KSDLIVENEWS

Real news for everyone

മാസപ്പടി കേസിൽ സർക്കാരിന് തിരിച്ചടി; എഫ്ഐആർ ഇല്ലാതെ എസ്ഐടി രൂപീകരിച്ചത് നിയമവിരുദ്ധം, സർക്കാർ ഉത്തരവ് റദ്ദാക്കി കോടതി

SHARE THIS ON

അഴിമതി തടയൽ നിയമപ്രകാരം ഉടൻ കേസെടുക്കണമെന്നും മതിയായ തെളിവുകൾ ഉണ്ടെന്നും കോടതി വ്യക്തമാക്കി. കാലതാമസം ഇല്ലാതെ അന്വേഷണം പൂർത്തിയാക്കണം.
കൊച്ചി: മാസപ്പടി കേസിൽ എസ്ഐടി രൂപീകരിച്ച സർക്കാർ ഉത്തരവ് റദ്ദാക്കി കോടതി. എഫ്ഐആർ ഇടാതെ എസ്ഐടി രൂപീകരിച്ചത് നിയമവിരുദ്ധമാണെന്ന് കോടതി ചൂണ്ടിക്കാട്ടുന്നു. വിജിലൻസിന് എഫ്ഐആർ ഇട്ട് അന്വേഷിക്കാം. അഴിമതി തടയൽ നിയമപ്രകാരം ഉടൻ കേസെടുക്കണമെന്നും മതിയായ തെളിവുകൾ ഉണ്ടെന്നും കോടതി വ്യക്തമാക്കി. കാലതാമസം ഇല്ലാതെ അന്വേഷണം പൂർത്തിയാക്കണമെന്നും കോടതി നിര്‍ദേശിച്ചു. എല്ലാ തെളിവുകളും ഉടൻ വിജിലൻസിന് കൈമാറണം.

പിണറായിക്കും റിയാസിനും കനത്ത തിരിച്ചടി

അതേ സമയം, മാസപ്പടിയില്‍ ഇഡി നല്‍കിയ കത്തില്‍ പിണറായിക്കും റിയാസിനും കനത്ത തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. ഇരുവര്‍ക്കുമെതിരെ അഴിമതി തടയല്‍ നിയമപ്രകാരം കേസെടുത്ത് അന്വേഷണം നടത്താന്‍ ഹൈക്കോടതി ഉത്തരവ്. പ്രാഥമിക അന്വേഷണത്തിന് ശേഷം കേസെന്ന സര്‍ക്കാര്‍ വാദം തള്ളിയാണ് കോടതി നടപടി. മുദ്രവച്ച കവറില്‍ ഇഡി സമര്‍പ്പിച്ച തെളിവുകളും നിര്‍ണായകമായി.

സിഎംആര്‍എല്‍ എക്സാലോജിക്ക് സാമ്പത്തിക ഇടപാടില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും മുന്‍ മന്ത്രി പി.എ.മുഹമ്മദ് റിയാസും പ്രതിപട്ടികയിലേക്ക്. ഇഡി കത്തില്‍ എഫ് ഐ ആര്‍ ഇടാതെ പ്രാഥമിക അന്വേഷണം തുടരുന്നതിനിടെയാണ് അഴിമതി തടയല്‍ നിയമ പ്രകാരം എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഹൈക്കോടതിയുടെ നിര്‍ണായക ഉത്തരവ്.

കണ്‍മുന്നില്‍ അഴിമതിക്ക് വ്യക്തമായ തെളിവുകളുണ്ടായിട്ടും കേസെടുത്ത് മുന്നോട്ട് പോകുന്നതിന് പകരം ക്രൈംബ്രാഞ്ചിന്‍റെ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് പ്രാഥമിക അന്വേഷണം നടത്താനുള്ള സര്‍ക്കാരിന്‍റ തീരുമാനത്തെയാണ് ഹര്‍ജിക്കാരന്‍ ചോദ്യം ചെയ്തത്. ഇതിനൊപ്പം കോടതിയില്‍ മുദ്രവച്ച കവറില്‍ ഇഡി സമര്‍പ്പിച്ച കണ്ടെത്തലുകളും നിര്‍ണായകമായി. ഇഡി അന്വേഷണത്തില്‍ സാമ്പത്തിക ഇടപാടുകളുടെയും ഹവാല കൈമാറ്റത്തിന്‍റെയും വിദേശയാത്രയുടെയുമെല്ലാം തെളിവുകള്‍ ലഭിച്ചിരുന്നു. ഇതെല്ലാം കോടതിക്ക് മുന്നില്‍ സമര്‍പ്പിച്ചു.

ഇവ പൊലീസിന് കൈമാറിയിട്ടും കേസെടുക്കുന്നില്ലെന്ന് വാദിച്ചു. തിരിച്ചറിയാവുന്ന കുറ്റകൃത്യം നടന്നാല്‍ എഫ്‌ഐആർ രജിസ്റ്റർ ചെയ്യേണ്ടത് നിർബന്ധമാണെന്നും ഇനിയൊരു പ്രാഥമിക അന്വേഷണത്തിന്‍റെ ആവശ്യമില്ലെന്നും കോടതിയെ ബോധിപ്പിച്ചു. രേഖകള്‍ മുന്‍നിര്‍ത്തിയുള്ള വാദത്തിനൊടുവിലാണ് എഫ് ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ജസ്റ്റിസ് ബദറുദ്ദിന്‍റെ ഉത്തരവ്.

അഴിമതി തടയില്‍ നിയമപ്രകാരം എഫ് ഐ ആര്‍ റജിസ്റ്റര്‍ ചെയ്യുന്ന മുറക്ക് കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം ഇഡി ഇസിഐആറും ഇടും. സാധാരണ പത്ത് ദിവസമാണ് ഇസിഐആര്‍ റജിസ്റ്റര്‍ ചെയ്യാന്‍ ഇഡി എടുക്കുന്ന സമയമെങ്കില്‍ ഈ കേസില്‍ വിവരങ്ങളെല്ലാം ഇഡിക്ക് മുന്നില്‍ ഉള്ളതിനാല്‍ ഏത് നിമിഷവും തുടര്‍ നടപടികളുണ്ടാകാം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!