസ്, ഗോപിക, ദേവിക എന്നിവർ. അമിതവേഗത്തിലെത്തിയ മിനി കൂപ്പർ സ്കൂട്ടറിന് പിന്നിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ മൂവരും മരിച്ചു. മരിച്ച മൂന്നുപേരും തൃക്കാക്കരയിലെ സുക്കോയ ക്രാഫ്റ്റ് ഷോപ്പിലെ ജീവനക്കാരായിരുന്നു.

അപകടത്തിനുശേഷം നാട്ടുകാർ കാർ ഡ്രൈവറായ സുഹൈലിനെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. സുഹൈൽ മദ്യലഹരിയിലായിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. അപകടസമയത്ത് കാർ മണിക്കൂറിൽ 218 കിലോമീറ്റർ വേഗത്തിലായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. സുഹൈലിന്റെ പിതാവിന്റെ പേരിലുള്ളതാണ് വാഹനം.

വൈദ്യപരിശോധനയ്ക്കായി സുഹൈലിനെ ആശുപത്രിയിലെത്തിച്ചപ്പോൾ മർദനമേറ്റിരുന്നു. ആശുപത്രിക്ക് പുറത്തുണ്ടായിരുന്ന യുവാവാണ് പ്രതിയെ മർദിച്ചത്. സംഭവത്തിൽ കൂടുതൽ തെളിവുകൾ ശേഖരിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!