KSDLIVENEWS

Real news for everyone

ഭയപ്പെടാന്‍ ഒന്നുമില്ല, ഈ ഭീരുക്കള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല: ജനാധിപത്യം സംരക്ഷിക്കാന്‍ ഒരുമിച്ച് നില്‍ക്കണം; രാഹുല്‍ ഗാന്ധി

SHARE THIS ON

ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജിക്കായി പ്രക്ഷോഭം ശക്തമായിരിക്കെ, ജനാധിപത്യം സംരക്ഷിക്കാന്‍ ഒരുമിച്ച് നില്‍ക്കാനുള്ള ആഹ്വാനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഭയപ്പെടാന്‍ ഒന്നുമില്ലെന്നും മോദി, അമിത് ഷാ, മോഹന്‍ ഭഗവത് എന്നീ ഭീരുക്കള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും രാഹുല്‍ ഗാന്ധി സമൂഹമാധ്യമങ്ങളില്‍ വീഡിയോ സന്ദേശത്തിലൂടെ പറഞ്ഞു.

‘ഇന്നലെ രാജ്യത്തെ യുവാക്കള്‍ ഡല്‍ഹിയില്‍ സമാധാനപരമായി പ്രതിഷേധിക്കാനായി തെരുവിലിറങ്ങി. വിദ്വേഷമോ ദേഷ്യമോ അല്ല, ഹൃദയം നിറയെ സ്‌നേഹവുമായാണ് അവര്‍ എത്തിയത്. എന്നാല്‍ പൊലീസും ബിജെപി ഗുണ്ടകളും അവരെ മര്‍ദിച്ചു. ഇതല്ല നമ്മള്‍ ആഗ്രഹിക്കുന്ന ഇന്ത്യ. ലിംഗം, ജാതി, സമുദായം, സംസ്ഥാനം തുടങ്ങിയ വ്യത്യാസങ്ങള്‍ക്കതീതമായി ഇന്ത്യക്കാരെന്ന നിലയില്‍ തിങ്കളാഴ്ച നമ്മള്‍ സുപ്രിംകോടതിയിലേക്ക് മാര്‍ച്ച് നടത്തും. യുവാക്കളും എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും സംഘടനകളും, ജനാധിപത്യത്തില്‍ വിശ്വസിക്കുകയും ഇന്ത്യന്‍ ഭരണഘടനയ്ക്കൊപ്പം നിലകൊള്ളുകയും ചെയ്യുന്ന എല്ലാവരും നമ്മളോടൊപ്പം അണിചേരും. വോട്ട് കൊള്ള അവസാനിപ്പിക്കുക, എസ്ഐആര്‍ നിര്‍ത്തിവെക്കുക, ഗ്യാനേഷ് കുമാര്‍ രാജിവെക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് രാജ്യത്തിനുവേണ്ടി ചീഫ് ജസ്റ്റിസിന് നിവേദനം സമര്‍പ്പിക്കും. നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും അജിത് ഡോവലിനും മോഹന്‍ ഭഗവതിനും ഇന്ത്യയുടെ ശബ്ദത്തെ നിശ്ശബ്ദമാക്കാനാവില്ല. ഈ ഭീരുക്കള്‍ക്ക് ഞങ്ങളെ ഭയപ്പെടുത്താനാവില്ല. അവര്‍ക്ക് വഴിമാറിക്കൊടുക്കേണ്ടിവരും. സ്‌നേഹത്തോടെയും സാഹോദര്യത്തോടെയും ദേശസ്‌നേഹത്തോടെയും നമ്മള്‍ ഒരുമിച്ച് മാര്‍ച്ച് ചെയ്യും. ഭയപ്പെടേണ്ട. നാളെ ഇന്ത്യ ഒന്നാകെ സുപ്രിംകോടതിയിലേക്ക് മാര്‍ച്ച് ചെയ്യും’ -രാഹുല്‍ പറഞ്ഞു.

അതേസമയം, ഇന്‍ഡ്യ സഖ്യ നേതാക്കള്‍ക്ക് കൂടിക്കാഴ്ചക്കുള്ള അനുമതി നിഷേധിച്ച് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. ഇന്‍ഡ്യ നേതാക്കള്‍ ഉയര്‍ത്തുന്ന പല വിഷയങ്ങളും നിലവില്‍ സുപ്രിംകോടതിക്ക് മുന്നിലുള്ളതാണെന്നും, ഈ സാഹചര്യത്തില്‍ കൂടിക്കാഴ്ച അനുചിതമാണെന്നും ചീഫ് ജസ്റ്റിസ് ഇ-മെയില്‍ വഴി മറുപടി നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!