KSDLIVENEWS

Real news for everyone

2031-ന് ശേഷം പെട്രോൾ/ഡീസൽ വാഹനങ്ങൾ രജിസ്റ്റർ ചെയ്യില്ല; മലിനീകരണം തടയാൻ നിർദേശവുമായി വിദഗ്ധ സമിതി

SHARE THIS ON

വാഹനങ്ങളിൽ നിന്നുള്ള മലിനീകരണം നിയന്ത്രിക്കുന്നതിനായി സുപ്രധാന നിർദേശങ്ങൾ മുന്നോട്ടുവെച്ച് എയർ ക്വാളിറ്റി മാനേജ്‌മെന്റ് കമ്മീഷൻ നിയോഗിച്ച വിദഗ്ധ സമിതി. ഡൽഹി-എൻആർസി മേഖലയിൽ നിന്ന് 2040-ഓടെ പെട്രോൾ/ഡീസൽ വാഹനങ്ങൾ വാഹനങ്ങൾ പൂർണമായും നീക്കണമെന്നും അന്തരീക്ഷ മലിനീകരണമുണ്ടാക്കുന്ന പുക പുറന്തള്ളാത്ത വാഹനങ്ങളിലേക്ക് മാറണമെന്നുമാണ് വിദഗ്ധ സമിതി സമർപ്പിച്ചിട്ടുള്ള നിർദേശത്തിൽ പറയുന്നത്.

വിവിധ ഘട്ടങ്ങളിലുള്ള ഭാരത് സ്റ്റേജ് മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾ പാലിക്കുന്ന വാഹനങ്ങൾ നിശ്ചിത സമയപരിധി നിശ്ചയിച്ച് നിരത്തുകളിൽ നിന്ന് ഒഴിവാക്കണമെന്നാണ് വിദഗ്ധ സമിതി റിപ്പോർട്ടിലെ മറ്റൊരു നിർദേശം. രാജ്യതലസ്ഥാനത്തെ വായുമലിനീകരണത്തിന് പ്രധാന കാരണങ്ങളിൽ ഒന്നായ വാഹനങ്ങളിൽ നിന്നുള്ള പുക നിയന്ത്രിക്കുന്നതിനുള്ള മാർഗങ്ങൾ എന്ന നിലയിലാണ് 15 അംഗ സമിതിയുടെ റിപ്പോർട്ടിലെ നിർദേശങ്ങൾ.

ബി.എസ്.4 എൻജിൻ വാഹനങ്ങൾ 2030-ഓടെയും ബി.എസ്.6 നിലവാരത്തിലുള്ള ഇരുചക്ര വാഹനങ്ങൾ 2035-ഓടെയും ബി.എസ്.6 നിലവാരം പാലിക്കുന്ന കാറുകൾ 2040-ഓടെയും നിരത്തുകളിൽ നിന്ന് ഒഴിവാക്കണം. 2031 മുതൽ തന്നെ പുതിയ പെട്രോൾ/ഡീസൽ കാറുകളുടെ രജിസ്‌ട്രേഷൻ നിർത്തലാക്കണമെന്നും സമിതിയുടെ നിർദേശത്തിലുണ്ട്. ബി.എസ്.4-ന് താഴെ മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾ പാലിക്കുന്ന വാഹനങ്ങൾ ഡൽഹിയിൽ പ്രവേശിക്കുന്നത് ഉടൻ തടയണമെന്നാണ് സമിതിയുടെ ആവശ്യം.

ഈ നിർദേശം നടപ്പിലാക്കിയാൽ വാഹന നയത്തിൽ വലിയ മാറ്റമുണ്ടാകുന്നതിനൊപ്പം ഉപയോക്താക്കൾ ഇലക്ട്രിക് വാഹനങ്ങളിലേക്കും മലിനീകരണമില്ലാത്ത മറ്റ് വാഹനങ്ങളിലേക്കും മാറും. പരമ്പരാഗത വാഹനങ്ങൾക്ക് സുപ്രധാന ബദലായി ഇലക്ട്രിക് വാഹനങ്ങളെയാണ് സമിതി നിർദേശിച്ചിരിക്കുന്നത്. മലിനീകരണം കുറയ്ക്കുന്നതിന് പുറമെ, ഇന്ത്യയിലേക്കുള്ള ഇന്ധന ഇറക്കുമതി വലിയ തോതിൽ കുറയ്ക്കാനും ഈ നിർദേശം സഹായിക്കുമെന്നാണ് കണ്ടെത്തൽ.

ഐ.ഐ.ടി. മദ്രാസിലെ പ്രൊഫസറായ അശോക് ജുൻജുൻവാലയുടെ നേതൃത്വത്തിലുള്ള 15 അംഗ സമിതിയെ 2025 ഡിസംബറിലാണ് എയർ ക്വാളിറ്റി മാനേജ്‌മെന്റ് കമ്മീഷൻ നിയോഗിച്ചത്. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രിലായം, ഹെവി ഇൻഡസ്ട്രീസ് മന്ത്രാലയം, ഓട്ടോമോട്ടീവ് റിസേർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യ, നീതി ആയോഗ് എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികളെ ഉൾപ്പെടുത്തിയാണ് വിദഗ്ധ സമിതിയുടെ നിയോഗിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!